കൊവിഡ് പ്രതിരോധത്തിനായി യുപി സര്‍ക്കാര്‍ കാണ്‍പൂരിലേക്കയച്ചത് തകരാറിലായ വെന്‍റിലേറ്ററുകള്‍

By Web Team  |  First Published Sep 20, 2020, 12:25 PM IST

കാണ്‍പൂരില്‍ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഏക ആശുപത്രി കൂടിയായ ലാലാ ലജ്പത് റായി ആശുപത്രിയിലേക്കാണ് കഴിഞ്ഞ മാസം 42 വെന്‍റിലേറ്ററുകള്‍ യു പി സര്‍ക്കാര്‍ നല്‍കിയത്. ഇവയില്‍ 14 വെന്‍റിലേറ്ററുകള്‍ എന്‍ജിനിയര്‍മാരുടെ പരിശ്രമഫലമായി പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്


കാണ്‍പൂര്‍: കൊവിഡ് പ്രതിരോധത്തിനായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കാണ്‍പൂരിലേക്ക്  അയച്ച 42 വെന്‍റിലേറ്ററും തകരാറിലായതെന്ന് റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ മാസമാണ് യു പി സര്‍ക്കാര്‍ കാണ്‍പൂരിലേക്ക് വെന്‍റിലേറ്ററുകള്‍ അയച്ചത്. എന്നാല്‍ ഇവ രോഗികളുടെ ശ്വാസകോശത്തിന് തകരാറുണ്ടാക്കുമെന്ന ഭീതിയില്‍ തിരികെ അയക്കാന്‍ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ് അധികൃതരെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെന്‍റിലേറ്റര്‍ നിര്‍മ്മിച്ച സ്വകാര്യ കമ്പനിയില്‍ നിന്നുള്ള എന്‍ജിനിയര്‍മാരുടെ പരിശ്രമഫലമായി 14 വെന്‍റിലേറ്ററുകള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. 

ലെവല്‍ മൂന്നിലുള്ള രോഗികള്‍ ഗുരുതരാവസ്ഥയിലും ലെവര്‍ 2 വിലെ രോഗികള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വെന്‍റിലേറ്ററുകള്‍ തിരികെ അയയ്ക്കേണ്ടി വരുന്നത്. രോഗികളുടെ എണ്ണം ദിവസേന വര്‍ധിക്കുന്നതിന് പിന്നാലെ  വെന്‍റിലേറ്റര്‍ നിര്‍മ്മിച്ച സ്വകാര്യ കമ്പനിയില്‍ നിന്നുള്ള എന്‍ജിനിയര്‍മാര്‍ എത്തി തകരാര്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.  

Latest Videos

undefined

ദിവസങ്ങളോളം എന്‍ജിനിയര്‍മാര്‍ വെന്‍റിലേറ്ററിന്‍റെ തകരാറ് പരിഹരിക്കാന്‍ ശ്രമിച്ചിട്ടും രോഗികള്‍ക്ക് ഉപകാരപ്രദമായ രീതിയിലുള്ള പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് ലാലാ ലജ്പത് റായി ആശുപത്രിയിലെ സൂപ്രണ്ട് ഡോ റിച്ചാ ഗിരി പറയുന്നത്. പുതിയ വെന്‍റിലേറ്ററുകള്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും റിച്ചാ ഗിരി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചു. 

തകരാര്‍ സംബന്ധിച്ച എന്‍ജിനിയര്‍മാരുടെ റിപ്പോര്‍ട്ട് അടക്കമാണ് വെന്‍റിലേറ്റര്‍ തിരികെ അയക്കുന്നത്. കാണ്‍പൂരില്‍ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഏക ആശുപത്രി കൂടിയാണ് ഇത്. തകരാറിലെ വെന്‍റിലേറ്റര്‍ മറ്റിടങ്ങളിലേക്ക് നല്‍കരുതെന്ന അപേക്ഷയോട് കൂടിയാണ് തിരികെ അയക്കുന്നത്. 

click me!