ആട്ടിടയന് കൊവിഡ് സ്ഥീരികരിച്ചു; 47 ആടുകള്‍ ക്വാറന്‍റീനില്‍

By Web Team  |  First Published Jul 1, 2020, 3:43 PM IST

ആരോഗ്യ, വെറ്ററിനെറി അധികൃതര്‍ ഉടന്‍ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിന് ശേഷമാണ് 47 ആടുകളെ ഗ്രാമത്തിന് പുറത്ത് ക്വാറന്‍റീനില്‍ ആക്കിയത്.


ബെംഗളൂരു: ആട്ടിടയന് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ 47 ആടുകളെ ക്വാറന്‍റീനില്‍ ആക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ ഗോദ്കെറെ ഗ്രാമത്തിലാണ് സംഭവം. ചിക്കനയകനഹള്ളി വില്ലേജില്‍ ആകെ 300 വീടുകളും 1000 ജനസംഖ്യയുമുണ്ടെന്നാണ് കണക്കുകള്‍. ഇവിടെയാണ് ഒരു ആട്ടിടയന് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിന് ശേഷം ആട് വളര്‍ത്തുന്നയാളിന്‍റെ നാല് ആടുകള്‍ ചത്തതോടെയാണ് സ്ഥിതി രൂക്ഷമായത്. ആരോഗ്യ, വെറ്ററിനെറി അധികൃതര്‍ ഉടന്‍ ഗ്രാമത്തിലെത്തി ആടുകളുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചു. ഇതിന് ശേഷമാണ് 47 ആടുകളെ ഗ്രാമത്തിന് പുറത്ത് ക്വാറന്‍റീനില്‍ ആക്കിയത്. അധികൃതര്‍ എത്തിയതോടെ ഗ്രാമവാസികള്‍ എതിര്‍പ്പുമായി രംഗത്ത് വന്നിരുന്നു.

Latest Videos

ആടുകളെ പിടിച്ചുകൊണ്ടുപോകാനാണ് അധികൃതര്‍ എത്തിയതെന്നായിരുന്നു ഗ്രാമവാസികള്‍ കരുതിയത്. എന്നാല്‍, ആടുകള്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നുവെന്നും പരിശോധന നടത്തണമെന്നുമുള്ള കാര്യങ്ങള്‍ അറിയിച്ച് ഗ്രാമവാസികളെ അധികൃതര്‍ ശാന്തരാക്കി. വിഷയം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും ചത്ത ആടുകളെ പോസ്റ്റ്‍മോര്‍ട്ടം ചെയ്യുമെന്നും മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പി മണിവണ്ണന്‍ പറഞ്ഞു.

ആടുകളില്‍ നിന്ന് ശേഖരിച്ച സ്രവ സാമ്പിളുകള്‍ ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍‍ഡ് വെറ്ററിനെറി ബയോളജിക്കല്‍സില്‍ പരിശോധനയ്ക്കായി അയച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Video: Goats swabbed, isolated after goatherd tests positive for in village pic.twitter.com/jdwrcftcdW

— TOI Bengaluru (@TOIBengaluru)

എന്നാല്‍, മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് വൈറസ് പടരുന്നതായി ഇതുവരെ ഒരു രേഖയുമില്ലെന്ന്  ബെംഗളൂരുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍‍ഡ് വെറ്ററിനെറി ബയോളജിക്കല്‍സ് ഡയറക്ടര്‍ ഡോ എസ് എം ബൈര്‍ഗൗഡ പറഞ്ഞു. പക്ഷേ, ഇവിടെ കിറ്റുകള്‍ ലഭ്യമല്ലാത്തതിനാല്‍ ആടുകളുടെ സ്രവ സാമ്പിള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

click me!