ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം, കത്വയിൽ പരിശോധന തുടരുന്നു

By Web Team  |  First Published Sep 11, 2024, 5:27 PM IST

10 വർഷത്തിന് ശേഷം ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിർത്തികളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. 


ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഉദ്ദംപൂർ മേഖലയിലെ കത്വ-ബസന്ത്ഘട്ട് അതിർത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ പരിശോധന ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. 

1 പാര, 22 ഗർവാൾ റൈഫിൾസ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തുന്നത്. മേഖലയിൽ പരിശോധന തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഇന്ന് രാവിലെ അതിർത്തിയിൽ പാകിസ്ഥാന്റെ പ്രകോപനം ഉണ്ടായിരുന്നു. അഖ്നൂർ സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. പാകിസ്ഥാൻ സൈന്യം നടത്തിയ വെടിവെയ്പ്പിൽ ഒരു ബിഎസ് എഫ് ജവാന് പരിക്കേറ്റു. തുടർന്ന് ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു.

Latest Videos

undefined

ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടാകുകയും ഭീകരരുടെ സാന്നിധ്യം കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ജാഗ്രതാ നിർദ്ദേശം നൽകി. 3,323 കിലോ മീറ്റർ ദൈർഘ്യമുള്ള ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. 10 വർഷത്തിനിടെ ആദ്യമായാണ് ജമ്മു കശ്മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18നാണ് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. സെപ്റ്റംബർ 25, ഒക്ടോബർ 1 തീയതികളിൽ രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും നടക്കും. ഒക്ടോബർ 8നാണ് വോട്ടെണ്ണൽ. 

READ MORE: ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായി; സൈനിക ഡോക്ടർക്ക് നഷ്ടമായത് 1.2 കോടി, സംഭവം ഇങ്ങനെ

click me!