ട്രാൻസ്‌പോസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറിസ് (ടിജിഎ) എന്ന അപൂർവ ഹൃദ്രോഗം ബാധിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് പുതുജന്മം നൽകി ഫരീദാബാദിലെ ഡോക്ടര്‍മാര്‍.
ദില്ലി: ട്രാൻസ്‌പോസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറിസ് (ടിജിഎ) എന്ന അപൂർവ ഹൃദ്രോഗം ബാധിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന് പുതുജന്മം നൽകി ഫരീദാബാദിലെ ഡോക്ടര്‍മാര്‍. ശിശുരോഗ വിദഗ്ധരും ഹൃദ്രോഗ വിദഗ്ധരും അടങ്ങുന്ന ഒരു സംഘം നടത്തിയ സങ്കീര്‍ണമായ നടപടിക്രമങ്ങളുള്ള, ഓപ്പറേഷനിലൂടെയാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞതെന്നും ആദ്യമായാണ് ഈ ഓപ്പറേഷൻ നടക്കുന്നതെന്നും സര്‍വോദയ ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിട്ടുമാറാത്ത ജലദോഷം, പനി, മുലയൂട്ടുന്നത് നിരസിക്കുക, ആവർത്തിച്ചുള്ള ന്യുമോണിയ, ചർമ്മത്തിന് നീലകലർന്ന നിറം എന്നീ ലക്ഷണങ്ങളോടെ ആയിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജനനസമയം മുതൽ മതിയായ ഭാരക്കുറവ് തുടങ്ങിയ പ്രശ്നങ്ങളും കുഞ്ഞിന് ഉണ്ടായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനെ സമീപത്തെ പല ഡോക്ടർമാരെ കാണിച്ചിട്ടും ആരോഗ്യനിലയിൽ യാതൊരു പുരോഗതിയും ഉണ്ടാവാതായതോടെയാണ് സര്‍വോദയയിലെത്തി ചികിത്സ ആരംഭിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
undefined
കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഉണ്ടാകുന്ന ഒരു തരം വൈകല്യമാണ് ടിജിഎ. ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രണ്ട് ധമനികളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത്. അവ പ്രവര്‍ത്തനത്തിന് ആവശ്യമായ രീതിയിൽ ശരീരത്തിൽ ബന്ധിപ്പിക്കപ്പെടാതിരിക്കുകയും വിപരീതമായി ബന്ധിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ് ഈ അവസ്ഥയെന്നും ഡോക്ടര്‍മാര‍് വിശദീകരിക്കുന്നു.
അതേസമയം, ഓപ്പറേഷൻ നടത്തിയ കുട്ടിക്ക് ഹൃദയത്തിൽ ദ്വാരവും കണ്ടെത്തിയിരുന്നതായി സര്‍വോദയയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കഠിനമായ പൾമണറി ആർട്ടീരിയൽ ഹൈപ്പർടെൻഷനോടൊപ്പം വെൻട്രിക്കുലാർ സെപ്റ്റൽ ഡിഫെക്റ്റ് എന്നറിയപ്പെടുന്ന, ഹൃദയത്തിൽ ഇടത്, വലത് വെൻട്രിക്കിളുകൾക്കിടയിൽ ഒരു ദ്വാരമുള്ള അവസ്ഥയും ഉണ്ടായിരുന്നു. കുട്ടിയുടെ ഹൃദയം സുഖമമായി പ്രവര്‍ത്തിക്കാനുള്ള സര്‍ജിക്കൽ പ്രക്രിയയാണ് നടന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിയുടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നും, മകന് ജീവൻ തിരിച്ചുനൽകാൻ കാരണക്കാരായ പ്രിയപ്പെട്ട ഡോക്ടര്‍മാര്‍ക്ക് നന്ദി പറയുന്നതായും കുട്ടിയുടെ പിതാവ് പ്രതികരിച്ചു. കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്നും ടൈംസ് നൗ പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു.