60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം; രാജ്യത്തെ മെഡിക്കൽ കോളജുകളുടെ എണ്ണം 766 ആയി

By Web Team  |  First Published Sep 23, 2024, 12:17 PM IST

കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം. എംബിബിഎസ് സീറ്റുകളുടെ എണ്ണം 1,15,812 ആയി.


ദില്ലി: രാജ്യത്ത് ഈ വർഷം 60 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം നൽകിയെന്ന് കേന്ദ്ര സർക്കാർ. ഇതോടെ ഇന്ത്യയിലെ മെഡിക്കൽ കോളജുകളുടെ എണ്ണം 2024-25ൽ 766 ആയി ഉയർന്നു. 2023-24 വർഷത്തിൽ 706 മെഡിക്കൽ കോളജുകൾ ആണ് ഉണ്ടായിരുന്നത്. മോദി സർക്കാരിന്‍റെ ആദ്യ 100 ദിവസങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ അറിയിച്ചതാണിത്. 

കഴിഞ്ഞ 10 വർഷത്തിനിടെ മെഡിക്കൽ കോളേജുകളുടെ എണ്ണത്തിൽ 98% വർധനയുണ്ടായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2013-14ൽ 387 ആയിരുന്നു മെഡിക്കൽ കോളജുകളുടെ എണ്ണമെങ്കിൽ 2024-25ൽ 766 ആയി. സർക്കാർ മെഡിക്കൽ കോളജുകൾ- 423, സ്വകാര്യ മെഡിക്കൽ കോളജുകൾ- 343). എംബിബിഎസ് സീറ്റുകളുടെ എണ്ണം 2023-24 ൽ 1,08,940 ആയിരുന്നു. 2024-25 ൽ 1,15,812 ആയി. അതായത് 6.30 ശതമാനം വർദ്ധന.

Latest Videos

പിജി മെഡിക്കൽ സീറ്റുകൾ 2023-24ൽ 69,024 ആയിരുന്നത് 2024-25ൽ 73,111 ആയി വർദ്ധിച്ചു. 2013-14 മെഡിക്കൽ പിജി സീറ്റുകളുടെ എണ്ണം 31,185 ആയിരുന്നു. അതായത് കഴിഞ്ഞ 10 വർഷത്തിനിടയിൽ പിജി സീറ്റുകളുടെ എണ്ണത്തിൽ 39,460 സീറ്റുകളുടെ (127 ശതമാനം വർദ്ധന) വർദ്ധനയാണുണ്ടായത്. 

ബിഹാറിൽ എയിംസ് സ്ഥാപിക്കാനുള്ള പ്രതിസന്ധി സർക്കാർ ഭൂമി കൈമാറിയതോടെ പരിഹരിച്ചെന്നും ആരോഗ്യ മന്ത്രി നദ്ദ അറിയിച്ചു. 2024 ഓഗസ്റ്റ് 12-ന് ബിഹാർ സർക്കാർ 150.13 ഏക്കർ കൈമാറിയതോടെ എയിംസ് ദർഭംഗയുടെ കാര്യത്തിലുള്ള ദീർഘകാലമായി നിലനിൽക്കുന്ന ഭൂമി പ്രശ്‌നം പരിഹരിച്ചെന്നാണ് മന്ത്രി പറഞ്ഞത്. 

2020 സെപ്റ്റംബറിലാണ് എയിംസ് ദർഭംഗ സ്ഥാപിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. 1,264 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്., രോഗികൾക്ക് താങ്ങാനാകുന്ന മികച്ച സൌകര്യങ്ങളോടെയുള്ള ചികിത്സ നൽകാൻ എയിംസിലൂടെ കഴിയുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.


അയ്യോ പാമ്പ്! ഓടിക്കൊണ്ടിരുന്ന ഗരീബ്‍രഥ് ട്രെയിനിലെ ബെർത്തിൽ പാമ്പ്, പേടിച്ചോടി യാത്രക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!