എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും അധികൃതര്‍
ഹൈദരാബാദ്: ഹൈദരാബാദിലെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന 25 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഹൈദരാബാദിലെ മദനപ്പേട്ടിലാണ് 25 പേര്‍ക്ക് കൊവിഡ് കണ്ടെത്തിയത്. ഗ്രേറ്റര്‍ ഹൈരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സോണല്‍ കമ്മീഷണര്‍ അശോക് സമ്രാട്ട് ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുമായി ബന്ധപ്പെട്ടവരെയെല്ലാം തിരിച്ചറിഞ്ഞുവെന്നും സമ്രാട്ട് വ്യക്തമാക്കി.
കൊവിഡ് 19 ബാധിച്ചയാളുമായി അപ്പാര്‍ട്ട്മെന്‍റിലൊരാള്‍ക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. ഇയാള്‍ അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ ഒരു പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ കുറച്ച് പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഈ പാര്‍ട്ടിയിലൂടെയാണോ രോഗവ്യാപനമുണ്ടായതെന്ന് വ്യക്തമല്ല. തെലങ്കാനയില്‍ ഇതുവരെ 1454 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 959 പേര്‍ രോഗമുക്തരായി. 34 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.
ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം അരക്കോടിയിലേക്ക് നീങ്ങുന്നു. 47 ലക്ഷം കടന്ന രോഗികളുടെ എണ്ണം മൂന്ന് ദിവസങ്ങൾക്കുള്ളിൽ അമ്പത് ലക്ഷം കടക്കും എന്നാണ് വിലയിരുത്തൽ. ലോകത്ത് ദിവസം ഒരു ലക്ഷത്തിലേറെ പേർക്ക് രോഗം ബാധിക്കുന്നുണ്ട് എന്നാണ് കണക്ക്. അതേസമയം, കൊവിഡ് മരണങ്ങൾ മൂന്ന് ലക്ഷത്തി പതിമൂവായിരം കടന്നു.