പാറയിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും താഴെ വെള്ളച്ചാട്ടത്തിലേക്ക് വീണു. വെള്ളത്തിന്റെ ശക്തിയിൽ യുവാവ് തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം
കൊടൈക്കനാൽ: തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ 26കാരൻ കാൽവഴുതി വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി. വ്യാഴാഴ്ചയാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു യുവാവ്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. അജയ് പാണ്ഡ്യൻ എന്നയാളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ 47 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ യുവാവിന്റെ സുഹൃത്താണ് ക്യാമറയിൽ പകർത്തിയത്. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു.
കൊടൈക്കനാലിലെ വെള്ളച്ചാട്ടത്തിന്റെ അരികിലുള്ള പാറയിൽ ഇരുന്നു ചിത്രത്തിന് പോസ് ചെയ്യുന്നതിനിടെയാണ് അപകടം. വീഡിയോ റെക്കോർഡുചെയ്യുന്ന സുഹൃത്തിനോട് മുൻവശത്ത് വന്ന് വെള്ളച്ചാട്ടത്തിന്റെ ആഴം കാണത്തക്കവിധം ഫോട്ടോയെടുക്കാൻ ഇയാൾ ആംഗ്യം കാണിക്കുന്നു. തുടർന്ന് സുഹൃത്ത് നിർബന്ധിക്കുകയും വെള്ളച്ചാട്ടത്തിന്റെവഴുവഴുപ്പുള്ള പാറയിലേക്ക് കയറുകയും ചെയ്തു. അപകട സാധ്യതയുള്ള സ്ഥലത്തെത്തി ഫോട്ടോയ്ക്ക് പോസ് ചെയ്തശേഷം വെള്ളച്ചാട്ടത്തിന് അഭിമുഖമായി തിരിഞ്ഞു നിൽക്കുന്നതിനിടെ കാൽ വഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു.
പാറയിൽ പിടിച്ച് മുകളിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും താഴെ വെള്ളച്ചാട്ടത്തിലേക്ക് വീണു. വെള്ളത്തിന്റെ ശക്തിയിൽ യുവാവ് തെറിച്ചു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. ലോക്കൽ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല.
വമ്പൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കാല്‍നടയാത്രക്കാരൻ; വീഡിയോ
കാരക്കുടി സ്വദേശി അജയ് പാണ്ഡ്യൻ സുഹൃത്തുക്കളോടൊപ്പമാണ് കൊടൈക്കനാലിലെത്തിയത്. കൊടൈക്കനാലിന് സമീപത്തെ താണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റിലാണ് അജയ് ജോലി ചെയ്തിരുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് അപകടം. പുല്ലാവേലി വില്ലേജിലെ വെള്ളച്ചാട്ടം അപകടകരമായ പ്രദേശമാണെന്നും പാറക്കെട്ടുകളിൽ നിന്ന് വീണ് അഞ്ചോളം പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ജൂലൈ 16 ന് നീലഗിരിയിലെ കൽഹട്ടിയിലെ സിയുർഹല്ല നദീതീരത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച 26 കാരനായ ടെക്കി മുങ്ങിമരിച്ചിരുന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇത്തരം സാഹസിക യാത്രകൾ ഒഴിവാക്കണമെന്നാണ് അധികൃതരുടെ നിർദേശം.
മഴ ശക്തം, 6 ഡാമുകളിൽ റെഡ് അലർട്ട്, കൂടുതൽ ഷട്ടറുകൾ തുറക്കുന്നു; ജാഗ്രതാ നിർദ്ദേശം