200ൽ 212 മാർക്ക്! ഗുജറാത്തിൽ 'അമ്പരപ്പിക്കുന്ന' റിസൽട്ട്, അന്വേഷണം

By Web Team  |  First Published May 7, 2024, 8:46 AM IST

രണ്ട് വിഷയങ്ങളിൽ പരമാവധി മാർക്കിനേക്കാള്‍ കൂടുതലായിരുന്നു വിദ്യാർത്ഥിനിയുടെ മാർക്ക്


പോർബന്ദർ: കണക്കിൽ 200ൽ 212 മാർക്ക്. ഗുജറാത്തിയിൽ 200ൽ 211 മാർക്ക്. തന്‍റെ മാർക്ക് ലിസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് വിദ്യാർത്ഥിനി. ഗുജറാത്തിലെ ദാഹോദ് ജില്ലയിൽ പ്രൈമറി സ്കൂൾ പരീക്ഷാ ഫലത്തിലാണ് ഈ പിഴവുണ്ടായത്. സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. 

ജലോദ് താലൂക്കിലെ ഖരാസന ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. മാർക്ക് ലിസ്റ്റ് കയ്യിൽ കിട്ടിയപ്പോള്‍ വൻഷിബെൻ മനീഷ്ഭായ് എന്ന വിദ്യാർത്ഥിനി അത്ഭുതപ്പെട്ടുപോയി. രണ്ട് വിഷയങ്ങളിൽ പരമാവധി മാർക്കിനേക്കാള്‍ കൂടുതലായിരുന്നു വൻഷിബെന്നിന്‍റെ മാർക്ക്. ഗുജറാത്തിയിൽ 200ൽ 211 മാർക്ക് എന്നും കണക്കിൽ 200ൽ 212 മാർക്ക് എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. 

Latest Videos

സംഭവം ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ മാർക്ക് ലിസ്റ്റ് ക്രോഡീകരിക്കുമ്പോള്‍ വന്ന പിഴവ് എന്നാണ് അധികൃതരുടെ വിശദീകരണം. വിദ്യാർത്ഥിനിക്ക് പുതുക്കിയ മാർക്ക് ലിസ്റ്റ് നൽകി. ഗുജറാത്തിയിൽ 200ൽ 191, കണക്കിൽ 200ൽ 190 എന്നാണ് പുതിയ മാർക്ക് ലിസ്റ്റിലുള്ളത്. ബാക്കിയുള്ള വിഷയങ്ങളുടെ സ്കോറുകൾ മാറ്റമില്ലാതെ തുടർന്നു. ടോട്ടൽ മാർക്ക് നേരത്തെ ആയിരത്തിൽ 956 ആയിരുന്നു. പുതിയ മാർക്ക് ലിസ്റ്റിൽ അത് 1000ൽ 934 ആയി. മാർക്ക് ലിസ്റ്റിലെ പിഴവിനെ കുറിച്ച് ജില്ലാ വിദ്യാഭ്യാസ അധികൃതർ അന്വേഷണം തുടങ്ങി. 

ഇ പാസുണ്ടെങ്കിൽ വെൽക്കം ടു ഊട്ടി, കൊടൈക്കനാൽ; പാസെടുക്കുന്നതിങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!