മേൽപ്പാല നിർമാണത്തിനിടെ 1000 കിലോ ഭാരമുള്ള കൂറ്റൻ ഗർഡർ പതിച്ചു, ബൈക്കോടിക്കുകയായിരുന്ന പൊലീസുകാരൻ മരിച്ചു

By Web Team  |  First Published Nov 8, 2024, 11:17 AM IST

ക്രെയിൻ ഉപയോഗിച്ച് ഗർഡർ ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. കൂറ്റൻ ഗർഡർ ഓടിക്കൊണ്ടിരുന്ന ബൈക്കിലാണ് നിലംപതിച്ചത്.


ലഖ്നൌ: നിർമാണത്തിലിരുന്ന മേൽപ്പാലത്തിന്‍റെ അലുമിനിയം ഗർഡർ പതിച്ച് പൊലീസുകാരന് ദാരുണാന്ത്യം. ബൈക്കിൽ പോകവേയാണ് ശരീരത്തിൽ ഗർഡർ പതിച്ചത്. 1000 കിലോഗ്രാം ഭാരമുള്ള അലുമിനിയം ഗർഡർ വീണ് വിജേന്ദ്ര സിംഗ് എന്ന 45 കാരനാണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ നകാഹയിൽ റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണത്തിനിടെയാണ് അപകടം. 

ക്രെയിൻ ഉപയോഗിച്ച് ഗർഡർ ഉയർത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ക്രെയിനിലെ തകരാർ കാരണം കൂറ്റൻ ഗർഡർ നിലംപതിച്ചു. ഇതുവഴി ബൈക്കിൽ വരികയായിരുന്ന ഹരിദ്വാർ സ്വദേശിയായ വിജേന്ദ്ര സിംഗിന്‍റെ ദേഹത്താണ് ഗർഡർ പതിച്ചത്. സിംഗ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ബൈക്കിൽ കൂടെയുണ്ടായിരുന്ന സിംഗിന്‍റെ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ ബിആർഡി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Latest Videos

ഇരുവരുടെയും ദേഹത്ത് പതിച്ച ഗർഡർ നീക്കം ചെയ്യാൻ കഠിനമായി ശ്രമിക്കേണ്ടി വന്നു. പൊലീസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്), ഗവൺമെന്‍റ് റെയിൽവേ പോലീസ് (ജിആർപി) എന്നിവയിലെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. അപകടത്തിന് ശേഷം ക്രെയിൻ ഓപ്പറേറ്റർ ഓടി രക്ഷപ്പെട്ടെന്നും കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

കൂറ്റൻ ഗർഡർ ഉയർത്തുമ്പോൾ റോഡിലൂടെയുള്ള ഗതാഗതം തടയുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്. 1021 മീറ്റർ നീളമുള്ള മേൽപ്പാലത്തിന്‍റെ നിർമാണമാണ് പുരോഗമിക്കുന്നത്. 76.28 കോടി രൂപ ചെലവിലാണ് നിർമാണം.

അയൽവാസിയുടെ അശ്രദ്ധ; 3 വയസ്സുകാരിക്ക് കാറിനുള്ളിൽ ദാരുണാന്ത്യം, കണ്ടെത്തിയത് 4 മണിക്കൂറിനുശേഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!