മെയ് 10-ാം തീയതി പ്രദേശത്തെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ, ജനിച്ച് 3 മണിക്കൂറിനുള്ളിൽ കുഞ്ഞ് ഉയർന്ന പനിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി
മുംബൈ: കൊവിഡ് എന്ന മഹാമാരിയെ ചെറുത്ത് തോൽപ്പിച്ച് പതിനെട്ട് ദിവസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. മുംബൈയിലെ പവായിലെ ഹിരാനന്ദാനി ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുഞ്ഞാണ് രോഗമുക്തി നേടിയത്. കുഞ്ഞിന് കെവിഡ് സ്ഥിരീകരിച്ചപ്പോൾ അമ്മയുടെ ശ്രവ സാമ്പിൾ ഫലം നെഗറ്റീവായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
മെയ് 10-ാം തീയതി പ്രദേശത്തെ ഒരു സ്വകാര്യ നഴ്സിംഗ് ഹോമിൽ വച്ചായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്. എന്നാൽ, ജനിച്ച് 3 മണിക്കൂറിനുള്ളിൽ കുഞ്ഞ് ഉയർന്ന പനിയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി. പിന്നീട് കുഞ്ഞിനെ നഴ്സിംഗ് ഹോമിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും കൊവിഡ് ടെസ്റ്റ് നടത്തുകയുമായിരുന്നു.
തുടർന്ന് മെയ് 12 ന് കെവിഡ് രോഗികളെ ചികിത്സിക്കുന്ന ഹിരാനന്ദാനി ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. ഇവിടെ പ്രവേശിപ്പിക്കുന്ന സമയത്ത് കുഞ്ഞിന് കടുത്ത പനിയും ശ്വാസതടസവും നേരിട്ടിരുന്നുവെന്ന് ഡോക്ടർ അറിയിച്ചു. കുഞ്ഞ് വെന്റിലേറ്ററിൽ ആയിരുന്നുവെന്നും മെയ് 28 ന് പരിശോധാനാഫലം നെഗറ്റീവ് ആയതോടെ ഡിസ്ചാർജ്ജ് ചെയ്തുവെന്നും ഡോക്ടർ ബിജാൽ ശ്രീവാസ്തവ പറഞ്ഞു.