1955ല്‍ രാജ്യസഭയില്‍ ഡോ. അനൂപ് സിംഗ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി തന്‍റെ പരാമർശത്തിന് പിന്നിലെ കാരണങ്ങള്‍ അംബേദ്ക്കർ വിശദമാക്കുന്നുണ്ട്
'സര്‍, ഭരണഘടന ഉണ്ടാക്കിയത് ഞാനാണെന്നാണ് എന്‍റെ സുഹൃത്തുക്കള്‍ പറയുന്നത്. അത് കത്തിക്കുന്ന ആദ്യ വ്യക്തിയായിരിക്കുമെന്ന് പറയാനും ഞാന്‍ തയ്യാറാണ്'.
ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പിതന്നെ ഇങ്ങനെ പറയുന്നോ? 1953 സെപ്റ്റംബര്‍ രണ്ടാം തീയതി ബാബസാഹിബ് അംബേദ്ക്കർ (B.R. Ambedkar) രാജ്യസഭയില്‍ നടത്തിയ പ്രസംഗം കേട്ട് അംഗങ്ങളെല്ലാവരും നെറ്റി ചുളിച്ചു. ഭരണഘടന (Constitution of India) കത്തിക്കുമെന്ന് അംബേദ്ക്കർ പറഞ്ഞതായുള്ള വാക്കുകള്‍ പിന്നീട് പലപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയമണ്ഡലത്തില്‍ വലിയ ചർച്ചയായി. ഭരണഘടന കത്തിക്കുമെന്ന് താങ്കള്‍ പറഞ്ഞതിനുള്ള കാരണങ്ങള്‍ എന്തായിരുന്നു? രാജ്യസഭാംഗമായ ഡോ. അനൂപ് സിംഗ് 1955 മാർച്ച് 19ന് ഉന്നയിച്ച ചോദ്യത്തോടെ രാജ്യസഭയിലും വീണ്ടും വിഷയം ഉയർന്നു. രാജ്യം സ്വാതന്ത്ര്യത്തിന്‍റെ ഏഴരപതിറ്റാണ്ട് പിന്നിടുമ്പോള്‍ അംബേദ്‍ക്കറുടെ പ്രസ്താവനയുടെ ഔചിത്യം വീണ്ടും പൊതുമണ്ഡലത്തില്‍ സജീവ ചർച്ചയാവേണ്ടതുണ്ട്.
undefined
എന്തിന് അംബേദ്ക്കർ പറഞ്ഞു...
താന്‍ നേതൃത്വം നല്‍കി രൂപംനല്‍കിയ ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടന കത്തിക്കുമെന്ന് ബി.ആർ അംബേദ്‍ക്കറെ കൊണ്ട് രാജ്യസഭയില്‍ പ്രസംഗിപ്പിച്ച കാരണമെന്തായിരിക്കാം... ഭരണഘടന ദുരുപയോഗം ചെയ്‍താല്‍, ഭരണഘടനയുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെട്ടാല്‍, രാജ്യത്തെ ന്യൂനപക്ഷങ്ങളെ വിവേചനപൂർവം കണ്ടാല്‍... ഭരണഘടനയുടെ അന്തസത്ത ചോരുമെന്നും അത് കത്തിക്കുന്നതാവും നല്ലത് എന്നുമായിരുന്നു അംബേദ്‍ക്കറുടെ നിരീക്ഷണം. 'ഭൂരിപക്ഷവും ന്യൂനപക്ഷവും ഉണ്ടെന്ന കാര്യം ഓര്‍ക്കണം. ന്യൂനപക്ഷങ്ങളെ മുറിവേൽപ്പിക്കുന്നതായിരിക്കും ഏറ്റവും വലിയ വേദന എന്ന് 1953 സെപ്റ്റംബര്‍ രണ്ടാം തീയതിയിലെ പ്രസംഗത്തില്‍ അംബേദ്‍ക്കർ പ്രസ്താവിക്കുന്നുണ്ട്.
1955ല്‍ രാജ്യസഭയില്‍ ഡോ. അനൂപ് സിംഗ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി തന്‍റെ പരാമർശത്തിന് പിന്നിലെ കാരണങ്ങള്‍ അംബേദ്ക്കർ വിശദമാക്കുന്നുണ്ട്. 'ദൈവത്തിനെ പ്രതിഷ്‍ഠിക്കാന്‍ വേണ്ടി ഒരു ക്ഷേത്രം നിർമ്മിച്ചു. എന്നാല്‍ ദൈവത്തെ കുടിയിരുത്തും മുമ്പ് അവിടം പിശാച് കൈവശപ്പെടുത്തിയെങ്കില്‍ ക്ഷേത്രം നശിപ്പിക്കുകയല്ലാതെ നമുക്ക് മറ്റെന്താണ് ചെയ്യാൻ കഴിയുക? അസുരന്‍മാർക്ക് വേണ്ടിയല്ല, ദേവന്‍മാർക്ക് വേണ്ടിയാണ് ക്ഷേത്രം പണികഴിപ്പിച്ചത്. അതുകൊണ്ടാണ് ഞാൻ അത് കത്തിക്കാൻ ആഗ്രഹിക്കുന്നതായി പറഞ്ഞത്'- എന്നായിരുന്നു ഡോ. അനൂപ് സിംഗിന്‍റെ ചോദ്യത്തിന് അംബേദ്ക്കർ നല്‍കിയ മറുപടി.
ഭരണഘടനയും അതിന്‍റെ അന്തസത്തയും ധാർമ്മികതയും വലിയ രാഷ്ട്രീയ ചർച്ചയാവുന്ന ഇക്കാലത്ത് അംബേദ്ക്കറുടെ വാക്കുകളുടെ പ്രസക്തിയേറുന്നു എന്നുമാത്രമല്ല, ദീർഘവീക്ഷണം വ്യക്തമാകുന്നുമുണ്ട്. ഏഴ് പതിറ്റാണ്ട് മുമ്പ് അംബേദ്ക്കർ പ്രസംഗത്തില്‍ സൂചിപ്പിച്ചത് രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഭരണഘടനയുടെ ചുമതലയാണ് എന്നായിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ വലിയ രാഷ്‍ട്രീയ അസ്ഥിരതയിലും ഭീതിയിലും ജീവിക്കുമ്പോള്‍, ഭരണഘടനയുടെ രാഷ്ട്രീയ-നിയമ മാനങ്ങള്‍ റദ്ദ് ചെയ്യാന്‍ തീവ്രശ്രമങ്ങള്‍ നടക്കുമ്പോഴാണ് സ്വാതന്ത്ര്യപ്പുലരിയുടെ 75-ാം ഓർമ്മദിനത്തിന്‍റെ ആഘോഷചടങ്ങുകള്‍ക്ക് പതാകയുയരുന്നത്. നാളുകളായി അണയാത്ത ഭീതി രാജ്യത്തെ വലിയൊരു സംഖ്യ ന്യൂനപക്ഷങ്ങളുടെ നെഞ്ചിനുള്ളില്‍ ആളുന്നുണ്ട് എന്ന് സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ ഉദാഹരണങ്ങള്‍ പറയാതെ തന്നെ വ്യക്തമാക്കുന്നുണ്ട്.
അംബേദ്ക്കർ എന്നും പ്രസക്തം, ഭരണഘടനയും
ഭരണഘടന ദുരുപയോഗം ചെയ്യുന്നു എന്ന് അറിഞ്ഞാല്‍ അത് കത്തിക്കുന്ന ആദ്യയാളാവും ഞാനെന്നായിരുന്നു ഏഴ് പതിറ്റാണ്ട് മുമ്പ് പാർലമെന്‍റില്‍ ബി.ആർ അംബേദ്‍ക്കറുടെ പ്രഖ്യാപനം. ഭരണഘടനയെ അപ്രസക്തമാക്കുന്നോ ഭരണകൂടം എന്ന് ജനശബ്ദമുയരുന്ന കാലത്ത് അംബേദ്ക്കറും ഭരണഘടനയും കൂടുതല്‍ പ്രസക്തമാവുകയാണ്. സമകാലിക ഇന്ത്യയില്‍ ഭരണഘടന കൂടുതല്‍ ബഹുമാനവും ആദരവും പരിഗണനയും ഏറ്റുവാങ്ങേണ്ടതുണ്ടെന്ന് പകല്‍പോലെ വ്യക്തം. സ്വാതന്ത്ര്യത്തിന്‍റെ ഏഴര പതിറ്റാണ്ട് പൂർത്തിയാകുന്ന ഒരു രാജ്യത്തിന് അതിന്‍റെ അടിസ്ഥാന ആശയങ്ങളില്‍ നിലകൊള്ളണമെങ്കില്‍ സത്യവും നീതിയും ഉയർത്തിപ്പിടിച്ചുള്ള ജനാധിപത്യ ഭരണഘടന സംരക്ഷിക്കപ്പെട്ടേ മതിയാകൂ.
ജയ് ഭീം: സമാനതകളില്ലാത്ത അംബേദ്ക്കർ
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്നിരുന്ന വിശാലദേശത്തെ ഇന്ത്യ മഹാരാജ്യമാക്കി മാറ്റുന്നതിലും പൗരന്‍മാരായ നാനാവിധ ജനതയ്ക്ക് അർഹമായ പ്രാധിനിധ്യവും അംഗീകാരവും നേടിനല്‍കുന്നതിലും അവിസ്മരണീയമായ പങ്കുവഹിച്ചയാളാണ് ബി ആർ അംബേദ്ക്കര്‍. ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയായ അദേഹം നിയമജ്ഞനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു. ഭരണഘടനാ നിർമ്മാണമടക്കമുള്ള പാർലമെന്‍ററി ഇടപെടലിനൊപ്പം ജാതിവ്യവസ്ഥയ്ക്ക് എതിരായ പോരാട്ടവും അംബേദ്ക്കറെ ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയ രംഗത്ത് സമാനതകളില്ലാത്ത നേതാവാക്കി. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു. 1990ൽ പരമോന്നത ബഹുമതിയായ ഭാരതരത്ന മരണാനന്തരം അംബേദ്ക്കറിന് രാഷ്ട്രം സമ്മാനിച്ചു.
Brave Hearts : സൗരഭ് കാലിയ; 22 ദിവസം നരകയാതന സഹിച്ച് രക്തസാക്ഷിയായ 22-കാരന്‍!