യുപിയിലെ പിലിബിത്തിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്.
ദില്ലി: ഉത്തർപ്രദേശിലെ പിലിഭിത്തിൽ മൂന്ന് ഖലിസ്ഥാൻ ഭീകരരെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു. പഞ്ചാബ് പോലീസിന് നേരെ ഗ്രെനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതികളെയാണ് വധിച്ചത്. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് എന്ന നിരോധിത സംഘടനയിലെ അംഗങ്ങളാണ് മൂന്ന് പേരും.
ഉത്തർപ്രദേശ് പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് പേരെയും വധിച്ചത്. ഗുർവീന്ദർ സിംഗ്, വീരേന്ദ്ര സിംഗ്, ജസൻപ്രീത് സിംഗ് എന്നിവരെയാണ് വധിച്ചത്. പഞ്ചാബ് ഗുരുദാസ്പൂർ സ്വദേശികളാണ് മൂന്ന് പേരും. പാക്കിസ്ഥാൻ ബന്ധമുള്ള നിരോധിത സംഘടനയായ ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സിലെ അംഗങ്ങളാണ് മൂവരും. ഗുരുദാസ്പൂരിലെ അതിർത്തി മേഖലയിൽ പോലീസ് ഔട് പോസ്റ്റുകൾക്ക് നേരെ ഗ്രെനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഇവർ.
പ്രതികളെ കുറിച്ച് പഞ്ചാബ് പോലീസ് യുപി പോലീസിന് വിവരം നൽകി. തുടർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ ഇവർ താമസിക്കുന്ന പിലിഭിത്തിലെ പുരാൻപൂരിലെ കേന്ദ്രം കണ്ടെത്തി. പോലീസ് സംഘം എത്തിയപ്പോൾ വെടിയുതിർത്ത് പ്രതികൾ രെക്ഷപ്പെടാൻ ശ്രമിച്ചു, തുടർന്ന് പോലീസ് തിരിച്ച് വെടിയുതിർക്കുകയായിരുന്നെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചു.
ഏറ്റുമുട്ടലിൽ പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഇവരിൽ നിന്നും രണ്ട് എകെ47 തോക്കുകളും, രണ്ട് ഗ്ലോക്ക് പിസ്റ്റളുകളും അടക്കം ആയുധശേഖരവും കണ്ടെടുത്തു. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് കോൺസ്റ്റബിൾമാർക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. പിലിഭിത്തിൽ ഭീകരർക്ക് താമസസൗകര്യം ഒരുക്കിയവർക്കായി അന്വേഷണം തുടരുകയാണ്.