Omicron Tamilnadu : ഒറ്റ ദിനത്തിൽ 33 കേസുകൾ, ഞെട്ടി തമിഴ്നാട്; പുതിയ 114 കൊവിഡ് കേസുകൾ, 57 ‘എസ് ജീൻ ഡ്രോപ്പ്’

By Web Team  |  First Published Dec 23, 2021, 4:44 PM IST

സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച 34 ഒമിക്രോൺ കേസുകളിൽ 26 ഉം ജനസാന്ദ്രതയേറിയ ചെന്നൈയിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്


ചെന്നൈ: തമിഴ്‌നാട്ടിൽ ഒറ്റ ദിവസം കൊണ്ട് ഒമിക്രോൺ (Omicron) ആശങ്ക ശക്തമായി. ഇന്ന് മാത്രം 33 പുതിയ ഒമൈക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാനത്ത് ആശങ്ക കനത്തത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 34 ആയി. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളിയാണ്. സ്ഥിരീകരിച്ച 34 ഒമിക്രോൺ കേസുകളിൽ 26 ഉം ജനസാന്ദ്രതയേറിയ ചെന്നൈയിലാണെന്നത് ആശങ്ക വർധിപ്പിക്കുന്നതാണ്. ഒമിക്രോൺ സ്ഥിരീകരിച്ച രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്താൻ നടപടി തുടങ്ങിയെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. മധുരയിൽ 4 കേസുകളും തിരുവാൺമലൈയിൽ രണ്ടും സേലത്ത് ഒന്നുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ച 34 പേരിൽ മൂന്ന് പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യ മന്ത്രി എം സുബ്രഹ്മണ്യൻ വ്യക്തമാക്കി. 

വിവിധ രാജ്യങ്ങളിൽ നിന്ന് തമിഴ്‌നാട്ടിൽ എത്തിയ 114 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 57 പേർക്ക് കൊറോണ വൈറസിന്റെ ‘എസ് ജീൻ ഡ്രോപ്പ്’ വകഭേദം കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാവരുടേയും സാമ്പിളുകൾ ജീനോമിക് സീക്വൻസിംഗ് വിശകലനത്തിനായി ബെംഗളൂരുവിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റെം സെൽ സയൻസ് ആൻഡ് റീജനറേറ്റീവ് മെഡിസിനിലേക്ക് അയച്ചു. ഇതിനിടെ, അടുത്ത മാസം പകുതിയിൽ നടക്കാനിരിക്കുന്ന ജല്ലിക്കട്ടിന് അനുമതി നൽകരുതെന്ന് ഡോക്ടർമാരുടെ കൂട്ടായ്മ സർക്കാരിനോട് ആവശ്യപ്പെട്ടു.

Latest Videos

undefined

അഞ്ച് പേർക്ക് കൂടി ഒമിക്രോൺ, സംസ്ഥാനത്ത് ആകെ 29 രോഗികൾ; ജാഗ്രതാ നിർദ്ദേശം

അതേസമയം കേരളത്തിലും ഒമിക്രോൺ കേസുകൾ കൂടുകയാണ്. സംസ്ഥാനത്ത് ഇന്ന് അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ ആകെ ഒമിക്രോൺ രോഗ ബാധിതരുടെ എണ്ണം 29 ആയി ഉയർന്നു. എറണാകുളം വിമാനത്താവളത്തിലെത്തിയ 4 പേര്‍ക്കും കോഴിക്കോട് സ്വദേശിയായ ഒരാള്‍ക്കുമാണ് ഇന്ന് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും (28, 24) അല്‍ബാനിയയില്‍ നിന്നുമെത്തിയ ഒരാള്‍ക്കും (35) നൈജീരിയയില്‍ നിന്നുമെത്തിയ പത്തനംതിട്ട സ്വദേശിയ്ക്കുമാണ് (40) എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.

യുകെയില്‍ നിന്നും എറണാകുളത്തെത്തിയ 28 വയസുകാരന്‍ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ (21) ബാംഗളൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട് എത്തിയതാണ്. സംസ്ഥാനത്ത് ഇതുവരെ ആകെ 29 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 17 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്.

എറണാകുളത്ത് ഒമിക്രോണ്‍ സ്ഥീരീകരിച്ചവര്‍ ഡിസംബര്‍ 15, 19, 20 തീയതികളിലാണ് എത്തിയത്. പത്തനംതിട്ട സ്വദേശി ഡിസംബര്‍ 14നാണ് നൈജീരിയയില്‍ നിന്നും എറണാകുളത്തെത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കോവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പര്‍ക്ക പട്ടികയിലുണ്ട്. കോഴിക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ ഡിസംബര്‍ 17ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ശേഷം 19ന് കോഴിക്കോട് എത്തുകയായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരുടെ സാമ്പിളുകള്‍ ജനിതക പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ചു. അതിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എല്ലാവരും ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു. ഒമിക്രോൺ കേസുകളുയരുന്ന സാഹചര്യത്തിൽ ഓരോരുത്തരും സ്വയം പ്രതിരോധത്തിന് വേണ്ടി മാസ്ക്കുകൾ ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ക്രിസ്മസ് ആഘോഷങ്ങളാണ് വരാനിരിക്കുന്നത്. ആഘോഷങ്ങളിൽ മാസ്ക് നിർബന്ധമായിരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

'നിയന്ത്രണം കടുപ്പിക്കണം, വാക്സീനേഷൻ കൂട്ടണം', ഒമിക്രോണിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം

അതിനിടെ ഒമിക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് വീണ്ടും കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകി. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കൊവിഡ്, വാക്സീനേഷൻ കൂട്ടണമെന്നും കേന്ദ്രം നിർദ്ദേശം നൽകി. ഓരോ സംസ്ഥാനവും സ്ഥിരീകരിക്കുന്ന ഒമിക്രോൺ കേസുകൾ സൂക്ഷ്മമായി നീരിക്ഷിക്കണം. വ്യാപനം ഉണ്ടാകാതിരിക്കാൻ കരുതൽ നടപടികൾ സ്വീകരിക്കണം. ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച് വേണം നടപടികൾ സ്വീകരിക്കേണ്ടതെന്നും കേന്ദ്രം നിർദ്ദേശിച്ചു.

click me!