ജൂണ്‍ 15ന് നടന്ന വിവാഹത്തിന് ശേഷം മരണപ്പെട്ട വരന്‍റെ സാമ്പിളുകള്‍ പരിശോധിക്കാതിരുന്നതിനാല്‍ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പാറ്റ്നയില്‍ പലിഗഞ്ജില്‍ നടന്ന വിവാഹത്തില്‍ 350 പേരാണ് പങ്കെടുത്തത്.
പാറ്റ്ന: കൊവിഡ് പടരുന്ന ബിഹാറില്‍ ഒരു വിവാഹത്തിന് ശേഷം വരന്‍റെ മരണമടക്കം സംഭവിച്ചതോടെ ആശങ്ക വര്‍ധിക്കുന്നു. വരന്‍ മരിച്ചത് കൂടാതെ വിവാഹചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ക്കാണ് ഇപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജൂണ്‍ 15ന് നടന്ന വിവാഹത്തിന് ശേഷം മരണപ്പെട്ട വരന്‍റെ സാമ്പിളുകള്‍ പരിശോധിക്കാതിരുന്നതിനാല്‍ കടുത്ത പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
പാറ്റ്നയില്‍ പലിഗഞ്ജില്‍ നടന്ന വിവാഹത്തില്‍ 350 പേരാണ് പങ്കെടുത്തത്. ഗുഡ്ഗാവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എഞ്ചിനിയറായ വരന്‍ വിവാഹത്തിന് വേണ്ടിയാണ് പാറ്റ്നയില്‍ എത്തിയത്. എന്നാല്‍, അതിസാരമടക്കമുള്ള കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പക്ഷേ, മരുന്ന് കഴിച്ച ശേഷം വിവാഹചടങ്ങുമായി മുന്നോട്ട് പോകാന്‍ വരന്‍റെ കുടുംബം തീരുമാനിച്ചെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പാറ്റ്ന ജില്ലാ മജിസ്ട്രേറ്റിന് ഇക്കാര്യങ്ങള്‍ അറിയിച്ച് കൊണ്ടുള്ള അജ്ഞാത ഫോണ്‍ കോള്‍ വന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. മരിച്ച് അധികം വൈകാതെ സംസ്കാരം നടത്തിയതിനാല്‍ യുവാവിന്‍റെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുമില്ല.
ഇതിന് ശേഷം വിവാഹത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 24 മുതല്‍ 26 വരെ പ്രത്യേക ക്യാമ്പ് നടത്തിയാണ് വിവാഹചടങ്ങിലും യുവാവിന്‍റെ മരണാനന്തര ചടങ്ങിലും പങ്കെടുത്തവരെ പരിശോധനകള്‍ക്ക് വിധേയമാക്കിയത്. 50 പേരില്‍ കൂടുതല്‍ പങ്കെടുത്ത വിവാഹചടങ്ങ് നടന്നതില്‍ ജില്ലാ മജിസ്ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.