ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിലെ തടസ്സം ചില രോഗികള്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പനജി: ഗോവയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ദിവസം 26 കൊവിഡ് രോഗികള്‍ മരിച്ചു. സംഭവത്തില്‍ ഹൈക്കോടതി അന്വേഷിക്കണമെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ ആവശ്യപ്പെട്ടു. പുലര്‍ച്ചെ രണ്ടിനും ആറിനും ഇടക്കാണ് ഇത്രയധികം പേര്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഗോവ മെഡിക്കല്‍ കോളേജ് ആന്‍ഡ് ആശുപത്രി സന്ദര്‍ശിച്ചു. ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിലെ തടസ്സം ചില രോഗികള്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണത്തില്‍ കുറവുണ്ടായിരുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കൂട്ടത്തോടെ രോഗികള്‍ മരിക്കാനുണ്ടായ കാരണം ഹൈക്കോടതി അന്വേഷിച്ച് കണ്ടെത്തണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. തിങ്കളാഴ്ച 1200 ഓക്‌സിജന്‍ സിലിണ്ടറുകളായിരുന്നു വേണ്ടത്. എന്നാല്‍ 400 എണ്ണം മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഗോവയിലും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.