മുപ്പത്തേഴായിരം കോടിയിലധികമാണ് ചെലവ്. തുരങ്ക മെട്രോ വരുന്നതോടെ റോഡില്‍ യാത്ര ചെയ്യുന്നതിക്കാൾ പകുതിയിലേറെ സമയ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക
മുംബൈ: മുംബൈയിലെ ആദ്യത്തെ ഭൂഗർഭ മെട്രോ ലൈൻ ജൂലൈയില്‍ പ്രവർത്തനം തുടങ്ങും. മുപ്പത്തിമൂന്നര കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെ കടന്നുപോകുന്ന മെട്രോ ലൈന്‍, നഗരത്തിലെ ഗതാഗത കുരുക്കിന് കുറച്ചെങ്കിലും കുറവുണ്ടാക്കുമെന്നാണ് പ്രതീക്ഷ. മുപ്പത്തേഴായിരം കോടിയിലധികമാണ് മുംബൈ മെട്രോ റെയിൽ കോർപറേഷന്‍ ഇതിനായി ചെലവഴിച്ചത്.
മുംബൈയിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരമായാണ് മൂന്നാമതൊരു മെട്രോ വരുന്നത്. രണ്ടു മെട്രോ പദ്ധതികള്‍ നിലവിലുണ്ട്. എന്നിട്ടും ഗതാഗത പ്രശ്നത്തിന് കാര്യമായ പരിഹാരമില്ല. ഒടുവിലാണ് ഭൂമിക്കടിയിലൂടെയുള്ള പദ്ധതി ആലോചിച്ചത്. ഭൂമിക്കടിയിലൂടെയുള്ള 33.5 കിലോമീറ്റർ തുരങ്ക പാതയാണിത്. ആറെ കോളനിയില്‍ നിന്നാണ് തുടക്കം.
മൊത്തം 27 സ്റ്റേഷനുകള്‍. അതില്‍ 26ഉം ഭൂമിക്കടിയിലാണ്. 56 കിലോമീറ്റര്‍ ഭൂമിയാണ് തുരന്നത്. പണി തുടങ്ങിയത് 2017ലാണ്. കൊവിഡ് കാലത്ത് പണി മുടങ്ങി. ആദ്യ ഘട്ടം ജൂലൈയിൽ കമ്മീഷന്‍ ചെയ്യാനാണ് ഇപ്പോഴത്തെ ആലോചന. ആരെ കോളനി മുതല്‍ ബികെസി വരെയുള്ളതാണ് ആദ്യഘട്ടം. രൂക്ഷമായ ഗതാഗത കുരുക്കുള്ള പ്രദേശമാണിത്. മൊത്തം 260 സർവീസുകൾ. എല്ലാ ആറു മിനിറ്റിലും ഓരോ മെട്രോ. രാവിലെ ആറര മുതല്‍ വൈകിട്ട് പതിനൊന്ന് മണി വരെയാണ് സേവനം.
തുരങ്ക മെട്രോ വരുന്നതോടെ റോഡില്‍ യാത്ര ചെയ്യുന്നതിക്കാൾ പകുതിയിലേറെ സമയ ലാഭമാണ് യാത്രക്കാർക്കുണ്ടാവുക. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയാണ് വേഗത. മുപ്പത്തഞ്ചര കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ 50 മിനിറ്റു മതി. നിരത്തില്‍ രണ്ടു മണിക്കൂറിലേറെ വേണം. ധാരാവില്‍ നിന്നും ബികെസിയിലേക്കുള്ള 145 മീറ്റര്‍ നദിക്ക് അടിയിലൂടെയാണ് നദിക്കടിയില്‍ തുരങ്കമുള്ള ഇന്ത്യയിലെ രണ്ടാമത്തെ മെട്രോയെന്ന പേര് ഇനി മുംബൈക്ക് സ്വന്തം. ആദ്യത്തേത് കൊൽക്കത്തയിലാണ്. മുംബൈയിലെ മറ്റ് മെട്രോ ലൈനുകൾ, റെയിൽവേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കെല്ലാം ഇത് ബന്ധിപ്പിക്കുന്നുവെന്നതാണ് ഏറ്റവും ഗുണമുള്ള കാര്യം. തുരങ്ക പാതയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കാൻ ഇനിയും എട്ട് മാസമെടുത്തേക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം