വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ പൊലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. ആറു പേരും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരെ. അവൻ തന്നെയാണോ കുറ്റവാളി?
കൊച്ചി: റഹ്‌മാൻ നായകനാവുന്ന തെലുങ്ക്, തമിഴ് ദ്വിഭാഷാ ചിത്രമായ ' 7 '- സെവൻ മെയ് അവസാന വാരം പ്രദർശനത്തിനെത്തുന്നു. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ഈ ചിത്രത്തിൽ വിജയ് പ്രകാശ് എന്ന പൊലീസ് കമ്മീഷണർ നായക കഥാപാത്രമായാണ് റഹ്‍മാന്‍ എത്തുന്നത്. ആദ്യന്തം കാക്കി ഉടുക്കാത്ത പൊലീസ് ഓഫീസറായിട്ടാണ് താരം അഭിനയിക്കുന്നത് എന്നത് ചിത്രത്തിന്‍റെ പ്രത്യേകതയാണ്.
തെലുങ്കിലെ യുവ നായകൻ ഹവിഷ് പ്രതിനായക ഛായയുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഛായാഗ്രാഹകൻ കൂടിയായ നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവൻ. ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ്. റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അദിതി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് സെവനില്‍ വേഷമിടുന്നത്.
undefined
നഗരത്തിൽ സുന്ദരിമാരായ പെൺകുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾ, അവർക്കുണ്ടാകുന്ന ദുരന്തങ്ങൾ തുടർക്കഥയാകുന്നു. വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിക്കുന്ന ഇരകളായ ആറു പെൺകുട്ടികൾ വിവിധ സന്ദർഭങ്ങളിൽ പൊലീസ് കമ്മീഷണറുടെ അടുത്ത് പരാതിയുമായി എത്തുന്നു. ആറു പേരും പരാതി നൽകുന്നത് ഒരേ വ്യക്തിക്കെതിരെ. അവൻ തന്നെയാണോ കുറ്റവാളി?. എന്തിനു വേണ്ടി ഈ കുറ്റകൃത്യങ്ങൾ നടത്തി? ആരാണ് യഥാർത്ഥ കുറ്റവാളി? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടിയുള്ള പൊലീസ് കമ്മീഷണർ വിജയ് പ്രകാശിന്‍റെ കുറ്റാന്വേഷണ യാത്ര ചെന്നെത്തുന്നത് നടുക്കുന്ന സത്യങ്ങളിലേക്കാണ്.
ഗ്ലാമറും ആക്ഷനും ദുരൂഹതകളും നിറഞ്ഞ, പ്രേക്ഷകരെ ജിജ്ഞാസയുടെ മുനമ്പിൽ നിർത്തുന്ന ഒരു അവതരണ രീതിയാണ് നിസ്സാർ ഷാഫി സ്വീകരിച്ചിട്ടുള്ളത്. ചൈതൻ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു. കിരൺ സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്ന് നിർമ്മിച്ച 7- സെവൻ ഹൈദരാബാദ്, ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചത്.