ഇന്ന് വേൾഡ് ഓറൽ ഹെൽത്ത് ഡേ അഥവാ ലോകവദനാരോഗ്യ ദിനം. ദന്താരോഗ്യത്തെ കുറിച്ചും ഒരു ദന്ത ഡോക്ടർക്ക് നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്നതിനെ കുറിച്ചും ഡോ. കീർത്തി പ്രഭ എഴുതുന്നു...
മാർച്ച് 20 വേൾഡ് ഓറൽ ഹെൽത്ത് ഡേ അഥവാ ലോകവദനാരോഗ്യ ദിനമാണ്. എന്തുകൊണ്ടാണ് മാർച്ച് 20 തെരഞ്ഞെടുത്തത് എന്നറിയാമോ? അതിനു പിന്നിൽ കൗതുകം ഉണർത്തുന്ന ചില കാരണങ്ങൾ ഉണ്ട്. മൂന്നു പോയിന്റുകളാണ് അവിടെ പരിശോധിക്കേണ്ടത്.
വാർദ്ധക്യത്തിൽ വെപ്പുവല്ലുകൾ കൂടാതെ ആരോഗ്യമുള്ള 20 പല്ലുകൾ ഉണ്ടായിരിക്കണം, കുഞ്ഞുങ്ങൾക്ക് 6 വയസ്സുവരെ 20 പാൽപല്ലുകൾ നഷ്ടപ്പെടാതെ ഉണ്ടായിരിക്കണം. മറ്റ് മുതിർന്ന ആളുകളിൽ 32 പല്ലുകളും കേടുകൂടാതെ ഉണ്ടായിരിക്കണം, അതായത് '0'(പൂജ്യം) കേട് ആയിരിക്കണം. അങ്ങനെ 3,20 എന്നീ സംഖ്യകൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് FDI അഥവാ വേൾഡ് ഡെന്റൽ ഫെഡറേഷൻ വർഷത്തിലെ മൂന്നാം മാസമായ മാർച്ച് 20 ഈ ഒരു ദിവസത്തിനായി 2007 മുതൽ തിരഞ്ഞെടുത്തത്.
undefined
ഒരു ദന്ത ഡോക്ടർക്ക് നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ. ശാരീരിക ആരോഗ്യത്തിലേക്കുള്ള യാത്ര തുടങ്ങുന്നത് സന്തോഷവും വൃത്തിയും ഉള്ള വായയിൽ നിന്നാണ്. ആ യാത്രയിൽ നിങ്ങൾക്ക് മാർഗദർശിയാവാൻ ഏറ്റവും അനുയോജ്യം ഒരു ദന്തഡോക്ടർ ആണ് എന്ന് പറയുമ്പോൾ പലരും അത്ഭുതപ്പെട്ടേക്കാം. ലോക വദനാരോഗ്യ ദിനത്തിന്റെ 2024ലെ പ്രമേയം "എ ഹാപ്പി മൗത്ത് ഈസ് എ ഹാപ്പി ബോഡി" എന്നതാണ്. സന്തോഷവും ആരോഗ്യവും ഉള്ള വായ സന്തോഷമുള്ള ശരീരത്തെ പ്രതിനിധാനം ചെയ്യുന്നു എന്നർത്ഥം. വേദന വരുമ്പോൾ പറിച്ചു കളയാവുന്ന നിസ്സാരമായ സ്ഥാനം മാത്രം പല്ലുകൾക്ക് കൊടുത്തിരുന്ന കാലത്തിൽ നിന്നും നമ്മളൊരുപാട് മുന്നോട്ട് വന്നു. പല്ല് പറിക്കൽ എന്നത് ദന്തചികിത്സയുടെ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള നടപടിക്രമങ്ങളിൽ ഒന്നാണ്. ഇന്ന് പല്ലുകൾ ഏതൊക്കെ രീതിയിൽ സംരക്ഷിച്ചു നിർത്താം എന്ന മേഖലയിൽ നൂതനമായ പല ചികിത്സാ രീതികളും വികസിച്ചു കൊണ്ടേയിരിക്കുന്നു. ലോകമെമ്പാടുമുള്ള മനുഷ്യർക്ക് മെച്ചപ്പെട്ട ദന്താരോഗ്യം ആസ്വദിക്കാനുള്ള വഴികളാണ് അതിലൂടെ തുറക്കപ്പെടുന്നത്. അങ്ങനെ ഉയർത്തപ്പെടുന്നത് മനുഷ്യരുടെ ജീവിത നിലവാരം കൂടിയാണ്. പിഞ്ചുകുഞ്ഞു മുതൽ പ്രായമായവർ വരെയുള്ള സകല മനുഷ്യരുടെയും ദന്താരോഗ്യത്തിന് അതിന്റെതായ പ്രാധാന്യമുണ്ട്. ഏതു പ്രായത്തിലും വായ ശുചിയായി സൂക്ഷിക്കുക എന്നത് അതാത് പ്രായത്തിനനുസൃതമായ ശാരീരിക ആരോഗ്യം കാത്തുസൂക്ഷിക്കാൻ അത്യന്താപേക്ഷിതമാണ്.
കഴിക്കുന്ന ഭക്ഷണം നന്നായി ചവച്ചരക്കുന്നതിലൂടെയാണ് ദഹനപ്രക്രിയ ആരംഭിക്കുന്നത്. കേടുവന്നതും വേദനയുള്ളതും പൊട്ടിയതും പുളിപ്പുള്ളതും വിടവുകളുള്ളതും നഷ്ടപ്പെട്ടതുമായ പല്ലുകൾ, മോണയെ ബാധിക്കുന്ന രോഗങ്ങൾ ഇവയൊക്കെ ഭക്ഷണം ചവച്ചരയ്ക്കുക എന്ന പ്രക്രിയയ്ക്ക് തടസ്സങ്ങൾ ഉണ്ടാക്കുന്നു. വായയുടെയും പല്ലിന്റെയും ആരോഗ്യം ശാരീരിക പ്രശ്നങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് ഈ ഒരു കാര്യത്തിൽ നിന്ന് തന്നെ വ്യക്തമാണ്. പല്ലിനുണ്ടാകുന്ന കേടുകളും മോണരോഗങ്ങളും ദന്തശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത തലവേദന സന്ധിവേദന, പേശീവേദന തുടങ്ങി നിരവധി അനാരോഗ്യകരമായ അവസ്ഥകൾക്ക് കാരണമാകുന്നു.
ദന്ത ചികിത്സാ മേഖല എത്രയൊക്കെ വികാസം പ്രാപിച്ചിട്ടും പലരും ഉയർന്ന നിലവാരമുള്ള ചികിത്സകൾ സ്വീകരിക്കാൻ മടിക്കുന്നു. ചികിത്സാ ചിലവാണ് ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നം. നമ്മുടെ ശരീരത്തിലുള്ള മറ്റേതൊരു അവയവത്തിനും അസുഖം ബാധിച്ചാൽ എത്ര വലിയ ചിലവ് ആണെങ്കിലും ചികിത്സ നൽകാൻ നമ്മൾ മടിക്കാറില്ല. യഥാർത്ഥത്തിൽ പല്ലിന്റെ ചികിത്സാ ചെലവ് ഒരു ആശങ്കയായി നമ്മുടെ ഉള്ളിൽ നിലനിൽക്കുന്നത് ഇന്നും പല്ലിനു നൽകേണ്ട പ്രാധാന്യത്തെയും ആരോഗ്യത്തെയും പറ്റി കൃത്യമായ ബോധവൽക്കരണം നമുക്ക് ലഭിക്കാത്തത് കൊണ്ടാണ്. ഒരു സ്വയം വിമർശനം ആയി തന്നെ പറയട്ടെ. പല ദന്ത ഡോക്ടർമാരും തങ്ങളുടെ രോഗികൾ ഒരു നിശ്ചിത ചിലവിനുള്ളിൽ മാത്രമേ ദന്ത ചികിത്സകൾ സ്വീകരിക്കുകയുള്ളൂ എന്ന മുൻ ധാരണയിലൂന്നിക്കൊണ്ട് ദീർഘകാല ഗുണഫലങ്ങൾ നൽകാത്ത സാധാരണ രീതിയിലുള്ള ഫില്ലിംഗ് മെറ്റീരിയലുകൾ ഉപയോഗിച്ചുകൊണ്ട് പല്ല് അടക്കൽ ചികിത്സകൾ അടക്കം മറ്റുപല ചികിത്സകളും ചെയ്യാൻ നിർബന്ധിതരാകാറുണ്ട്. മറ്റെല്ലാ മേഖലകളിലും ഉള്ളതുപോലെ ദന്ത ചികിത്സകൾക്ക് ഉപയോഗിക്കുന്ന മെറ്റീരിയലുകളിലും പലവിധ ബ്രാൻഡുകൾ നിലവിലുണ്ട് എന്ന് ആദ്യം മനസ്സിലാക്കുക.അതിൽ ഏറ്റവും ഗുണമേന്മയുള്ള ബ്രാൻഡിന് വില കൂടുതലായിരിക്കും. അത് ഉപയോഗിച്ച് ചെയ്യുന്ന ദന്ത ചികിത്സക്കും ചെലവ് കൂടുതലായിരിക്കും. പല ക്ലിനിക്കുകളിലും പല ചാർജുകൾ ആണ് എന്ന് എന്റെ അടുത്ത് വരുന്ന പല രോഗികളും താരതമ്യം ചെയ്യാറും പരാതി പറയാറുണ്ട്. പല ഡോക്ടർമാരും വ്യത്യസ്തങ്ങളായ ദന്ത ചികിത്സാ രീതികൾ പിന്തുടരുന്നവരും വ്യത്യസ്തങ്ങളായ ബ്രാൻഡുകളിലുള്ള ദന്തചികിത്സ മെറ്റീരിയലുകൾ ഉപയോഗിക്കുന്നവരും ആയിരിക്കും. ദന്ത ചികിത്സയിൽ ഉപയോഗിക്കുന്ന ക്യാപ്പുകൾ പോലും അതിന്റെ ഗുണമേന്മയും ദൃഢതയും മിനുസവും ഒക്കെ അനുസരിച്ച് ചിലവേറിയത് ചിലവ് കുറഞ്ഞത് എന്നിങ്ങനെ പല തരത്തിലുണ്ട്.
വേദന വന്ന അല്ലെങ്കിൽ പൊട്ടിയ ഒരു പല്ല് നിലനിർത്താനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ അത് എത്ര ചെലവേറിയതായാലും നിലനിർത്തുക എന്നതാണ് ഏറ്റവും നല്ല ചികിത്സാരീതി. ദീർഘകാല അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ അതിന് തന്നെയാണ് കുറഞ്ഞ ചിലവ് ആവശ്യമായി വരിക. ഒരു പല്ല് നഷ്ടപ്പെടുമ്പോൾ അവിടെ ഒരു വിടവ് ഉണ്ടാവുകയും ആ വിടവ് നിങ്ങൾ പെട്ടെന്ന് തന്നെ കൃത്രിമ പല്ലുകൾ വെച്ച് നികത്തില്ലായെങ്കിൽ ആ വിടവിലേക്ക് മറ്റുള്ള പല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കാനുള്ള സാധ്യതകളുണ്ട്.മറ്റുള്ള പല്ലുകൾ അവയുടെ സ്വാഭാവിക സ്ഥാനത്തു നിന്നും മാറി ചരിയാനും നീങ്ങാനും പൊങ്ങി വരാനും ഒക്കെ തുടങ്ങുമ്പോൾ അതിനോടനുബന്ധിച്ചുള്ള നിങ്ങളുടെ പ്രശ്നങ്ങൾ വീണ്ടും ആരംഭിക്കുകയായി. അത്തരം പ്രശ്നങ്ങൾ പരിഹരിക്കാനും ചികിത്സിക്കാനും പല്ല് പോയ ഉടനെ തന്നെ കൃത്രിമ പല്ല് വെക്കുന്നതിനേക്കാൾ ചിലവും സമയവും പരിശ്രമവും അധികമായി വരുന്നു.
നമ്മൾ ഉപയോഗിക്കുന്ന വാഹനങ്ങളും ഫോണുമൊക്കെ നമ്മൾ കൃത്യമായി സൂക്ഷിക്കുകയും വർഷത്തിൽ ഒരിക്കലെങ്കിലും സർവീസ് ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ ആ പരിഗണന പോലും നമ്മൾ പല്ലുകൾക്ക് നൽകാറില്ല എന്നതാണ് വാസ്തവം. മൂന്നുനേരം മാത്രമല്ല നമ്മൾ ഭക്ഷണം കഴിക്കുന്നത്. ചോക്ലേറ്റുകളും മധുര പാനീയങ്ങളും ഇടഭക്ഷണങ്ങളും അടക്കം എത്ര പ്രാവശ്യമാണ് നമ്മൾ ചവച്ചരയ്ക്കാൻ പല്ലുകളെ ഉപയോഗിക്കുന്നത്. എന്നാൽ അതിനാവശ്യമായ പരിഗണന പല്ലുകൾക്ക് നൽകാൻ നമ്മൾ ആരും തയ്യാറാകുന്നില്ല. കഠിനമായ വേദനയോ അസഹ്യമായ പ്രശ്നങ്ങളോ ഉണ്ടായാൽ മാത്രമാണ് നമ്മൾ പല്ലിനുള്ള ചികിത്സ തേടി പോകുന്നത്.സത്യത്തിൽ എന്തൊരു അവഗണനയാണ് അല്ലേ?
മറ്റൊന്നാണ് പഴയ കാലവുമായി താരതമ്യപ്പെടുത്തൽ. പണ്ടുകാലത്ത് പല്ലിന് കേട് ഉണ്ടായിരുന്നില്ല എന്നുള്ള പ്രസ്താവനകൾ പലരിൽ നിന്നും കേൾക്കാറുണ്ട്. അത് ഉമിക്കരി കൊണ്ട് പല്ല് തേക്കുന്നത് കൊണ്ടാണ് എന്ന് വരെ പറഞ്ഞവരുണ്ട്. പേസ്റ്റുകളും മൗത്ത് വാഷുകളും മറ്റ് ദന്ത ഉൽപ്പന്നങ്ങളും ഒക്കെ ഉപയോഗിക്കാൻ പറയുന്നത് മരുന്ന് കമ്പനികളുമായുള്ള ഒത്തുകളി ഒന്നുമല്ല കേട്ടോ. അനാവശ്യമായി ഒരു മരുന്നുകളോ ഉൽപ്പന്നങ്ങളോ ഉപയോഗിക്കാൻ നീതിബോധമുള്ള ഒരു ഡോക്ടർ നിങ്ങളോട് ആവശ്യപ്പെടുകയില്ല. പക്ഷേ നിങ്ങളുടെ ആരോഗ്യത്തിന് ആവശ്യമുള്ളത് എഴുതി തരുമ്പോൾ അത് കൃത്യമായി ഉപയോഗിക്കാൻ മടി കാണിക്കുകയും അരുത്. മനുഷ്യരുടെ ആഹാരരീതിയും ജീവിതരീതിയുമൊക്കെ മുൻകാലങ്ങളെ അപേക്ഷിച്ചു വലിയ രീതിയിൽ മാറിയിട്ടുണ്ട്. അർബുദങ്ങൾക്ക് വരെ കാരണമാകാവുന്ന അത്തരം ശീലങ്ങൾ ഇതെന്ത് രോഗങ്ങൾക്കുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നുണ്ട്. പഴയകാലത്ത് ഇത്തരം രോഗങ്ങൾ ഇല്ലായിരുന്നു എന്ന് നമുക്ക് ഉറപ്പിച്ച് പറയാനും സാധിക്കില്ല. അന്ന് ഇതുപോലെ എല്ലാത്തിന്റെയും കൃത്യമായുള്ള കണക്കുകൾ ലഭ്യമാകാനുള്ള സാധ്യതകൾ കുറവായിരുന്നിരിക്കാം.
വദനാർബുദം എന്നത് പലപ്പോഴും സ്ഥിരമായുള്ള ഇടവേളകളിൽ ദന്ത പരിശോധന നടത്തുന്നതിലൂടെ ഒഴിവാക്കാൻ പറ്റുന്നതാണ്. പെട്ടെന്ന് പടരുന്നതായതിനാൽ നേരത്തെയുള്ള കണ്ടെത്തലും പ്രധാനമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പ്രതിവർഷം കണ്ടുപിടിക്കപ്പെടുന്ന ക്യാൻസറുകളിൽ ഏകദേശം മൂന്ന് ശതമാനവും അല്ലെങ്കിൽ 2022 ൽ ഏകദേശം 54,000 പുതിയ കേസുകളും ഓറൽ ക്യാൻസറാണ്. 40 വയസ്സിനു മുകളിലുള്ള പുരുഷന്മാരിലാണ് ഓറൽ ക്യാൻസർ കൂടുതലായി കാണുന്നത്. വായിലെയും തൊണ്ടയിലെയും മിക്ക അർബുദങ്ങളും പുകയില ഉപയോഗം, മദ്യപാനം, എന്നിവയുമായി ബന്ധപ്പെട്ടതാണ്. മൂർച്ചയുള്ളതും കേടുള്ളതും ആയ പല്ലുകൾ സ്ഥിരമായി വായയിൽ മുറിവുകൾ ഉണ്ടാക്കുന്നതും അർബുദത്തിന് കാരണമാകുന്നു.
വായയുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ ശരിയായ രീതിയിലുള്ള ദന്ത ശുചീകരണ ശീലങ്ങളും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും കൃത്യമായ ഇടവേളകളിൽ ദന്തപരിശോധനയും ഉറപ്പാക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള ഓർമ്മപ്പെടുത്തൽ ആണ് ഓരോ വദനാരോഗ്യ ദിനവും. സന്തോഷകരമായ വായ സന്തോഷകരമായ ശരീരം എന്ന് 2024 ഓർമ്മപ്പെടുത്തുന്നു.
എഴുതിയത്:
ഡോ. കീർത്തി പ്രഭ,
BDS,ചീഫ് ഡെന്റൽ സർജൻ,
മട്ടന്നൂർ മൾട്ടിസ്‌പെഷ്യാലിറ്റി ഡെന്റൽ ക്ലിനിക്