Vikram Batra: വിക്രം ബാത്ര; കാര്‍ഗില്‍ യുദ്ധമുഖത്തെ ധീരനായ യോദ്ധാവ്

By Web Team  |  First Published Mar 25, 2022, 9:09 AM IST

"പേടിക്കേണ്ട, ഞാൻ എന്തായാലും തിരിച്ചു വന്നിരിക്കും. അതിനി അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ. അല്ല അതേ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ. ഞാൻ വന്നിരിക്കും. തിരികെ... ഉറപ്പായും... ഡോണ്ട് വറി..." യുദ്ധത്തിന് പോകും മുമ്പ് സൂക്ഷിക്കണമെന്ന് ഉപദേശിച്ച സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞു. 



സ്വാതന്ത്രാനന്തരം ഇന്ത്യ സ്വന്തം അതിര്‍ത്തികളില്‍ അപൂര്‍വ്വമായി മാത്രമേ യുദ്ധത്തിലേര്‍പ്പെട്ടിട്ടൊള്ളൂ. എന്നാല്‍, 1999 ലെ മഞ്ഞ് കാലത്ത് ഹിമാലയന്‍ മലനിരകളിലെ ഇന്ത്യന്‍ പ്രദേശത്തെ പാക് സൈനീക സാന്നിധ്യം ഇന്ത്യയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കനത്ത മൂടല്‍ മഞ്ഞിന്‍റെ മറ പറ്റി പാക് സൈനീകര്‍ കൈയേറിയ മലനിരകള്‍ തിരിച്ച് പിടിക്കാനായി കുത്തനെയുള്ള അതിദുര്‍ഘടവും മലനിരകളിലേക്ക് ഇന്ത്യന്‍ സൈന്യം കയറി ചെന്നു. അന്നത്തെ ആ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 527 ജീവനുകളാണ്. പാകിസ്ഥാന് നഷ്ടമായ സൈനീക ജീവനുകളെ കുറച്ച് ഇന്നും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. 527 വിലപ്പെട്ട ജീവനുകളില്‍ ഒന്നുപോലും അപ്രധാനമായിരുന്നില്ലെങ്കിലും പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്രയെ ഇന്ത്യന്‍ സൈന്യത്തിന് മറക്കാന്‍ കഴിയില്ല. സൈന്യത്തെ സംബന്ധിച്ച് യുദ്ധമുഖത്ത് അത്രയ്ക്ക് നിര്‍ണ്ണായകമായ നീക്കം നടത്തിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. യുദ്ധമുഖത്ത് നിന്ന് 'ദില്‍ മാംഗേ മോര്‍' എന്ന് വിളിച്ച് പറഞ്ഞ ഒരു യഥാര്‍ത്ഥ സൈനീകന്‍.

ഹിമാചൽ പ്രദേശിലെ പാലംപൂരിൽ ഗവണ്‍മെന്‍റ് സ്‌കൂൾ പ്രിൻസിപ്പലായിരുന്ന ഗിർധാരിലാൽ ബത്രയ്ക്കും സ്‌കൂൾ ടീച്ചറായിരുന്ന കമൽകാന്തിനും 1974 സെപ്റ്റംബർ 9 -ന്  മിനിറ്റുകളുടെ വ്യത്യാസത്തില്‍ ജനിച്ച ഇരട്ടകുട്ടികളില്‍ മൂത്തവനാണ് വിക്രം ബത്ര. വിക്രം ബത്രയുടെ മരണ ശേഷം ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കവേ അദ്ദേഹത്തിന്‍റെ ഇരട്ട സഹോദരനായ വിശാല്‍ ബത്ര ഇങ്ങനെയാണ് തങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തെടുക്കുന്നത്. " ഞങ്ങള്‍ ഇരട്ടസഹോദരങ്ങളാണ്. ഞാനാണ് ഇളയ ആള്‍. ഞങ്ങളുടെ കുട്ടിക്കാലത്ത് ടിവിയില്‍ 'പരംവീർചക്ര' എന്ന സീരിയലുണ്ടായിരുന്നു. ആ സീരിയൽ ഞങ്ങളെ രണ്ടു പേരെയും ആകർഷിച്ചു. സൈന്യത്തിൽ ചേരാൻ തീരുമാനിച്ചത് അത് കണ്ടാണ്. ആർമി കൻറോൺമെൻറിന് ഉള്ളിലായിരുന്നു ഞങ്ങളുടെ സ്കൂൾ. എല്ലാവരും സൈനിക വേഷത്തിലായിരുന്നു. സൈന്യത്തോടുള്ള താല്പര്യം വര്‍ധിപ്പിക്കാന്‍ ഇതും കാരണമായി."

Latest Videos

സൈനീകരെ കണ്ട് വളര്‍ന്ന വിക്രം ബത്രയുടെ ഉള്ളില്‍ ദേശസ്നേഹം നിറഞ്ഞു നിന്നു. എങ്ങനെയും സൈനീകനാകണം, രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം അതായിരുന്നു  അദ്ദേഹത്തിന്‍റെ ജീവിതാഭിലാഷം. അതിന്‍റെ തുടക്കമെന്നവണ്ണം പഠിക്കുന്നകാലത്ത് ഉത്തരേന്ത്യയിലെ ഏറ്റവും മികച്ച എൻസിസി കേഡറ്റിനുള്ള മെഡൽ നേടിയ വിക്രം റിപ്പബ്ലിക് ഡേ പരേഡിലും പങ്കെടുത്തു. പിന്നീട് കരാട്ടെയിലും, ടേബിൾ ടെന്നിസിലും ദേശീയ അംഗീകാരങ്ങളും വിക്രം നേടി. 1995 -ൽ ബിരുദപഠനം പൂർത്തിയാക്കിയ വിക്രം, ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദപഠനത്തിനൊപ്പം കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയ്ക്ക് തയ്യാറെടുപ്പും നടത്തി.

ഇതേ കാലത്ത് തന്നെ ഹോങ്കോങ്ങ് ആസ്ഥാനമായ ഒരു ഷിപ്പിങ്ങ് കമ്പനി വിക്രമിനെ മർച്ചന്‍റ് നേവിയിൽ ഓഫീസറായി തെരഞ്ഞെടുത്തു. എന്നാല്‍ ഒരു സൈനീക ഓഫീസറാവുക എന്ന തന്‍റെ ലക്ഷ്യത്തിനായി അദ്ദേഹം ആ ജോലി സ്വീകരിക്കാന്‍ തയ്യാറായില്ല. 1996 -ൽ അദ്ദേഹം സിഡിഎസ് പാസായി.  ഇംഗ്ലീഷ് പിജി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് തന്‍റെ ജീവിതാഭിലാഷത്തിനായി അദ്ദേഹം ഇറങ്ങി. ഇന്ത്യൻ മിലിട്ടറി അക്കാദമിയില്‍ നിന്നും പഠിച്ചിറങ്ങിയ അദ്ദേഹം ഇന്ത്യൻ കരസേനയിൽ  ലെഫ്റ്റനന്‍റ് ആയി കമ്മീഷൻ ചെയ്തു. തുടർന്ന് റജിമെന്‍റൽ ട്രെയിനിങ്ങിനായി മധ്യപ്രദേശിലെ ജബൽപൂരിൽ കുറച്ചുകാലം ജോലി ചെയ്ത അദ്ദേഹത്തെ തേടി ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ കന്നി പോസ്റ്റിങ്ങ് എത്തി. '13  ജമ്മു കശ്മീർ റൈഫിൾസി'ലായിരുന്നു വിക്രത്തിന്‍റെ ആദ്യ നിയമനം.  വിക്രം അങ്ങനെ ഒരു പൂര്‍ണ്ണ സമയ സൈനീകനായി തീര്‍ന്നു.

1999  ല്‍ ബെൽഗാമിൽ കമാൻഡോ കോഴ്സ് പൂർത്തിയാക്കി ഡ്യൂട്ടിക്ക് ചേരും മുമ്പ് കുടുംബത്തോടൊപ്പം ഹോളി ആഘോഷിക്കാനായി വിക്രം വീട്ടിലെത്തിയ സമയത്താണ് കാര്‍ഗിലില്‍ പാക് സൈനീക സാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നത്. യുദ്ധത്തിന് പോകും മുമ്പ് സൂക്ഷിക്കണമെന്ന് ഉപദേശിച്ച സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞത്  "പേടിക്കേണ്ട, ഞാൻ എന്തായാലും തിരിച്ചു വന്നിരിക്കും. അതിനി അവിടെ ത്രിവർണ്ണ പതാക പാറിച്ചിട്ടാണെങ്കിൽ അങ്ങനെ. അല്ല അതേ ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞിട്ടാണെങ്കില്‍ അങ്ങനെ. ഞാൻ വന്നിരിക്കും. തിരികെ... ഉറപ്പായും... ഡോണ്ട് വറി..." എന്നായിരുന്നു. ജീവിതത്തിലുള്ള ആ നിശ്ചയദാര്‍ഢ്യം തന്നെയായിരുന്നു വിക്രത്തിന്‍റെ കൈമുതല്‍.

1999 ജൂൺ 20-ന് രാവിലെ കാർഗില്‍ പീക്ക് 5140, ശത്രുവില്‍ നിന്ന് സ്വതന്ത്രമാക്കിയ ശേഷം ക്യാപ്റ്റൻ വിക്രം ബത്ര. 

ജൂൺ ഒന്നിന് വിക്രം കാർഗിലിലെ സൈനീക ക്യാമ്പില്‍ റിപ്പോർട്ട് ചെയ്തു. പതിനെട്ടാം ദിവസം  നിർണ്ണായകമായ ഒരു ദൗത്യത്തിന് നേതൃത്വം നല്‍കാനായി വിക്രം ബത്ര നിയോഗിക്കപ്പെട്ടു. പാക് സൈന്യം പിടിച്ചെടുത്ത, സമുദ്രനിരപ്പില്‍ നിന്നും 16,962 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, കാര്‍ഗില്‍ ജില്ലയിലെ ത്രാസ് സെക്ടറിലെ പോയിന്‍റ് 5140 തിരിച്ച് പിടിക്കുകയായിരുന്നു അത്. എന്നാല്‍ അത്രയ്ക്ക് എളുപ്പമായിരുന്നില്ല അത്. കാരണം ഇതിനകം പാക് സൈനീകരും പരിശീലനം സിദ്ധിച്ച തീവ്രവാദികളും ഉയര്‍ന്ന പ്രദേശത്തായിരുന്നതിനാല്‍ താഴേക്കൂടെയുള്ള സൈനീക നീക്കത്തെ തകര്‍ക്കാന്‍ അവര്‍ക്ക് പെട്ടെന്ന് സാധിക്കുമെന്നത് തന്നെ.

ലെഫ്. കേണല്‍ യോഗേഷ് കുമാര്‍ ജോഷിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സൈന്യമായിരുന്നു ഈ പ്രദേശം തിരിച്ച് പിടിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിത്. അദ്ദേഹമടങ്ങിയ സൈന്യം ജൂണ്‍ 17-ഓടെ പോയിന്‍റെ 5140-ന് അടുത്ത് എത്തിയിരുന്നു. ത്രാസ് സബ് സെക്ടറിലെ പ്രധാന ഇടമായ ഇവിടം പിടിച്ചെടുത്താല്‍ തുടര്‍ന്നുള്ള സൈനിക മുന്നേറ്റം എളുപ്പമാക്കും. എന്നാല്‍ ഇതിനോടകം പോയിന്‍റ്  5140 -ന്‍റെ ഏഴോളം ഭാഗങ്ങളില്‍ പാക് സൈന്യവും പരിശീലനം കിട്ടിയ തീവ്രവാദികളും മറഞ്ഞിരിക്കുന്നതായി സൈന്യം മനസ്സിലാക്കി. പകല്‍ സമയത്ത് നേരിട്ടുള്ള ഒരു പോരാട്ടം വലിയ നാശമുണ്ടാക്കുമെന്ന തിരിച്ചറിഞ്ഞ യോഗേഷ് കുമാര്‍ ജോഷി ആ ദൌത്യം  ലെഫ്നന്‍റ് സജീവ് സിംഗ് ജാംവാളിന് കീഴിലുള്ള 'ബ്രാവോ കമ്പനി', ലെഫ്നന്‍റ് വിക്രം ബത്രയ്ക്ക് കീഴിലുള്ള 'ഡെല്‍റ്റ കമ്പനി' എന്നിവരെ ചുമതലപ്പെടുത്തി. കിഴക്ക് ഭാഗത്ത് നിന്നും തെക്ക് ഭാഗത്തു നിന്നും മല കയറി മുകളിലെത്തി ആക്രമണം നടത്താനായിരുന്നു രണ്ട് കമ്പനികള്‍ക്കും നല്‍കിയ നിര്‍ദേശം.

മുൻ നിശ്ചയിച്ച പ്രകാരം രാത്രി എട്ടരയോടെ മലയുടെ മുകളിലേക്ക് കയറാന്‍ ഇരുകമ്പനികളും തീരുമാനിച്ചു. രണ്ട് കമ്പനികളും മലകയറാന്‍ ആരംഭിച്ചതിന് പിന്നാലെ ഹമ്പ് കോംപ്ലക്സിലുളള ആർട്ടിലറി ഗണ്ണുകൾ രാത്രിയോടെ പ്രാഥമിക ബൊംബാർഡ്മെന്‍റ് തുടങ്ങി. അതിന്‍റെ മറവില്‍ ലെഫ്റ്റനന്‍റ് വിക്രമും സംഘവും മലകയറ്റം ആരംഭിച്ചു. ഏതാണ്ട് 80  ഡിഗ്രി ചെങ്കുത്തായ, മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളിലൂടെ വേണം മുകളിലെത്താന്‍.  റോക്കറ്റ് ലോഞ്ചറുകളും ഗണുകളും ഉപയോഗിച്ച് രാത്രി മുഴുവനും ഇന്ത്യൻ സൈന്യം മലമുകളിലേക്ക് വെടിവച്ചു കൊണ്ടേയിരുന്നു. എതിരാളികളുടെ നൂറ് മീറ്റര്‍ ദൂരത്ത് തങ്ങളെത്തും വരെ ആക്രമണം തുടരാന്‍  സജീവ് ജാംവാളും വിക്രം ബത്രയും വയർലെസ് വഴി താഴെയുള്ള കമാന്‍ഡറോട് ആവശ്യപ്പെട്ടു. പുലര്‍ച്ച 03.35ന് ദൗത്യം പൂര്‍ത്തിയാക്കി ബങ്കറുകള്‍ കീഴടക്കിയതായി സജീവ് ജാംവാള്‍ കമാന്‍ഡിംഗ് ഓഫീസറെ അറിയിച്ചു.

യുദ്ധ തന്ത്രത്തിന്‍റെ ഭാഗമായ വശങ്ങളില്‍ നിന്ന് അക്രമിക്കുന്നതിന് പകരം പുറകില്‍ നിന്ന് അക്രമിക്കാനായിരുന്നു വിക്രം തന്‍റെ ഡെല്‍റ്റ കമ്പനിക്ക് നല്‍കിയ നിര്‍ദ്ദേശം. പുറകിലൂടെയുള്ള അതിദുര്‍ഘടമായ വഴിയിലൂടെ ആരും കയറിവരില്ലെന്ന് വിശ്വസിച്ചിരുന്ന പാക് സൈന്യത്തെ അതിശയപ്പെടുത്തി വിക്രവും സംഘവും പുലര്‍ച്ചെ അക്രമണം നടത്തി. വിക്രമിന്‍റെ ഗ്രനേഡ് ഉപയോഗിച്ചുള്ള അക്രമണത്തില്‍ ബങ്കറുകളിലിരുന്ന പാക് സൈനീകരും തീവ്രവാദികളും കൊല്ലപ്പെട്ടു. കൂടാതെ ഒളിച്ചിരുന്ന ചിലരെ തോക്കിന്‍റെ പാത്തികൊണ്ട് നേരിട്ടുള്ള അക്രമണത്തില്‍ വിക്രം കൊലപ്പെടുത്തി. പുലര്‍ച്ചെ 04.30 തോടെ താഴെ കാത്തു നിന്ന കമാന്‍ഡിംഗ് ഓഫീസറുടെ വയര്‍ലന്‍സ് സെറ്റിലേക്ക് വിളിച്ച വിക്രം തന്‍റെ കോഡ് വാക്ക് പറഞ്ഞു. "ദില്‍ മാംഗേ മോര്‍". ഡല്‍റ്റാ , ബ്രാവോ കമ്പനികളിലെ ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ ഇന്ത്യന്‍ സൈന്യം പോയിന്‍റ്  5140 തിരിച്ച് പിടിച്ചു.

യുദ്ധമുഖത്തെ വിക്രമിന്‍റെ അസാമാധ്യധീരത മനസിലാക്കിയ സൈന്യം അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനം നല്‍കി. എന്നാല്‍. കാര്‍ഗില്‍ വിജയം അപ്പോഴും പൂര്‍ണ്ണമായിരുന്നില്ല. സമുദ്രോപരിതലത്തിൽ നിന്നും 17,000  അടി ഉയരത്തിലുള്ള 'ഏരിയ ഫ്ലാറ്റ് ടോപ്പ്' എന്ന് അറിയപ്പെട്ടിരുന്ന പീക്ക് 4875 യില്‍ അപ്പോഴും യുദ്ധം നടക്കുകയായിരുന്നു.  ജൂലൈ 5 -ന് തന്നെ ക്യാപ്റ്റൻ എൻ എ നാഗപ്പയുടെ നേതൃത്വത്തിലുള്ള ഒരു ചെറുസംഘം പീക്ക് 4875 കീഴടക്കിയിരുന്നു. എന്നാല്‍, പാക് സൈന്യം പിന്മാറാന്‍ തയ്യാറായിരുന്നില്ല. കാരണം തന്ത്രപ്രധാന മേഖലയായ പീക്ക് 4875 വിട്ട് കൊടുത്താല്‍ യുദ്ധത്തിലെ ഏറ്റവും വലിയ കൈവിടലാകുമതെന്നത് തന്നെ. പാകിസ്ഥാന്‍റെ കൌണ്ടര്‍ അറ്റാക്കിന് മറുപടി നല്‍കുന്നതിനിടെ ക്യാപ്റ്റന്‍ എന്‍ എ നാഗപ്പയ്ക്ക് ഒരു പാക് ഷെൽ പെട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം ബോധരഹിതനായപ്പോള്‍ ഇന്ത്യന്‍ സൈന്യം പതറി.

എന്നാല്‍, ഈ യുദ്ധരംഗം വീക്ഷിച്ചിരുന്ന ക്യാപ്റ്റന്‍ വിക്രം ബത്ര കമാന്‍ഡിങ് ഓഫീസറോട് ക്യാപ്റ്റന്‍ എന്‍ എ നാഗപ്പയെ രക്ഷിക്കാനായി താന്‍ പോകാമെന്ന് അറിയിച്ചു. നേരത്തെ നടത്തിയ പോരാട്ടത്തില്‍ സാരമായി പരിക്കേറ്റ വിക്രത്തെ വീണ്ടും യുദ്ധമുഖത്തേക്ക് അയക്കാന്‍ അദ്ദേഹം ആദ്യം തയ്യാറായില്ല. ഒടുവില്‍ വിക്രത്തിന്‍റെ നിര്‍ബന്ധത്തിന് വഴങ്ങിയ അദ്ദേഹം, വിക്രത്തെയും സംഘത്തെയും പീക്ക് 4875 ലേക്ക് അയക്കാന്‍ തീരുമാനിച്ചു. വിക്രം, റേഡിയോയിലൂടെ ക്യാപ്റ്റൻ നാഗപ്പയോട് "ഷേർഷാ ഈസ് കമിങ്ങ്..." എന്നറിയിച്ചു. ഈ വയര്‍ലന്‍സ് സന്ദേശം പിടിച്ചെടുത്ത പാകിസ്ഥാന്‍ സൈനീകര്‍ അസ്വസ്ഥരായി. നേരത്തെ അതിദുര്‍ഘടമായിരുന്ന പോയിന്‍റ്  5140 പിടിച്ചടക്കിയത് ഷോര്‍ഷായും സംഘവുമാണെന്ന് അവര്‍ക്ക് വിവരം ലഭിച്ചിരുന്നുവെന്നത് തന്നെ കാരണം.

പീക്ക് 4875 ന് സമീപമെത്തിയ വിക്രമിനും സംഘത്തിനും മുന്നിലുണ്ടായിരുന്നത് കഠിനമായ ലക്ഷ്യമായിരുന്നു. ശക്തമായ അക്രമണ പ്രത്യാക്രമണങ്ങള്‍ തുടരുന്നതിനിടെ വിക്രമിന്‍റെ ജൂനിയര്‍ ഓഫീസര്‍ക്ക് ഒരു സ്ഫോടനത്തില്‍ കാലിന് പരിക്കേറ്റു. സുബേദാറായ രഘുനാഥ് സിങിനോട് അദ്ദേഹത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട വിക്രം, ചീറിപ്പായുന്ന വേടിയുണ്ടകള്‍ക്കിടയിലൂടെ പരിക്കേറ്റ സൈനീകന് അടുത്തെത്തി. ഇരുവരും ചേര്‍ന്ന് അദ്ദേഹത്തെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേര്‍ക്കും വെടിയേറ്റു. വിക്രമിന്‍റെ നെഞ്ച് തുളച്ച് പാക് വെടിയുണ്ട കടന്നു പോയി. രഘുനാഥിനും സ്വന്തം ജീവന്‍ കാക്കാനായില്ല. മൂന്ന് പേരും മരിച്ച് വീണെങ്കിലും ഇവര്‍ നയിച്ച വഴിയിലൂടെ കടന്ന് വന്ന 13 ജമ്മു കശ്മീർ റൈഫിൾസ് പിന്നീറ്റ് നേരം പുലരും മുന്നേ 'പീക്ക് 4875'  പിടിച്ചടക്കി.

കാർഗിൽ യുദ്ധത്തിൽ പ്രകടിപ്പിച്ച അസാമാന്യമായ ധീരതയ്ക്കുള്ള അംഗീകാരമായി മരണാനന്തരം രാജ്യം ക്യാപ്റ്റന്‍ വിക്രം ബത്രയെ 'പരം വീർ ചക്ര' നൽകി ആദരിച്ചു. 2003 -ൽ പുറത്തിറങ്ങിയ 'LOC കാർഗിൽ' എന്ന ചിത്രത്തിൽ അഭിഷേക് ബച്ചനും, 2004 -ൽ പുറത്തിറങ്ങിയ 'ലക്ഷ്യ' എന്ന ചിത്രത്തിൽ ഹൃതിക്ക് റോഷനും ക്യാപ്റ്റൻ വിക്രം ബത്രയുടെ റോള്‍ അവിസ്മരണീയമാക്കി. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഏറ്റവുമധികം പേര്‍ കണ്ട ഇന്ത്യന്‍ ചിത്രം വിഷ്‍ണുവര്‍ധന്‍ സംവിധാനം ചെയ്ത സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായ 'ഷേര്‍ഷാ'യാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ഷേര്‍ഷ എന്ന ക്യാപ്റ്റന്‍ വിക്രം ബത്രയുടെ ജീവിതം പറയുന്ന ചിത്രം 4100 ല്‍ അധികം ഇന്ത്യന്‍ പട്ടണങ്ങളില്‍ സ്ട്രീം ചെയ്‍തെന്ന് പ്രൈം വീഡിയോ പറയുന്നു. 210 -ലേറെ രാജ്യങ്ങളിലും ചിത്രം ലഭ്യമായിരുന്നു. ഐഎംഡിബിയിലെ എക്കാലത്തെയും ജനപ്രിയ ഹിന്ദി ചിത്രങ്ങളുടെ പട്ടികയിലും ഷേര്‍ഷാ ഇടംപിടിച്ചു.  8.9 ആണ് ഐഎംഡിബിയില്‍ 'ഷേര്‍ഷായ്ക്ക് ലഭിച്ച റേറ്റിംഗ്. അദ്ദേഹത്തിന്‍റെ ജീവചരിത്രം പ്രതിപാദ്യമായി 'ഷേർഷാ ഓഫ് കാർഗിൽ' എന്ന പേരിൽ ഒരു പുസ്തകവും ഇറങ്ങി. ഇന്ന് പോയിന്‍റ് 4875  അറിയപ്പെടുന്നത് 'ബത്രാ ടോപ്പ്' എന്നാണ്.

" പരം വീർ ചക്ര ഞങ്ങൾക്ക് സീരിയൽ ആയിരുന്നു. അത് കണ്ടാണ് വളർന്നത്. കാർഗിലിനു മുമ്പ് 17 പേർക്കാണ് പരം വീർ ചക്ര കിട്ടിയത്. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത നാലു പേർക്ക് ഈ ബഹുമതി കിട്ടി. ആ സീരിയൽ കണ്ട് വളർന്ന ഞങ്ങൾ ഇരട്ടകളിൽ ഒരാൾ തന്ന പരം വീർ ചക്രയ്ക്ക് അർഹനാകും എന്ന് കരുതിയില്ല. ഒരു പാട് പേർ അഭിമാനത്തോടെ വിക്രമിനെ ഓർക്കുന്നു. എന്നാൽ ഞങ്ങളുടെയൊക്കെ ജീവിതത്തില്‍ വലിയ ശൂന്യതയാണ് അവന്‍റെ മരണം സൃഷ്ടിച്ചത്. വിക്രമിനെ ഓര്‍ക്കാത്ത ഒരു ദിവസവും ജീവിതത്തിലുണ്ടായിട്ടില്ല." വിക്രമിന്‍റെ മരണ ശേഷം ഇരട്ട സഹോദരന്‍ വിശാല്‍ ബത്ര പറഞ്ഞു. 

 

click me!