സിനിമകള്‍ക്കൊപ്പം തിളങ്ങിയത് ഡെലിഗേറ്റുകള്‍; മേളയ്ക്ക് ഇന്ന് കൊടിയിറക്കം

By Nirmal Sudhakaran  |  First Published Dec 13, 2018, 1:21 AM IST

ഈ മേളയുടെ യഥാര്‍ഥ സൂപ്പര്‍സ്റ്റാറുകള്‍ ഡെലിഗേറ്റുകളായിരുന്നു. പണത്തിന്റെ അപര്യാപ്തതയാല്‍ പകിട്ടും സിനിമകളുടെ എണ്ണവും കുറച്ച മേളയ്ക്ക് രണ്ടായിരവും ആയിരവും കൊടുത്ത്, പരാതികളൊന്നുമില്ലാതെ തീയേറ്ററുകള്‍ക്ക് മുന്നില്‍ വരിനിന്ന് മനസ് നിറച്ച് സിനിമകള്‍ കണ്ട ചലച്ചിത്ര പ്രേമികളായിരുന്നു ഇത്തവണത്തെ മേളയുടെ കരുത്ത്.


ഓര്‍ത്തുവെക്കാന്‍ ഒരുപിടി സിനിമകള്‍ സമ്മാനിച്ചാണ് എല്ലാത്തവണത്തെയുംപോലെ ഇത്തവണത്തെയും ചലച്ചിത്രമേള കടന്നുപോകുന്നത്. അല്‍ഫോന്‍സോ ക്വാറോണിന്റെ 'റോമ'യോ കിം കി ഡുക്കിന്റെ 'ഹ്യൂമന്‍, സ്‌പെയ്‌സോ' മത്സരവിഭാഗത്തിലുണ്ടായിരുന്ന അര്‍ജന്റൈന്‍ ചിത്രം 'എല്‍ ഏയ്ഞ്ചലോ' മലയാളത്തില്‍ മികവുള്ള പരീക്ഷണവുമായി വന്ന 'സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സോ' അങ്ങനെ വ്യക്തിപരമായി ഇഷ്ടചിത്രങ്ങള്‍ പലതാവും പലര്‍ക്ക്. പ്രളയം നല്‍കിയ തിരിച്ചടിയില്‍ തുടക്കത്തില്‍ വേണ്ടെന്നുവെച്ച മേള നടപ്പാക്കിയെടുക്കാനായതില്‍ ചലച്ചിത്ര അക്കാദമിയ്ക്ക് അഭിമാനിക്കാം. പക്ഷേ ഈ മേളയുടെ യഥാര്‍ഥ സൂപ്പര്‍സ്റ്റാറുകള്‍ ഡെലിഗേറ്റുകളായിരുന്നു. പണത്തിന്റെ അപര്യാപ്തതയാല്‍ പകിട്ടും സിനിമകളുടെ എണ്ണവും കുറച്ച മേളയ്ക്ക് രണ്ടായിരവും ആയിരവും കൊടുത്ത്, പരാതികളൊന്നുമില്ലാതെ തീയേറ്ററുകള്‍ക്ക് മുന്നില്‍ വരിനിന്ന് മനസ് നിറച്ച് സിനിമകള്‍ കണ്ട ചലച്ചിത്ര പ്രേമികളായിരുന്നു ഇത്തവണത്തെ മേളയുടെ കരുത്ത്.

Latest Videos

undefined

മജീദ് മജീദിയുടെ സാന്നിധ്യം

ചില്‍ഡ്രന്‍ ഓഫ് ഹെവനും കളര്‍ ഓഫ് പാരഡൈസുമൊക്കെ ഒരുക്കി മലയാളി ചലച്ചിത്രപ്രേമിയുടെ മനസ്സില്‍ ഇടംപിടിച്ച ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ജൂറി ചെയര്‍മാനായി എത്തിയത് മേളയ്ക്ക് തിളക്കമായി. ഭാഷാതടസ്സം മൂലം ആസ്വാദകരുമായുള്ള നേര്‍ക്കുനേര്‍ വിനിമയം ഏറെക്കുറെ അസാധ്യമായെങ്കിലും  മജീദിയുടെ ഒരാഴ്ചക്കാലത്തെ സാന്നിധ്യം മേളയ്ക്ക് നല്‍കിയ പൊലിമ ചെറുതല്ല. അതേസമയം മജീദിയുടെ 'മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ്' പ്രദര്‍ശിപ്പിക്കാന്‍ കഴിയാതിരുന്ന സാഹചര്യം ആസ്വാദകര്‍ക്ക് നിരാശയുണ്ടാക്കി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഷെഡ്യൂള്‍ പ്രകാരമുണ്ടായിരുന്ന രണ്ട് പ്രദര്‍ശനങ്ങളും ്അക്കാദമി റദ്ദാക്കുകയായിരുന്നു. നേരത്തേ കൊല്‍ക്കത്ത മേളയിലടക്കം പ്രദര്‍ശിപ്പിച്ച് പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണിത്. 

അറിയാത്ത ഇന്ത്യ, തോല്‍ക്കാത്ത മനുഷ്യര്‍

സിനിമകളുടെ എണ്ണം കുറവായിരുന്നു ഇത്തവണ. അതുപോലെ സ്പെഷ്യല്‍ പാക്കേജുകളും. സ്ഥിരം വിഭാഗങ്ങള്‍ കൂടാതെ അകലങ്ങളിലെ ഇന്ത്യയെ കാട്ടിത്തന്ന 'പോട്ട്പുരി ഇന്ത്യ'യും മാനുഷികമായ പ്രതീക്ഷയുടെയും പുനര്‍ നിര്‍മ്മാണത്തിന്റെയും കഥകള്‍ പറഞ്ഞ 'ദി ഹ്യൂമന്‍ സ്പിരിറ്റ്' എന്ന പാക്കേജുകളാണ് ഉണ്ടായിരുന്നത്. ഇന്ത്യയുടെ ഈ വര്‍ഷത്തെ ഒഫിഷ്യല്‍ ഓസ്‌കര്‍ എന്‍ട്രിയായ വില്ലേജ് റോക്ക്സ്റ്റാര്‍സ് ഒരുക്കിയ റിമ ദാസിന്‍റെ പുതിയ ചിത്രം 'ബുള്‍ബുള്‍ കാന്‍ സിംഗ്', ലഡാക്കി ചിത്രം ചുസ്‌കിറ്റ്, മലയാളി സംവിധായകന്‍ പാമ്പള്ളിയുടെ ജെസരി ഭാഷാ ചിത്രം സിന്‍ജാര്‍ എന്നിവയൊക്കെ 'പോട്ട്പുരി ഇന്ത്യ'യില്‍ ശ്രദ്ധ നേടി. 2008ലെ മികച്ച ഹ്രസ്വചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ ജയരാജിന്റെ 'വെള്ളപ്പൊക്കത്തില്‍', ലിയനാര്‍ഡോ ഡികാപ്രിയോ സ്‌ക്രീനിലെത്തിയ ഡോക്യുമെന്ററി, ബിഫോര്‍ ദി ഫ്‌ളഡ് എന്നിവയുടെയൊക്കെ ബിഗ് സ്‌ക്രീന്‍ അനുഭവങ്ങള്‍ ഡെലിഗേറ്റുകള്‍ക്ക് നല്‍കി 'ദി ഹ്യൂമന്‍ സ്പിരിറ്റ്' പാക്കേജ്.

മത്സരിക്കാന്‍ കാമ്പുള്ള ചിത്രങ്ങള്‍

നിലവാരമുള്ള സിനിമകളാല്‍ സമ്പന്നമായിരുന്നു ഇത്തവണത്തെ മത്സരവിഭാഗം. മലയാളത്തില്‍ നിന്ന് ഈ.മ.യൗവും സുഡാനി ഫ്രം നൈജീരിയയും ഉണ്ടായിരുന്നു മത്സരത്തിന്. മലയാളികളല്ലാത്ത കാണികള്‍ ഇരുചിത്രങ്ങളുടെയും പ്രദര്‍ശനങ്ങള്‍ക്ക് ഉണ്ടായിരുന്നു. ലൂയിസ് ഒര്‍ട്ടേഗയുടെ അര്‍ജന്റൈന്‍ ചിത്രം എല്‍ ഏയ്ഞ്ചല്‍, റ്റെമിര്‍ബെക്ക് ബിര്‍നസരോവിന്റെ കിര്‍ഗിസ്താന്‍ ചിത്രം നൈറ്റ് ആക്‌സിഡന്റ്, ബഹ്മാന്‍ ഫര്‍മനാറയുടെ ഇറാനിയന്‍ ചിത്രം ടെയ്ല്‍ ഓഫ് ദി സീ, പ്രവീണ്‍ മൊര്‍ച്ഛാലെയുടെ ഉര്‍ദു ചിത്രം വിഡോ ഓഫ് സൈലന്‍സ് എന്നിവയാണ് മത്സരവിഭാഗത്തില്‍ കാണികളുടെ വലിയ ഇഷ്ടം നേടിയെടുത്ത ചിത്രങ്ങള്‍. ദീര്‍ഘകാലം നാടകരംഗത്ത് പ്രവര്‍ത്തിച്ച അനാമിക ഹക്‌സറിന്റെ ആദ്യ ഫീച്ചര്‍ ചിത്രം 'ടേക്കിംഗ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്' വ്യത്യസ്തമായ പരീക്ഷണം എന്ന നിലയില്‍ ശ്രദ്ധ നേടി.

ഡിജിറ്റലില്‍ പരീക്ഷണം തുടങ്ങിയ മലയാളം

മലയാളസിനിമയുടെ ഭാവിയെക്കുറിച്ച് കാണികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില ചിത്രങ്ങളുണ്ടായിരുന്നു മലയാളസിനിമ ഇന്ന് എന്ന പാക്കേജില്‍. മായാനദിയും ഈടയും പറവയുമൊക്കെയുണ്ടായിരുന്ന വിഭാഗത്തില്‍ പ്രീമിയര്‍ ഷോ നടന്ന ചിത്രങ്ങളുമുണ്ടായിരുന്നു. അതില്‍ ഏറ്റവും ജനപ്രീതി നേടിയത് ഇരട്ടസംവിധായകരായ ഗൗതം സൂര്യയും സുദീപ് ഇളമണും ചേര്‍ന്ന് സംവിധാനം ചെയ്ത സ്ലീപ്പ്‌ലെസ്‌ലി യുവേഴ്‌സ് എന്ന ചിത്രമാണ്. ഉറക്കത്തെ അകറ്റിനിര്‍ത്തി ചില ദിവസങ്ങള്‍ മുന്നോട്ടുപോകാന്‍ തീരുമാനിക്കുന്ന കമിതാക്കളില്‍ ഒരാളുടെ ഓര്‍മ്മകളിലൂടെ വികസിക്കുന്ന കഥ നോണ്‍ ലീനിയര്‍ ആഖ്യാനത്തിലാണ്. ചിത്രത്തിന്റെ മൂന്ന് പ്രദര്‍ശനങ്ങളും ഹൗസ്ഫുള്‍ ആയിരുന്നു. വിനു കോലിച്ചലിന്റെ ബിലാത്തിക്കുഴല്‍, ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം എന്നീ ചിത്രങ്ങളും ശ്രദ്ധ നേടി.

ക്വാറോണ്‍, കിം കി ഡുക്ക്, ഗൊദാര്‍ദ്

പാക്കേജുകള്‍ പോരെന്ന് അഭിപ്രായമുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മനം നിറയ്ക്കാനുള്ളതൊക്കെ ഇത്തവണത്തെ ലോകസിനിമാവിഭാഗത്തില്‍ ഉണ്ടായിരുന്നു. ലോകസിനിമയിലെ വലിയ മേല്‍വിലാസക്കാരുടെയൊക്കെ ഏറ്റവും പുതിയ സിനിമകള്‍ അവരുടെ ആരാധകര്‍ക്ക് മുന്നിലെത്തിച്ചു 'വേള്‍ഡ് സിനിമ' പാക്കേജ്. ഐഎഫ്എഫ്‌കെയുടെ സമീപകാലചരിത്രത്തിലെ ഏറ്റവും ജനപ്രീതി നേടിയ സംവിധായകന്‍ കിം കി ഡുക്കിന്റെ 'ഹ്യൂമന്‍, സ്‌പെയ്‌സ്, ടൈം ആന്റ് ഹ്യൂമന്‍', ഫ്രഞ്ച് ആചാര്യന്‍ ഗൊദാര്‍ദ് മീഡിയത്തിലെ പരീക്ഷണം തുടരുന്ന ദി ഇമേജ് ബുക്ക്, ലോകസിനിമയില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുയര്‍ത്തിയ അല്‍ഫോന്‍സോ ക്വാറോണിന്റെ റോമ, അമോസ് ഗിതായിയുടെ 'എ ട്രാംവേ ഇന്‍ ജെറുസലേം, ക്ലെയര്‍ ഡെനിസിന്റെ ഹൈ ലൈഫ്, ഗാസ്പര്‍ നോയുടെ ക്ലൈമാക്‌സ്, ജാക്വസ് ഓഡിയാഡിന്റെ ദി സിസ്‌റ്റേഴ്‌സ് ബ്രദേഴ്‌സ്, ജാഫര്‍ പനാഹിയുടെ 3 ഫേസസ്, ലാര്‍സ് വോണ്‍ ട്രയറിന്റെ ഹൗസ് ദാറ്റ് ജാക്ക് ബില്‍റ്റ്, നൂറി ബില്‍ഗെ ജെയ്‌ലാന്റെ വൈല്‍ഡ് പിയര്‍ ട്രീ എന്നിങ്ങനെ തെരഞ്ഞെടുക്കാന്‍ ആവോളമുണ്ടായിരുന്നു ഈ വിഭാഗത്തില്‍. കൂട്ടത്തില്‍ ഏറ്റവും കൈയടി നേടിയത് കിം കി ഡുക്കും ക്വാറോണുമാണ്. ക്വാറോണിന്റെ റോമ ആഗോള തീയേറ്റര്‍ റിലീസിന് മുന്‍പ് ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അസുലഭാവസരമായിരുന്നു ഐഎഫ്എഫ്‌കെയില്‍.

click me!