30 ലക്ഷം കടം, ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ അതിബുദ്ധി; മറ്റൊരാളെ ചുട്ടുകൊന്ന ഡോക്ടർ പിടിയിൽ, ക്രൂരമായ സംഭവം യുപിയിൽ

By Sangeetha KS  |  First Published Dec 29, 2024, 5:58 PM IST

പ്രതി ജോലി ചെയ്യുന്ന ആശുപത്രിയിൽ ദിനവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 32 കാരനായ സോനുവിനെ മദ്യപിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു.


മീററ്റ്: സ്വന്തം മരണം വ്യാജമായി ചിത്രീകരിയ്ക്കാനായി മറ്റൊരാളെ ചുട്ടു കൊലപ്പെടുത്തി ഡോക്ടറായ യുവാവ്. ഉത്തർപ്രദേശിലെ സഹരൻപൂരിലാണ് സംഭവം. 30 ലക്ഷം രൂപയുടെ കടമുള്ള ഡോ. മുബാറിക് അഹമ്മദ് (35) ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് ഇങ്ങനെ ചെയ്തതെന്ന് പോലീസ് സൂപ്രണ്ട് (എസ്പി) അഭിമന്യു മംഗ്ലിക് പറഞ്ഞു. 

പ്രതി സ്വന്തമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കാറിനുള്ളിൽ മൃതദേഹം കത്തിച്ചാണ് വ്യാജ മരണമാക്കാൻ ശ്രമിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. മരിച്ചുവെന്ന വാർത്ത പുറത്തു വന്നാൽ ഭാര്യയെയും കുടുംബത്തെയും വിട്ട് മരണ സർട്ടിഫിക്കറ്റോടെ ഇൻഷുറൻസ് തുക ക്ലെയിം ചെയ്യുക എന്നുള്ളതായിരുന്നു അടുത്ത നീക്കമെന്ന് എസ് പി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

Latest Videos

പ്രതി ജോലി ചെയ്യുന്ന ആശുപത്രിയിൽ ദിനവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 32 കാരനായ സോനുവിനെ മദ്യപിക്കാനായി വിളിച്ചു വരുത്തുകയായിരുന്നു. ഡിസംബർ 22 നാണ് മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഇയാളെ വിളിച്ചത്. 

പിന്നീട് ബോധരഹിതനാകുന്നതു വരെ  സോനുവിന് മദ്യം നൽകി. പിന്നീട് ഇയാളെ സഹരൻപൂരിലെ ഒരു കനാലിനടുത്തുള്ള ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി വാഹനത്തിനുള്ളിൽ പൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ശേഷം കത്തിക്കരിഞ്ഞ ശരീരം ഉപേക്ഷിച്ച് ഡോക്ടർ ഒളിവിൽ പോയി. 

തിങ്കളാഴ്ചയോടെ നാട്ടുകാരിലൊരാൾ കാർ കത്തിയ നിലയിൽ കാണുകയും പോലീസിൽ അറിയിക്കുകയും ചെയ്തു. ഉടൻ ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടയിൽ ഡോക്ടറെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. അഭ്യൂഹങ്ങൾ പരന്നതോടെ സോനുവിനെ അവസാനമായി കണ്ടത് മുബാറിക്കിനൊപ്പം മദ്യപിക്കുന്നതായിട്ടായിരുന്നുവെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു. പിന്നീട് ഡോ. മുബാറിക് അഹമ്മദിനെ കണ്ടെത്തുകയായിരുന്നു. ഐപിസി സെക്ഷൻ 302 , 201 പ്രകാരം പോലീസ് കേസെടുത്തു. 

വാതിലിൽ മുട്ട് കേൾക്കാം, ചിലപ്പോൾ 'പൊലീസുകാരും' വന്നേക്കാം, സൂക്ഷിക്കണം; ഡിജിറ്റൽ അറസ്റ്റിന്റെ പുതിയ രൂപം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!