12 ട്രക്കുകൾക്ക് ഒരു കിലോമീറ്റർ നീളത്തിൽ അകമ്പടിയായി 40 വാഹനം; 700 സുരക്ഷാ ഉദ്യോഗസ്ഥർ, അപൂര്‍വ മിഷൻ ഭോപ്പാലിൽ

By Web Desk  |  First Published Jan 2, 2025, 11:30 AM IST

യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ സംഭരിച്ചിരിക്കുന്ന വിഷ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചിരിക്കുകയാണിപ്പോൾ


ഭോപ്പാൽ: ലോകത്തിലെ തന്നെ വലിയ വാതക ദുരന്തം നടന്ന് നാൽപത് വര്‍ഷത്തിന് ശേഷം അത്യപൂര്‍വവും ശ്രമകരവുമായി ഒരു ദൗത്യത്തിലാണ് ഭോപ്പാൽ. യൂണിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽ സംഭരിച്ചിരിക്കുന്ന വിഷ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ ആരംഭിച്ചിരിക്കുകയാണിപ്പോൾ.  1984 ഡിസംബർ 2-ന് രാത്രിയിലായിരുന്നു യൂണിയൻ കാർബൈഡ് പ്ലാൻ്റിൽ നിന്ന് മീഥൈൽ ഐസോസയനേറ്റ് (എംഐസി) വാതകം വൻതോതിൽ പുറന്തള്ളപ്പെട്ടത്. ഇത് നഗരത്തെ ഗ്യാസ് ചേമ്പറായി മാറ്റുകയായിരുന്നു. ദുരന്തം 15,000-ത്തിലധികം ആളുകളുടെ ജീവനെടുക്കുകയും 600,000-ത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തുവെന്നാണ് കണക്ക്.

എംഐസി ഉൽപ്പാദിപ്പിക്കാൻ ഉപയോഗിച്ച സെവൻ എന്ന കീടനാശിനിയുടെയും മറ്റ് രാസവസ്തുക്കളുടെയും അവശിഷ്ടങ്ങൾ ഉൾപ്പെടെ ഏകദേശം 337 മെട്രിക് ടൺ വിഷ മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കാൻ 250 കിലോമീറ്റർ അകലെയുള്ള പിതാമ്പൂരിലേക്കാണ് കൊണ്ടുപോകുന്നത്. രാജ്യത്ത് ഇതുവരെ കാണാത്ത കനത്ത സുരക്ഷാ സംവിധാനങ്ങളാണ് മാലിന്യ നീക്കത്തിനായി ഒരുക്കിയിരിക്കുന്നത്.

Latest Videos

ഇന്നലെ രാത്രിയോടെയാണ് മാലിന്യം വഹിച്ചുള്ള സീൽ ചെയ്ത കണ്ടെയ്നറുകൾ ഭോപ്പാലിൽ നിന്ന് പുറപ്പെട്ടത്. ഗ്രീൻ ചാനൽ വഴി വൻ വാഹന വ്യൂഹമായാണ് മാലിന്യം നീക്കം ചെയ്യുന്നത്. ഒരു കിലോമീറ്ററോളം നീളുന്ന 40 വാഹനങ്ങളുടെ അകമ്പടിയിലാണ് ട്രക്കുകൾ സഞ്ചരിക്കുന്നത്. വഴിയിൽ ഒരു സ്റ്റോപ്പ് പോലുമില്ലാതെ പിതാംപൂർ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിലേക്ക് നോഹോൾട്ടായാണ് യാത്ര. ട്രക്കിന് ചുറ്റും സുരക്ഷാ സംവിധാനങ്ങളുമായി വിന്യസിച്ചതാകട്ടെ 700 ഉദ്യോഗസ്ഥരെ. 

ഹൈക്കോടതിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ മാലിന്യ നീക്കത്തിന് പദ്ധതിയൊരുക്കിയത്. നിങ്ങൾ മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുകയാണോ എന്നതടക്കമുള്ള കോടതിയുടെ കടുത്ത ഭാഷയിലുള്ള വിമര്‍ശനത്തിന് പിന്നാലെയാണ് നാൽപത് വര്‍ഷത്തെ പ്രതിസന്ധി നിറഞ്ഞ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുന്നത്.

വൻ ട്വിസ്റ്റ്; ഉപേക്ഷിക്കപ്പെട്ട കാറിൽ 52 കിലോ സ്വർണവും 11 കോടിയും കിട്ടിയതിൽ മുൻ കോൺസ്റ്റബിളിലേക്ക് അന്വേഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!