കൊവിഡ് കൂടാതെ മറ്റ് രോഗബാധയും ഉണ്ടായതിനെ തുടർന്നാണ് 268 കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടമായത്. ഇവരിൽ അവിവാഹിതരായ അമ്മമാരുടെ മക്കളും അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടികളും ഉൾപ്പെടുന്നു.
ദില്ലി: കൊവിഡ് മൂലം ദില്ലിയിൽ അനാഥരായത് 268 കുട്ടികളെന്ന് ദില്ലി സർക്കാരിന്റെ വനിതാ ശിശു വികസന വകുപ്പിന്റെ കണ്ടെത്തിയതായി ഔദ്യോഗിക അറിയിപ്പ്. കൊവിഡ് വ്യാപനം ആരംഭിച്ചത് മുതൽ 5500 കുട്ടികളാണ് മാതാപിതാക്കളിൽ ഒരാളെ നഷ്ടമായിരിക്കുന്നതെന്ന് ഡബ്ലിയു സി ഡി ഡയറക്ടർ രശ്മി സിംഗ് പറഞ്ഞു. കൊവിഡ് കൂടാതെ മറ്റ് രോഗബാധയും ഉണ്ടായതിനെ തുടർന്നാണ് 268 കുട്ടികൾക്ക് അച്ഛനമ്മമാരെ നഷ്ടമായത്. ഇവരിൽ അവിവാഹിതരായ അമ്മമാരുടെ മക്കളും അച്ഛൻ ഉപേക്ഷിച്ചു പോയ കുട്ടികളും ഉൾപ്പെടുന്നു. അമ്മ മരിച്ചുപോയതിനാലും പിതാവിനെ കണ്ടെത്താൻ സാധിക്കാത്തതിനാലും ഇവർ അനാഥരായി. രശ്മി സിംഗ് പറഞ്ഞു.
268 പേരിൽ 27 കുട്ടികളെ സ്ഥാപനത്തിൽ ഏൽപിച്ചു. മറ്റ് കുട്ടികളുടെ ബന്ധുക്കൾ, കുടുംബം, മൂത്ത സഹോദരങ്ങൾ എന്നിവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. ഇത്തരത്തിൽ അനാഥരാക്കപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനായി വനിത ശിശുവികസന വകുപ്പ് സർവ്വേ സംഘടിപ്പിക്കുകയും 20 ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുകയും ചെയ്തു. സർവ്വേ പൂർത്തിയാക്കാൻ ജൂലൈ 20 വരെ ഉദ്യോഗസ്ഥർക്ക് സമയം നൽകിയിട്ടുണ്ട്.
undefined
കൊവിഡിനെ തുടർന്ന് അനാഥരായ കുഞ്ഞുങ്ങൾക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ സഹായം പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളെയോ ഇവരിൽ ഒരാളെയോ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നൽകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിരുന്നു. പകർച്ചവ്യാധിയുടെ സമയത്ത് മറ്റ് രോഗബാധകളാൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ ക്ഷേമപദ്ധതികളിൽ ഉൾപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും സർക്കാർ അറിയിച്ചു. അവരുടെ വിദ്യാഭ്യാസവും ജീവിതചെലവുമുൾപ്പെടെ സർക്കാർ വഹിക്കും. ഈ കുട്ടികൾക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികൾ തയ്യാറാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona