അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍... ലോകം ഉറങ്ങിക്കിടക്കുമ്പോള്‍...

By Web Team  |  First Published Mar 24, 2022, 12:05 PM IST

ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ പ്രഭാഷണങ്ങളിലൊന്നായി അറിയപ്പെടുന്ന ആ വാക്കുകളെ 'വിധിയുമായുള്ള കൂടിക്കാഴ്‍ച' എന്നാണ് ചരിത്രം അടയാളപ്പെടുത്തിയത്. ഒരു ജനത അനുഭവിച്ച് തീര്‍ത്ത കൊടിയ യാതനകളും ദുരിതങ്ങളും മുതല്‍ സ്വാതന്ത്രത്തിലേക്ക് കാലെടുത്ത് വെയ്‍ക്കുമ്പോള്‍ ആ രാഷ്‍ട്രത്തിന് ജനങ്ങളോടും ലോകത്തോട് തന്നെയും വിളിച്ചുപറയാനുള്ളത് മുഴുവന്‍ അന്തര്‍ലീനമായിട്ടുണ്ടായിരുന്നു ആ വാക്കുകളില്‍.


"ദീര്‍ഘകാലം മുമ്പ് വിധിയുമായി നാം ഒരു സന്ധിയുണ്ടാക്കി, പൂര്‍ണമായിട്ടോ മുഴുവനായ അളവിലോ അല്ലെങ്കിലും അതിന്റെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് ആ പ്രതിജ്ഞ നിറവേറ്റാനുള്ള സമയം ഇതാ ആഗതമായിരിക്കുന്നു. അര്‍ദ്ധരാത്രിയുടെ മണി മുഴങ്ങുമ്പോള്‍, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണര്‍ന്നെണീക്കും. ചരിത്രത്തില്‍ അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു നിമിഷം സമാഗതമായിരിക്കുന്നു, നാം പഴയതില്‍ നിന്ന് പുതിയതിലേക്ക് ചുവടുവെയ്‍ക്കുമ്പോള്‍, ഒരു യുഗം അവസാനിക്കുമ്പോള്‍, കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ട ഒരു രാഷ്‍ട്രത്തിന്റെ ആത്മാവ് ശബ്‍ദം കണ്ടെത്തുകയാണ്..."

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് കണ്ണ് തുറന്ന ആ രാത്രിയില്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‍റു നടത്തിയ പ്രസംഗം ഇങ്ങനെയായിരുന്നു ആരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ മഹത്തായ പ്രഭാഷണങ്ങളിലൊന്നായി അറിയപ്പെടുന്ന ആ വാക്കുകളെ 'വിധിയുമായുള്ള കൂടിക്കാഴ്‍ച' എന്നാണ് ചരിത്രം അടയാളപ്പെടുത്തിയത്. ഒരു ജനത അനുഭവിച്ച് തീര്‍ത്ത കൊടിയ യാതനകളും ദുരിതങ്ങളും മുതല്‍ സ്വാതന്ത്രത്തിലേക്ക് കാലെടുത്ത് വെയ്‍ക്കുമ്പോള്‍ ആ രാഷ്‍ട്രത്തിന് ജനങ്ങളോടും ലോകത്തോട് തന്നെയും വിളിച്ചുപറയാനുള്ളത് മുഴുവന്‍ അന്തര്‍ലീനമായിട്ടുണ്ടായിരുന്നു ആ വാക്കുകളില്‍. നെഹ്‍റുവിന്റെ പ്രഭാഷണ വൈഭവം കൊണ്ടും ഭാഷയുടെ ശക്തികൊണ്ടും ആശയ സ്‍ഫുടത കൊണ്ടും കാലങ്ങളോളം ഓരോ ഭാരതീയനും അഭിമാനത്തോടെ ഓര്‍ത്തിരിക്കാവുന്ന ഒരു പ്രസംഗമായി അത് മാറുകയും ചെയ്‍തു.

Latest Videos

undefined

സ്വാതന്ത്ര്യത്തിന്റെ നിമിഷത്തിലേക്ക് രാജ്യത്തെ എത്തിച്ച, നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗപരിശ്രമങ്ങളോടുള്ള ആദരവും ഒരു രാഷ്‍ട്രമെന്ന നിലയില്‍ ഇനി ഭാവിയിലേക്കുള്ള  ദിശാസൂചികയും ഒരു സംസ്‍കാരത്തിന്റെ പുനര്‍ജന്മവുമായിരുന്നു 'വിധിയുമായുള്ള കൂടിക്കാഴ്‍ച'. വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളും നാം സ്വപ്‍നം കണ്ട ഭാവിയും അതില്‍ ഒരുപോലെ നിഴലിച്ചിട്ടുണ്ടായിരുന്നു.

സ്വാതന്ത്ര്യ കൈമാറ്റത്തിന് തൊട്ടുമുമ്പ് 1947 ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയോടടുത്താണ് ഭരണഘടനാ നിര്‍മാണസഭയില്‍ ചരിത്രപരമായ ഈ പ്രഭാഷണം നെഹ്‍റു നടത്തിയത്. രാജ്യത്തിനും അതിലെ ജനങ്ങള്‍ക്കും വിശാല അര്‍ത്ഥത്തില്‍ മാനവികതയ്‍ക്കും വേണ്ടി നിലകൊള്ളുമെന്ന എക്കാലത്തെയും വലിയൊരു പ്രഖ്യാപനമായിരുന്നു ഈ പ്രസംഗത്തിന്റെ ആദ്യ ഭാഗത്ത് തന്നെയുണ്ടായിരുന്നത്.

നൂറ്റാണ്ടുകള്‍ നീണ്ട വിജയപരാജയങ്ങളുടെ ചരിത്രത്തിലെവിടെയും കൈവിടാതെ രാജ്യം സൂക്ഷിച്ച ആശയങ്ങളെക്കുറിച്ച് പരാമര്‍ശിച്ച ശേഷമാണ് കഷ്‍ടതയുടെ ഒരു കാലഘട്ടം അവസാനിപ്പിച്ച് രാജ്യം അതിന്റെ ആത്മാവിനെ കണ്ടെത്തുന്ന ദിനം ആഗതമായെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അവസരങ്ങളുടെയും നേട്ടങ്ങളുടെയും കവാടം തുറക്കുന്ന ഈ വേളയില്‍ രാജ്യത്തിന്റെ ഭാവിയിലേക്കുള്ള വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ധൈര്യമുള്ളവരല്ലേ നമ്മളെന്ന ചോദ്യവും ഉയര്‍ത്തി.

സ്വാതന്ത്ര്യലബ്‍ധിയിലൂടെ ഭരണഘടനാ നിര്‍മാണ സംഭയ്‍ക്ക് മേല്‍ വന്നുചേരുന്ന വലിയ ഉത്തരവാദിത്തങ്ങളെക്കുറിച്ചും, ജനങ്ങളെ പ്രതിനിധീകരിച്ച് ആ സഭയിലിരിക്കുന്നവരുടെ ബാധ്യതകളും ഓര്‍മപ്പെടുത്താന്‍ അദ്ദേഹം മറന്നില്ല. കഷ്‍ടത അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ് രാഷ്‍ട്രസേവനമെന്ന് ഓര്‍മപ്പെടുത്തി. ദാരിദ്ര്യവും അവഗണനയും മഹാമാരികളും അവസര നിഷേധവും അവസാനിപ്പിക്കുന്നതാവണം അതിന്റെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

എല്ലാവരുടെയും കണ്ണുകളില്‍ നിന്ന് അവസാന തുള്ളി കണ്ണുനീരും തുടച്ചുമാറ്റുകയായിരുന്നും  മഹാത്മാക്കളുടെ ലക്ഷ്യം. കണ്ണുനീരും കഷ്‍ടപ്പാടും അവശേഷിക്കുന്നുണ്ടെങ്കില്‍ നമ്മുടെ പ്രവര്‍ത്തനവും അവസാനിക്കാറായിട്ടില്ല. സ്വപ്‍നങ്ങള്‍ക്ക് യാഥാര്‍ത്ഥ്യത്തിന്റെ നിറം പകരാന്‍ കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കണം. ആ സ്വപ്‍നങ്ങള്‍ ഇന്ത്യയ്‍ക്കു വേണ്ടിയുള്ളതാണ്. ഒപ്പം അത് മുഴുവന്‍ ലോകത്തിനും വേണ്ടിയുള്ളത് കൂടിയാണ്, നെഹ്‍റു രാജ്യത്തെ ഓര്‍മിപ്പിച്ചു. നിഷേധാത്‍മകമായ വിമര്‍ശനങ്ങളും പരസ്‍പരമുള്ള പഴിചാരലുകളും അവസാനിപ്പിച്ച് രാഷ്‍ട്ര പുരോഗതിക്കായി കൈകോര്‍ക്കാന്‍ ഓരോ ഭാരതീയനോടും ആ ചരിത്ര പ്രസംഗത്തിലൂടെ നെഹ്‍റു ആഹ്വാനം ചെയ്യുകയും ചെയ്‍തു.

നെഹ്‍റുവിന്റെ സ്വന്തം വാക്കുകള്‍
പില്‍കാലത്ത് രാജ്യം കണ്ട പല പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്‍തമായി സ്വന്തം പ്രസംഗങ്ങള്‍ സ്വയം എഴുതിയുണ്ടാക്കുന്നതായിരുന്നു നെഹ്‍റുവിന്റെ രീതി. പ്രസംഗങ്ങള്‍ മറ്റാരെങ്കിലും എഴുതിക്കൊടുക്കുന്നതിനോട് അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. അധികാരത്തിലിരുന്ന കാലയളവില്‍ വിദേശ സന്ദര്‍ശനങ്ങളിലുള്‍പ്പെടെ പ്രസംഗങ്ങള്‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നിട്ടുണ്ടെങ്കിലും നെഹ്റുവിന്റെ അധിക പ്രസംഗങ്ങളും അദ്ദേഹം തന്നെ രൂപപ്പെടുത്തിയവയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.

കത്തുകള്‍ എഴുതാനും പ്രസ്‍തവനകള്‍ നല്‍കാനും പ്രസംഗങ്ങള്‍ തയ്യാറാക്കാനും നെഹ്റു ഏറെ സമയം ചെലവഴിച്ചിരുന്നുവെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ എം.ഒ മത്തായി 'പരാതിപ്പെട്ടിട്ടുണ്ട്'. സ്വാതന്ത്ര്യലബ്‍ധിയുടെ പ്രഖ്യാപനമായി കണക്കാക്കപ്പെടുന്ന 'വിധിയുമായുള്ള കൂടിക്കാഴ്‍ച' നെഹ്റുവിന്റെ മാത്രം വാക്കുകളായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. മഹാത്മാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് അദ്ദേഹം നടത്തിയ 'ആ വെളിച്ചം അസ്‍തമിച്ചു' എന്ന പ്രസംഗവും ചരിത്രത്തില്‍ ഇടംനേടിയതാണ്. കാലമിത്രയും പിന്നിടുമ്പോഴും ഓരോ ഭാരതീയന്റെയും ഹൃദയത്തോട് സംസാരിക്കാന്‍ ഇന്നും നെഹ്റുവിന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് സാധിക്കുന്നുവെന്നുള്ളതാണ് അതിന്റെ പ്രസക്തിയും.

click me!