ശാസ്ത്രത്തിന്‍റെ ചലച്ചിത്രഭാഷ്യ വിസ്‌മയമായി മൂന്ന് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും...
തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ ശാസ്ത്രത്തിന്‍റെ ചലച്ചിത്രഭാഷ്യ വിസ്‌മയമൊരുക്കി മൂന്ന് സയന്‍സ് ഫിക്ഷന്‍ സിനിമകള്‍.
ബഹിരാകാശ ദൗത്യത്തിലേര്‍പ്പെടുന്ന ഒരു സംഘം കുറ്റവാളികളുടെ കഥ പറയുന്ന ക്ലയര്‍ ഡെനിസിന്‍റെ ഫ്രഞ്ച് ചിത്രം 'ഹൈ ലൈഫാണ് ഇതിലെ ശ്രദ്ധേയ ചിത്രം. ഡിസംബര്‍ ഏഴിന് മൂന്ന് മണിക്ക് ധന്യ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കും. ലൊക്കാര്‍ണോ രാജ്യന്തര ചലച്ചിത്രമേളയില്‍ ഗോള്‍ഡന്‍ ലേപാര്‍ഡ് പുരസ്‌കാരം നേടിയ ചിത്രമാണിത്.
undefined
കാന്‍ ഫെസ്റ്റിവലില്‍ പ്രശംസ നേടിയ അലി അബാസിയുടെ സ്വീഡിഷ് ചിത്രം 'ബോര്‍ഡര്‍' ആണ് മറ്റൊന്ന്‍. മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി നാമനിര്‍ദേശം ലഭിച്ച ചിത്രം കൂടിയാണിത്. ഏഴാം തിയതി 2.15ന് ടാഗോറിലാണ് ചിത്രത്തിന്‍റെ പ്രദര്‍ശനം. ഗന്ധം കൊണ്ട് കുറ്റവാളികളെ തിരിച്ചറിയുന്ന അതിര്‍ത്തി കാവല്‍ക്കാരിയാണ് പ്രമേയം.
ക്വാര്‍ക്‌സ് സംവിധാനം ചെയ്ത ഫ്രഞ്ച് സിനിമ 'ഓള്‍ ദ് ഗോഡ്‌സ് ഇന്‍ സ്‌കൈ'യാണ് മൂന്നാമത്തെ ചിത്രം. ഭിന്നശേഷിക്കാരിയായ സഹോദരിയും അവളുടെ സഹോദരനും കഥാപാത്രങ്ങളാകുന്ന ഈ സിനിമ ഇവരുടെ വ്യത്യസ്‌ത മാനസികതലങ്ങളിലൂടെയുള്ള യാത്രയാണ്. ഡിസംബര്‍ എട്ടിന് ന്യൂ സ്‌ക്രീന്‍ മൂന്നില്‍ 12.15നാണ് ഈ ചിത്രത്തിന്‍റെ പ്രദര്‍ശനം.