സുന്ദര്‍ പിച്ചൈയുടെ പിതാവ് റെഗുനാഥ പിച്ചൈ ബ്രിട്ടീഷ് കമ്പനിയായ ജി.ഇ.സിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. വൈദ്യുത ഘടകങ്ങൾ നിർമ്മിക്കുന്ന ഒരു നിർമാണശാലയും ഇദ്ദേഹത്തിനുണ്ടായിരുന്നു.
'പ്രശ്നങ്ങള്‍ അല്ല, പ്രശ്നങ്ങളെ നാം എങ്ങനെ നേരിടുന്നു എന്നതാണ് വിഷയം'
പിച്ചൈ സുന്ദരരാജൻ എന്ന ലോകം സുന്ദര്‍ പിച്ചൈ എന്ന് വിളിക്കുന്ന ഗൂഗിളിന്‍റെ മേധാവിയുടെ ജീവിത തത്വമാണിത്. പല വേദികളിലും ഇദ്ദേഹം ഇത് പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ പൌരത്വമുണ്ടെങ്കിലും തന്‍റ ഇന്ത്യന്‍ വേരുകളില്‍ എന്നും അത്മബോധം നിലനിര്‍ത്തുന്ന വ്യക്തിയാണ് പിച്ചൈ എന്ന് പലപ്പോഴും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചെന്നൈയിലെ അശോക് നഗറിലെ രണ്ട് മുറികളുള്ള അപ്പാർട്ട്മെന്റില്‍ നിന്നും സാധാരണ ഇന്ത്യന്‍ സ്കൂളില്‍ പഠിച്ച് പുതിയ ഇന്ത്യയുടെ പ്രതിനിധിയായി ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനിയുടെ തലപ്പത്തേക്കുള്ള പിച്ചൈയുടെ വളര്‍ച്ച മേല്‍പ്പറഞ്ഞ ഫിലോസഫി ജീവിതത്തില്‍ പകര്‍ത്തിയതിനാല്‍ കൂടിയാണ്.
സുന്ദര്‍ പിച്ചൈയുടെ പിതാവ് റെഗുനാഥ പിച്ചൈ ബ്രിട്ടീഷ് കമ്പനിയായ ജി.ഇ.സിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായിരുന്നു. വൈദ്യുത ഘടകങ്ങൾ നിർമ്മിക്കുന്ന ഒരു നിർമാണശാലയും ഇദ്ദേഹത്തിനുണ്ടായിരുന്നു. അമ്മ ലക്ഷ്മി ഒരു സ്റ്റെനോഗ്രാഫറായിരുന്നു. ടിവി കാണുക എന്നത് ആഢംബരമായി കരുതിയിരുന്ന, കാര്‍ യാത്ര എന്നത് അത്ഭുതമായി കരുതിയിരുന്ന ഒരു ബാല്യകാലമായിരുന്നു പിച്ചൈയ്ക്ക് എന്ന് പറയാം. ക്രിക്കറ്റ് കളിച്ച് വളര്‍ന്ന ഒരു ഇന്ത്യന്‍ മിഡില്‍ക്ലാസ് കൌമാരം തന്നെയായിരുന്നു ഇദ്ദേഹത്തിന് ഉണ്ടായത്. ചെന്നൈയിലെ അശോക് നഗറിലെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ സ്കൂളായ ജവഹർ വിദ്യാലയത്തിൽ പിചായ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മദ്രാസിലെ ഐഐടി വാന വാണി സ്കൂളിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കി.
പിന്നീടാണ് ഖരക്പൂർ ഐ. ഐ. ടി.യിൽ നിന്നും മെറ്റലർജിക്കൽ എഞ്ചിനിയറിങ്ങിൽ ബി.ടെക്. ബിരുദം നേടിയത്. ഇവിടെ വച്ചാണ് രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള കെമിക്കൽ എഞ്ചിനീയറിംഗ് പഠിക്കാന്‍ എത്തിയ ഹരിയാനി എന്ന് വിളിപ്പേരുള്ള അഞ്ജലിയെ പിച്ചൈ കണ്ടുമുട്ടുന്നത്. പിച്ചൈയുടെ അതേ രീതിയില്‍ ഒരു ഇടത്തരം കുടുംബത്തിലെ അംഗമായിരുന്നു ഇവരും. ഇരുവരും പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തു. പിന്നീട് ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയ പിച്ചൈ സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസസ് & എഞ്ചിനിയറിങ്ങിൽ എം.എസ്. ബിരുദവും സ്വന്തമാക്കി. തുടർന്ന് പെൻസിൽവേനിയയിലെ വാർട്ടൺ സ്കൂൾ ഓഫ് ബിസിനസിൽ നിന്നും എം.ബി.എ. ബിരുദവും നേടി.
ഗൂഗിള്‍ തലപ്പത്തേക്ക്
2004ലാണ് സുന്ദര്‍ പിച്ചൈ ഗൂഗിളില്‍ ചേരുന്നത്. പുതുതായി ഗൂഗിള്‍ തങ്ങളുടെ മെയില്‍ സര്‍വീസായ ജിമെയില്‍ ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഇത്. പിന്നീട് ഇനവേഷന്‍ ആന്‍റ് പ്രോഡക്ട് മാനേജ്മെന്‍റ് ജോലികളുടെ മേധാവിയായി ഇദ്ദേഹം. പിന്നീട് ഗൂഗിള്‍ ക്രോം ഒഎസ്, ഗൂഗിള്‍ ക്രോം പിന്നീട് ഗൂഗിള്‍ ഡ്രൈവ് എന്നിവയുടെ വികസനവും മേല്‍നോട്ടവും ഗൂഗിള്‍ നിര്‍വഹിച്ചത് പിച്ചൈയുടെ നേതൃത്വത്തിലായിരുന്നു.
2007 മുതല്‍ ജിമെയില്‍, ഗൂഗിള്‍ മാപ്പ് എന്നിവയുടെ വികാസവും മേല്‍നോട്ടവും പിച്ചൈയുടെ കീഴിലായിരുന്നു. 2008ലാണ് പിച്ചൈയുടെ നേതൃത്വത്തില്‍ ഗൂഗിള്‍ ക്രോം അവതരിപ്പിച്ചത്. 2012ല്‍ ഗൂഗിള്‍ ക്രോം ബുക്ക് അവതരണം ശരിക്കും പിച്ചൈയുടെ കരിയറിലെ പൊന്‍തൂവല്‍ എന്ന് തന്നെ വിശേഷിപ്പിക്കാം.
2013ല്‍ ലോകമെങ്ങും ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ഒരു തരംഗമായി അഞ്ഞടിക്കുമ്പോള്‍ അതിന്‍റെ തലപ്പത്തും അദ്ദേഹമായിരുന്നു. പിന്നീട് ഗൂഗിള്‍ പ്രൊഡക്ട് ചീഫ് ആയി പിച്ചൈയെ ഗൂഗിള്‍ നിയമിച്ചു. 2015 ആഗസ്റ്റ് 10ന് ഗൂഗിള്‍ സിഇഒയായി സുന്ദര്‍ പിച്ചൈ നിയമിക്കപ്പെട്ടു. 2015 ഒക്ടോബറില്‍ ഗൂഗിള്‍ അതിന്റെ മാതൃകമ്പനി ആല്‍ഫബെറ്റ് സ്ഥാപിച്ചപ്പോള്‍ അതിന്‍റെ തലപ്പത്തേക്ക് പിച്ചൈ എത്തി.
ഇന്ത്യന്‍ 'ഗ്രോത്ത് സ്റ്റോറിയും' പിച്ചൈയും
2021 ജൂലൈയില്‍ ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ താനിക്ക് ഇന്ത്യ എന്താണെന്ന് സുന്ദര്‍ പിച്ചൈ തുറന്ന് പറയുന്നുണ്ട്. 'ഞാന്‍ അമേരിക്കന്‍ പൌരനാണ്, പക്ഷെ ഇന്ത്യ ആഴത്തില്‍ തന്നെ എന്നിലുണ്ട്. ഞാന്‍ ആരാണെന്നതില്‍ വലിയൊരു ഭാഗം അതാണ്'.
സ്വതന്ത്ര്യ ഇന്ത്യയില്‍ സ്ഥാപിക്കപ്പെട്ട മഹത്തായ സ്ഥാപനങ്ങളാണ് ഇന്ത്യന്‍ ടെക്നിക്കല്‍ കലാശാലകള്‍, ഐഐടികള്‍. ഇത്തരം ഒരു ഐഐടി സംഭാവനയാണ് പിച്ചൈ എന്നത് തന്നെയാണ് ഇന്ത്യ എന്ന രാജ്യത്തിന്‍റെ വളര്‍ച്ചയുടെ കഥയിലെ ഒരു പ്രധാന താരമായി പിച്ചൈയെയും അടയാളപ്പെടുത്താന്‍ സാധിക്കുന്നത്. രാജ്യത്ത് സ്വതന്ത്ര്യാനന്തരം സ്ഥാപിച്ച ഐഐടികള്‍ വളര്‍ച്ചയുടെ നിര്‍ണ്ണായക ഘട്ടത്തിലായിരുന്നു 1980 കള്‍ അതിനാല്‍ തന്നെ ഇന്ത്യയില്‍ നിന്നും അനവധി സാങ്കേതിക പ്രതിഭകളെയാണ് നാം ലോകത്തിലേക്ക് അയച്ചത്. പിച്ചൈയുടെ വളര്‍ച്ചയും അത്തരത്തില്‍ ഒന്ന് തന്നെയാണ്, ഇന്ത്യയുടെ കൂടി വളര്‍ച്ചയാണ്.
2018 ല്‍ ഇന്ത്യന്‍ ഐടി മന്ത്രിയുടെ ഗൂഗിള്‍ ആസ്ഥാനത്തെ സന്ദര്‍ശനത്തില്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ തങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. അതിര്‍ത്തികള്‍ ഇല്ലാതെ ഡാറ്റയുടെ സുഗമമായ പ്രവാഹം, ഉറപ്പുവരുത്തുക എന്നത് ഡിജിറ്റല്‍ എക്കണോമി എന്ന നിലയിലുള്ള വളര്‍ച്ചയ്ക്ക് അത്യവശ്യമാണ് അതിനാല്‍ തന്നെ ഗൂഗിള്‍ അതിനൊപ്പം ഉണ്ടാകുമെന്ന് പിച്ചൈ ഉറപ്പു നല്‍കുന്നു.
ഇത് വേറും ഒരു ഉറപ്പല്ലെന്ന് വ്യക്തമാക്കുന്ന ഒരു പദ്ധതി മുന്‍പ് തന്നെ പിച്ചൈയുടെ കാലത്ത് തന്നെ ഗൂഗിള്‍ ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. അത് റെയില്‍വേ സ്റ്റേഷനുകളിലെ ഫ്രീ വൈഫൈ സംവിധാനമായിരുന്നു. റെയില്‍വേയുമായി ചേര്‍ന്ന ഈ പദ്ധതിയുടെ ആദ്യകാല സാങ്കേതിക പങ്കാളികള്‍ ഗൂഗിളായിരുന്നു. ഇതേ ഫ്രീവൈഫൈയില്‍ പഠിച്ച് സിവില്‍ സര്‍വീസ് നേടിയ ഒരു വിദ്യാര്‍ത്ഥിയുടെ അനുഭവം ഗൂഗിള്‍ തന്നെ വീഡിയോ ആക്കിയിട്ടുണ്ട്.
2021 ഡിസംബറില്‍ ഒരു ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ പങ്കെടുത്ത് സുന്ദര്‍ പിച്ചൈ ഇന്ത്യയ്ക്കായുള്ള ഗൂഗിളിന്‍റെ വലിയ പദ്ധതികള്‍ വിശദീകരിക്കുകയുണ്ടായി. ഇന്ത്യയിലെ പല സംരംഭങ്ങളും അന്താരാഷ്ട്രതലത്തിലേക്ക് വളരുന്നത് കാണുന്നു എന്നത് വളരെ ഹൃദയസ്പര്‍ശിയായ കാര്യമാണെന്ന് പിച്ചൈ വിലയിരുത്തുന്നു.
10 ബില്ല്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ ഡിജിറ്റിലസേഷന്‍ ദൗത്യത്തില്‍ ഗൂഗിളും പങ്കാളികളാണ്. അതിനാല്‍ തന്നെ പുതിയ സംരംഭകരുടെ പുതിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗൂഗിള്‍ ശ്രമിക്കുമെന്ന് പിച്ചൈ പറയുന്നു. ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സിന്‍റെയും മറ്റും ഉപയോഗം വളരെ പ്രധാനപ്പെട്ടതാണ്. അതിനായി ഗൂഗിള്‍ ഇന്ത്യയെ സഹായിക്കും. ഇന്ത്യയിലെ ജനങ്ങള്‍ക്കായി പ്രൊഡക്ടുകള്‍ ഉണ്ടാക്കാന്‍ ഗൂഗിള്‍ ശ്രമിക്കും. തന്‍റെ കാലത്ത് നടത്തിയ വലിയ ശ്രമം തന്നെ പിച്ചൈ ഉദാഹരണമായി പറയുന്നു. ഗൂഗിള്‍ പേ, ടെസ് എന്ന പേരില്‍ ഇന്ത്യയില്‍ ഇറക്കിയ ആപ്പ് ഇപ്പോള്‍ ഗൂഗിള്‍പേ എന്ന പേരില്‍ ആഗോള പ്രോഡക്ടാണ്. ഇത്തരം ശ്രമങ്ങളാണ് പിച്ചൈ ഇന്ത്യയ്ക്ക് നല്‍കുന്ന വാഗ്ദാനം.
2020 ല്‍ പിച്ചൈ ഒരു പ്രസ്താവന നടത്തി, സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ കഴിയുന്നത്ര വ്യാപകമായും തുല്യമായും പങ്കിടാൻ കഴിയുമെന്ന് ഉറപ്പുവരുത്തുക എന്നതാണ് കോവിഡിന് ശേഷമുള്ള ലോകത്തിനായുള്ള ഞങ്ങളുടെ ലക്ഷ്യം. നമുക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, 2020 ലോകാവസാനമായിട്ടല്ല, മറിച്ച് എല്ലാവർക്കുമായി മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഒരു ലോകത്തിന്റെ തുടക്കമായി ഓർമ്മിക്കപ്പെടും, ഇത്തരം വാചകങ്ങള്‍ ഭാവിയിലേക്ക് ഉറ്റുനോക്കുന്ന ഇന്ത്യയ്ക്ക് ഒരു പ്രചോദനം തന്നെയാണ്.