കുട്ടികളിലടക്കം ഗുരുതര പാര്‍ശ്വഫലമുണ്ടാക്കുന്ന18 കീടനാശിനി, നിരോധിച്ചത് മൂന്നെണ്ണം, വിശദീകരണംതേടി സുപ്രിംകോടതി

By Dhanesh Ravindran  |  First Published Mar 28, 2023, 5:47 PM IST

നുഷ്യജീവന്‍ അപകടത്തിലാക്കുന്ന കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതില്‍ അലംഭാവം കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി



ദില്ലി: മനുഷ്യജീവന്‍ അപകടത്തിലാക്കുന്ന കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതില്‍ അലംഭാവം കാണിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി. കര്‍ഷക തൊഴിലാളികള്‍ക്കും കൃഷിയിടങ്ങളോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്കും ഉപഭോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കുന്ന കീടനാശിനികളില്‍ മൂന്നെണ്ണം മാത്രം നിരോധിച്ചതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്. 

ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം കോടതി തേടി. വിഷയം പഠിക്കാനായി നിയോഗിച്ച രണ്ടു സമിതികള്‍ 27 കീടനാശിനികള്‍ നിരോധിക്കാനാണ് നിര്‍ദേശം നല്‍കിയത്. എന്നാല്‍, കേന്ദ്രം ഇവയില്‍ മൂന്നെണ്ണം മാത്രമാണ് നിരോധിച്ചത്. ഡോ. എസ്.കെ ഖുറാന, ഡോ. ടി.പി രാജേന്ദ്ര എന്നിവര്‍ അധ്യക്ഷത വഹിച്ച രണ്ടു വിദഗ്ധ സമിതികളുടെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 

Latest Videos

കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. പരാതിക്കാര്‍ ആവശ്യപ്പെടുന്ന കീടനാശിനികള്‍ നിരോധിക്കണം എന്ന ആവശ്യവുമായി അടിക്കടി കോടതി കയറിയിറങ്ങുന്ന പരാതിക്കാരന്റെ നടപടി ശരിയല്ലെന്നായിരുന്നു അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിക്രംജീത്ത് ബാനര്‍ജിയുടെ നിലപാട്. ഇത്തരം ആവശ്യങ്ങള്‍ പരിഗണിച്ചാല്‍ തങ്ങള്‍ക്ക് ആവശ്യമില്ലാത്ത പല വസ്തുക്കളും നിരോധിക്കണം എന്നാവശ്യപ്പെട്ട് ആളുകള്‍ കോടതി കയറിയിറങ്ങുമെന്നും അദ്ദേഹം വാദിച്ചു. 

എന്നാല്‍ കുട്ടികളില്‍ ഉള്‍പ്പടെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്ന 18 കീടനാശിനികള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ടാണ് പരാതിക്കാര്‍ കോടതിയിലെത്തിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പരാതിക്കാര്‍ പറയുന്നതനുസരിച്ച് 18 കീടന നാശിനികളും പല വികസിത രാജ്യങ്ങളിലും നിരോധിച്ചതുമാണെന്നും ചീഫ് ജസ്റ്റിസ്  വ്യക്തമാക്കി. വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 27 കീടനാശിനികള്‍ ഗുരുതര ആഘാതമുണ്ടാക്കുന്നവയാണെന്ന് വിദഗ്ധ സമിതികള്‍ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. 

Read more: 'ഹാക്ക് ചെയ്താൽ 10 ലക്ഷം സമ്മാനം', വെല്ലുവിളിച്ച് ഇന്ത്യയിലെ ആദ്യ ക്വാണ്ടം കമ്പ്യൂട്ടിംഗ് നെറ്റ്‌വര്‍ക്ക്

തുടര്‍ന്ന് 27 കീടനാശിനികള്‍ നിരോധിക്കാന്‍ നിര്‍ദേശം ഉണ്ടായിട്ടും മൂന്നെണ്ണം മാത്രം നിരോധിച്ചതില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച വിദഗ്ധ സമിതികളുടെ റിപ്പോര്‍ട്ട് ഹാജരാക്കാനും നിര്‍ദേശിച്ചു. കേസ്  ഏപ്രില്‍ 28നു വീണ്ടും പരിഗണിക്കും.

click me!