തീപിടുത്തത്തിന്‍റെ നടുക്കം മാറാതെ ദില്ലിയിലെ മുണ്ട്ക; ഉറ്റവരെ തേടി ആശുപത്രിയിലെത്തുന്നവർ, സങ്കട കാഴ്ച്ച...

By Dhanesh Ravindran  |  First Published May 14, 2022, 10:47 PM IST

'ക്യാഷ്വാലിറ്റിക്ക് സമീപമുള്ള വരാന്തയിൽ വെച്ചാണ് ദയനീയമായ ആ നോട്ടം മനസിലുടക്കിയത്, മുണ്ട്കയിൽ നിന്നുള്ള 57 വയസുകാരൻ മഹിപാൽ തന്റെ രണ്ട് പെൺമക്കളും അപകടത്തിൽ പെട്ടതിന്റെ വേദന കടച്ച് അമർത്തുകയാണ്'- ദില്ലിയിലെ തീപിടുത്തം നടന്ന കെട്ടിടത്തിന് അടുത്തുള്ള സഞ്ജയ് ഗാന്ധി ആശുപത്രിയിൽ കണ്ട വേദന നിറഞ്ഞ മുഖങ്ങളെക്കുറിച്ച് ധനേഷ് രവീന്ദ്രന്‍ എഴുതുന്നു...


ത്തി കരിഞ്ഞ മുണ്ട്ക് മെട്രോ സ്റ്റേഷന് സമീപമുള്ള ആ നാല് നില കെട്ടിടമല്ല ദുരന്തത്തിന്റെ യഥാർത്ഥ മുഖം. അവിടെ നിന്ന് വെറും ആറ് കിലോമീറ്റർ അകലെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ എത്തിയാൽ ദുരന്തത്തിന്റെ യഥാർത്ഥ മുഖം കാണാം. ആശുപത്രി പരിസരം മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മോർച്ചറി മുതൽ ക്യാഷ്വാലിറ്റി വരെ ജനക്കൂട്ടം. എല്ലാവരും  സാധാരണക്കാർ,  നിരാശയും ദു:ഖവും തളം കെട്ടി നിൽക്കുകയാണ് ഇവിടെ. ഒന്ന് കരയാൻ പോലുമാകാതെ തളർന്നിരിക്കുന്നവർ. 

തീപിടുത്തത്തിൽ പരിക്കേറ്റവരെയും മരിച്ചവരെയും ഉടനടി എത്തിച്ചത് സഞ്ജയ് ഗാന്ധി ആശുപത്രിയിലാണ്. മരിച്ച 27  പേരുടെയും മൃതദേഹങ്ങൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയുടെ പ്രധാനകവാടത്ത് നിന്ന് മോർച്ചറിയിലേക്കുള്ള വഴിയിലാണ് രമേഷ് പ്രസാദെന്ന് അറുപതുകാരനെ കണ്ടത്. കൈയിൽ ഒരു യുവതിയുടെ ചിത്രമുണ്ട്. കാര്യം ചോദിച്ചപ്പോൾ രമേഷ് പ്രസാദ് സങ്കടം അഴിച്ചു വെച്ചു. മകളെ കാണാനില്ല, തീപിടുത്തം നടന്ന എസ്ഐ ടെക്ക്നോജീസിലെ തൊഴിലാളിയാണ് മകൾ, മൂന്ന് വർഷമായി ഇവിടെ ജോലി നോക്കുകയാണ്. 

Latest Videos

undefined

തീപീടുത്തം നടന്ന ദിവസം രാവിലെ ജോലിക്കായി വീട്ടിൽ നിന്ന് പോയതാണ്, പിന്നീട് അറിയുന്നത് മകൾ ജോലി ചെയ്യുന്ന കമ്പനിയിലെ തീപിടുത്തമെന്ന വാർത്തയാണ്. അപ്പോൾ തുടങ്ങിയ അന്വേഷണമാണ് മകള്‍ക്കായി. പക്ഷേ ഇതുവരെ കണ്ടെത്തിയിട്ടില്ല. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളിൽ ഒന്ന് തന്റെ മകളുണ്ടേതാണെന്ന് ഈ അച്ഛനറിയാം , പക്ഷേ അങ്ങനെയാകരുതേയെന്നാണ് പ്രാർത്ഥന. രമേഷ് പ്രസാദിനെ പോലെ നിരവധി പേരാണ് ഉറ്റവരെ തേടി ആശുപത്രിയിൽ എത്തുന്നത്.

ക്യാഷ്വാലിറ്റിക്ക് സമീപമുള്ള വരാന്തയിൽ വെച്ചാണ് ദയനീയമായ ആ നോട്ടം മനസിലുടക്കിയത്, മുണ്ട്കയിൽ നിന്നുള്ള 57 വയസുകാരൻ മഹിപാൽ തന്റെ രണ്ട് പെൺമക്കളും അപകടത്തിൽ പെട്ടതിന്റെ വേദന കടച്ച് അമർത്തുകയാണ്. മക്കളായ പ്രീതിയും പൂനവും ഒന്നിച്ച് ജോലിക്ക് പോയതാണ്, ഒരേ സ്ഥാപനത്തിൽ ,പൊലീസിന് നൽകിയ വിവരങ്ങൾ അനുസരിച്ച് ഇതുവരെ നാല് കത്തികരിഞ്ഞ മൃതദേഹങ്ങൾ കണ്ടു പക്ഷേ തന്റെ മക്കളുടെ മൃതദേഹമാണോ ഇതെന്ന് തിരിച്ചറിയാൻ ഈ അച്ഛനാകുന്നില്ല,ഒന്നും പറയാൻ പോലും കഴിയാതെ വിധി പഴിക്കുകയാണ് മഹിപാൽ. 

ഇതുവരെ മരിച്ചവരിൽ തിരിച്ചറിഞ്ഞത് ഏഴ്  പേരെയാണ്. ആറ് സ്ത്രീകളും ഒരു പുരുഷനും. ഇനിയുള്ള ഇരുപതു പേരിൽ ആരൊക്കെയാണ് തങ്ങളുടെ വേണ്ടപ്പെട്ടവരെന്ന അന്വേഷണത്തിലാണ് ഇവരെല്ലാം. ഭാര്യയെ തേടിയെത്തിയ ഭർത്താവ്, മകനെ കാണാതെ ആധി പിടിച്ചിരിക്കുന്ന അമ്മ, മകളുടെ മൃതദേഹം കണ്ട നിലവിളിച്ച് മോർച്ചറി വരാന്തയിലിരിക്കുന്ന അമ്മ,ഇങ്ങനെ സഞ്ജയ് ഗാന്ധി ആശുപത്രിക്ക് ചുറ്റും നിസഹാരായ മനുഷ്യരാണ്.


 

click me!