Covid 19 : 407 ജില്ലയിൽ ടിപിആർ ഗൗരവതരമെന്ന് കേന്ദ്രം; രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഫെബ്രുവരി 28 വരെ നീട്ടി

By Web Team  |  First Published Jan 28, 2022, 1:10 AM IST

ദക്ഷിണേന്ത്യയിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്സിനേഷൻ നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും


ദില്ലി: രാജ്യത്തെ കൊവിഡ് ( Covid 19) നിയന്ത്രണങ്ങൾ അടുത്ത മാസം വരെ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലെന്നത് ഗൗരവതരമാണെന്നും അതിനാലാണ് കൊവിഡ്  നിയന്ത്രണങ്ങൾ (Covid Restriction) നീട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നൽകിയ മുൻ നിർദേശങ്ങളുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയതായാണ് ആഭ്യന്തര സെക്രട്ടറി അറിയിച്ചത്. പ്രാദേശികമായ നിയന്ത്രണം ഏർപ്പെടുത്തി രോഗ വ്യാപനം തടയണമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം ദക്ഷിണേന്ത്യയിലെ കൊവിഡ് സ്ഥിതി വിലയിരുത്താൻ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്സിനേഷൻ നിരക്കും ചികിത്സാ സൗകര്യങ്ങളും മന്ത്രി വിലയിരുത്തും. അതിനിടെ രാജ്യത്ത് കൊവിഡ് കണക്കിൽ നേരിയ വർധനവാണ് വ്യാഴായ്ച രേഖപ്പെടുത്തിയത്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് രണ്ട് ലക്ഷത്തി എൺപത്തിയറായിരത്തി മുന്നൂറ്റി എൺപത്തി നാല് പേർക്കാണ്. പോസിറ്റിവിറ്റി നിരക്ക് 19.59 ശതമാനമായി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് 573 പേരാണ് 24 മണിക്കൂറിനിടെ  മരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഏറ്റവും കൂടുതൽ ഒമിക്രോണിൻ്റെ ബി.എ.റ്റു വകഭേദമാണ് എന്ന് എൻസിഡിസി വ്യക്തമാക്കി.

Latest Videos

കൊവിഡ് കുറയുന്നു, തമിഴ്നാട്ടിൽ നിയന്ത്രണങ്ങളിൽ ഇളവ്; രാത്രികർഫ്യു-ഞായറാഴ്ച ലോക്ക്ഡൗൺ ഒഴിവാക്കി, സ്കൂൾ തുറക്കും

അതിനിടെ ദില്ലിയിലും തമിഴ്നാട്ടിലും കൊവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ദില്ലിയിൽ വാരാന്ത്യ കർഫ്യൂ പിൻവലിച്ചു. രാത്രികാല കർഫ്യൂ തുടരുമെന്നും ദില്ലി സർക്കാർ വ്യക്തമാക്കി. തമിഴ്നാട്ടിലാകട്ടെ രാത്രി കർഫ്യൂവും ഞായറാഴ്ച ലോക് ഡൗണും ഒഴിവാക്കി. ഒന്നു മുതൽ 12 വരെ ക്ലാസുകൾ ഫെബ്രുവരി ഒന്ന് മുതൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. തീയേറ്റർ, ഹോട്ടൽ, ജിം, ബാർ എന്നിവിടങ്ങളിൽ 50 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. നിലവിലുള്ള മറ്റ് നിയന്ത്രണങ്ങളെല്ലാം തുടരും. തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.

24 മണിക്കൂറിനിടെ തമിഴ്നാട്ടിൽ 28,515 പേർക്ക് കൂടിയാണ് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 2,13,534 ആയി. 51 മരണം കൂടിയാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 37,412 ആയി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 19.9 ശതമാനം ആയി കുറഞ്ഞതാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം 24.3 ശതമാനം ആയിരുന്നു ടിപിആർ. ചെന്നൈയിലാണ് കൂടുതൽ രോഗികൾ. 5591 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 22.6 ശതമാനം ആണ് ചെന്നൈയിലെ ടിപിആർ.

കേരളത്തിൽ കൂടുതൽ ജില്ലകൾ ബി, സി കാറ്റഗറികളിൽ, കടുത്ത നിയന്ത്രണം, വാർ റൂം വീണ്ടും തുടങ്ങി

click me!