ചെക്ക്-ഇൻ ബാഗേജുകൾ പരിശോധിച്ചപ്പോൾ, ഉദ്യോഗസ്ഥർ 19 വാക്വം കവറുകൾ കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.
ഭുവനേശ്വർ: ഭുവനേശ്വറിലെ ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 10 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് കസ്റ്റംസ് പിടികൂടി. കേസില്‍ രണ്ട് സ്ത്രീ യാത്രക്കാരാണ് അറസ്റ്റിലായത്. ജനുവരി 4, ശനിയാഴ്ച ക്വാലാലംപൂരിൽ നിന്ന് വന്ന രണ്ട് ഇന്ത്യക്കാരായ സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ചെക്ക്-ഇൻ ബാഗേജുകൾ പരിശോധിച്ചപ്പോൾ, ഉദ്യോഗസ്ഥർ 19 വാക്വം കവറുകൾ കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.
ഇവയ്ക്കുള്ളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. 9.524 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ വിശദീകരിച്ചു.
എൻഡിപിഎസ് നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരം രണ്ട് സ്ത്രീ യാത്രക്കാരെയും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സുരക്ഷാ കാരണങ്ങളാൽ അറസ്റ്റിലായ സ്ത്രീകളുടെ കൂടുതല്‍ വിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല. മയക്കുമരുന്ന് കടത്തുന്നതിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ തുടര്‍ അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ വിശദീകരിച്ചു.