
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ അപ്രതീക്ഷിത ഭീകരാക്രമണമുണ്ടായപ്പോൾ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്താൻ ഓടിയെത്തിയവരിൽ ഒരു 16കാരിയും ഉണ്ടായിരുന്നു. തന്‍റെ മുയൽക്കുഞ്ഞിനെ കയ്യിലെടുത്ത് സഞ്ചാരികളുടെ ഗൈഡായി പ്രവർത്തിച്ചിരുന്ന റുബീന.
പഹൽഗാമിൽ നിന്ന് വെറും അഞ്ച് കിലോമീറ്റർ അകലെയുള്ള ബൈസരൻ ഇക്കോ പാർക്കിൽ ചൊവ്വാഴ്ച തോക്കുധാരികൾ അതിക്രമിച്ചു കയറുന്നത് വരെ ശാന്തമായ ഒരു ഇടമായിരുന്നു അത്. ഒരു ക്രൂരമായ ആക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രോഗിയായ പിതാവിന് കൈത്താങ്ങാവാൻ ഗൈഡായി ജോലി ചെയ്തിരുന്ന റുബീന വെടിയൊച്ച മുഴങ്ങിയപ്പോൾ ചെന്നൈയിൽ നിന്നുള്ള ദമ്പതികളോടൊപ്പമായിരുന്നു. പടക്കം പൊട്ടിയതാണെന്നാണ് ആദ്യം കരുതിയതെന്ന് റുബീന പറഞ്ഞു. പിന്നെ കേട്ടത് നിലവിളി. എല്ലാവരും എങ്ങനെയെങ്കിലും രക്ഷപ്പെടാൻ ആഗ്രഹിച്ചെന്ന് റുബീന പറയുന്നു. ആ വഴികളൊക്കെ പരിചിതമായിരുന്ന റുബീനയ്ക്ക് സ്വന്തം വീട്ടിലേക്ക് ഓടിപ്പോയി സുരക്ഷിതയായിരിക്കാൻ പ്രയാസമുണ്ടായിരുന്നില്ല.
എന്നാൽ സ്വന്തം സുരക്ഷ വയവെയ്ക്കാതെ റുബീന, പരിക്കേറ്റും ഭയന്നും നിൽക്കുന്ന വിനോദ സഞ്ചാരികളെ തന്‍റെ മണ്‍കൂനയിലേക്ക് കൊണ്ടുപോയി. റുബീനയ്ക്കൊപ്പം സഹോദരി മുംതാസും ചേർന്നു. ആക്രമണത്തെ അതിജീവിച്ചവർക്ക് വെള്ളവും ആശ്വാസവും അഭയവും നൽകി. മുംതാസ് ഒരു കുട്ടിയെ കൈകളിലെടുത്ത് സുരക്ഷിത സ്ഥാനത്ത് എത്തിച്ചു.
രോഗിയായ അവരുടെ പിതാവ് ഗുലാം അഹമ്മദ് അവാന് നിസ്സഹായനായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തിയ അദ്ദേഹത്തിനും കുടുംബത്തിനും ആശ്രയം ഈ പെൺമക്കളാണ്. "അവർ ജീവനോടെ തിരിച്ചെത്തിയതിൽ ഞങ്ങൾ ദൈവത്തിന് നന്ദി പറയുന്നു" എന്നാണ് അദ്ദേഹം വിറയ്ക്കുന്ന ശബ്ദത്തിൽ പ്രതികരിച്ചത്.
ഇന്ന് വീട്ടിലിരിക്കുമ്പോൾ റുബീനയുടെ ലോകമാകെ മാറിയിരിക്കുന്നു. അവളുടെ പ്രിയപ്പെട്ട മുയൽക്കുഞ്ഞിനെ നഷ്ടമായി. അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു- "സമാധാനം പുലരണം. ആളുകൾ ഇവിടേക്ക് മടങ്ങിവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ പുഞ്ചിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അവർ ഒരിക്കലും ഭയപ്പെടരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു"
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam