രാജ്യത്തെ 25 കോടി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്, വിദ്യാഭ്യാസ രംഗം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍-ഡിജിറ്റല്‍ തലത്തിലേക്ക് മാറ്റുമെന്ന് കേന്ദ്രസര്‍ക്കാർ പറയുമ്പോഴാണ് ഈ ചോദ്യങ്ങളുയരുന്നത്
ദില്ലി: ടിവി ചാനലടക്കം, രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ, ഓണ്‍ലൈന്‍ ഡിജിറ്റല്‍ തലങ്ങളിലേക്ക് മാറ്റുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകാന്‍ കടമ്പകളേറെ. ആകെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്കേ ഇന്‍റര്‍നെറ്റ് , ടെലിവിഷന്‍ സൗകര്യങ്ങളുള്ളൂ. പ്രഖ്യാപനത്തിന്‍റെ പ്രായോഗികതയെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
രാജ്യത്തെ 25 കോടി വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട്, വിദ്യാഭ്യാസ രംഗം മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍-ഡിജിറ്റല്‍ തലത്തിലേക്ക് മാറ്റുമെന്ന് കേന്ദ്രസര്‍ക്കാർ പറയുമ്പോഴാണ് ഈ ചോദ്യങ്ങളുയരുന്നത്. ജനസംഖ്യയുടെ 66 ശതമാനവും ഗ്രാമീണ മേഖലയിലാണ്. ഇതില്‍ 15 ശതമാനത്തിന് മാത്രമാണ് ഇന്‍റര്‍നെറ്റ് സംവിധാനമുള്ളത്. 11 ശതമാനത്തിനേ വീട്ടില്‍ കംപ്യൂട്ടറുള്ളൂ. 24 ശതമാനത്തിന് മാത്രമേ സ്മാർട്ട്ഫോൺ സ്വന്തമായുള്ളൂ. ടെലിവിഷനുള്ളത് 38 ശതമാനം പേര്‍ക്ക് മാത്രമാണ്.
കേരളത്തില്‍ 2.61 ലക്ഷം കുട്ടികള്‍ക്ക് വീട്ടില്‍ ടെലിവിഷനോ ഇന്‍റര്‍നെറ്റ് സേവനമോ ഇല്ല. നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ കണക്ക് മുന്നിലുള്ളപ്പോഴാണ് ഒന്നുമുതല്‍ പന്ത്രണ്ട് ക്ലാസ് വരെ ടി വി ചാനല്‍ തുടങ്ങുമെന്നും, മൊബൈല്‍, ലാപ്പ്ടോപ്പ്, ടാബ് എന്നിവിയിലേക്ക് ക്യൂ ആര്‍ കോഡ് ചെയ്ത പുസ്തകങ്ങള്‍ അയക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകരാജ്യങ്ങളിലെ ശരാശരി ഇന്‍റര്‍നെറ്റ് വേഗത സെക്കന്റിൽ 34 മെഗാബൈറ്റാകുമ്പോള്‍, ഇന്ത്യയിലത് 10 മെഗാബൈറ്റാണ്. ഗ്രാമപ്രദേശങ്ങളിലെ വേഗത നഗരങ്ങളെ അപേക്ഷിച്ച് കുറവാണ്. ടിവി വഴിയുള്ള പഠനത്തിന് ഗ്രാമങ്ങളിൽ മുടങ്ങാതെ വൈദ്യുതി എത്തണം എന്ന കടമ്പയുമുണ്ട്.