ഇന്ന് നവംബര്‍ 14- ലോക പ്രമേഹ ദിനം. പ്രമേഹ രോഗത്തെ കുറിച്ചും വർദ്ധിച്ചുവരുന്ന വെല്ലുവിളികളെ കുറിച്ചും കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ ആൻഡ് ഡയബറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജയരാജ് രാജൻ ബാബു എഴുതുന്ന ലേഖനം.
പ്രമേഹ രോഗത്തിന്‍റെ കാരണങ്ങളെ കുറിച്ചും നൂതന ചികിത്സകളെ കുറിച്ചും കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിലെ ഫാമിലി മെഡിസിൻ ആൻഡ് ഡയബറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ബിജയരാജ് രാജൻ ബാബു എഴുതുന്ന ലേഖനം.
പ്രമേഹരോഗികളുടെ എണ്ണത്തിൽ ഇന്ത്യ നിലവിൽ ഒന്നാം സ്ഥാനത്താണ്, 77 ദശലക്ഷം മുതിർന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, ഇത് 2045 ആകുമ്പോഴേക്കും 124.9 ദശലക്ഷമായി വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ പകുതി പേർ മാത്രമേ ആവശ്യത്തിനുള്ള ചികിത്സ സ്വീകരിക്കുന്നവർ ഉണ്ടാവുകയുള്ളൂ, അതിൽ തന്നെ കുറച്ചുപേർ മാത്രമേ ഡോക്ടർ നിർദ്ദേശിച്ച അതേ രീതിയിൽ ചികിത്സ സ്വീകരിക്കുന്നവർ ഉണ്ടാവുകയുള്ളൂ.
ഉദാസീനമായ ജീവിതശൈലി, നഗരവൽക്കരണം, ഭക്ഷണ ശീലങ്ങൾ എന്നിവയാണ് ഈ വർദ്ധനവിനെ സ്വാധീനിക്കുന്നത്. കേരളത്തിൽ, വ്യാപനം വളരെ ഉയർന്നതാണ്, ഏകദേശം10 മുതൽ 20% വരെ എത്തി, ഇന്ത്യയുടെ "പ്രമേഹ തലസ്ഥാനം" എന്ന പദവി വരെ നേടി. വളരുന്ന ഈ ആരോഗ്യ പ്രശ്‌നത്തെ നിയന്ത്രിക്കുന്നതിന് ബോധവൽക്കരണവും പ്രതിരോധ നടപടികളും നിർണായകമാണ്, പ്രത്യേകിച്ച് ഗ്രാമങ്ങളിലും വിഭവശേഷി കുറഞ്ഞ പ്രദേശങ്ങളിലും. പ്രമേഹം വരാതെ തടയുന്നതാണ് ഏറ്റവും അഭികാമ്യം എന്ന് വീഡിയോകളിലും സോഷ്യൽ മീഡിയകളിലുമായി എത്രതന്നെ പ്രചാരണം നടത്തിയാലും സമൂഹം അതിന് അർഹിക്കുന്ന പരിഗണന നൽകാറില്ല. പ്രമേഹം മാത്രമല്ല എല്ലാ ജീവിതശൈലി രോഗങ്ങളും ആരംഭിക്കുന്നത് നമ്മുടെ മൈൻഡ് സെറ്റിൽ നിന്നാണ്. നടത്തവും സൈക്കിൾ ചവിട്ടലും ഒക്കെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരുന്നതിൽ നിന്ന് വളരെ മെച്ചപ്പെട്ട ജീവിതശൈലിയിലേക്ക് നാം വളർന്നപ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങളുടെ, വ്യായാമത്തിന്റെ അളവ് വളരെ കുറഞ്ഞുവന്നു. ഇതോടെ അമിതവണ്ണം, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ഫാറ്റി ലിവർ തുടങ്ങിയവർ എല്ലാം ചേർന്ന് പ്രമേഹസാധ്യത കൂടിയ അവസ്ഥയിലേക്ക് നമ്മളെത്തി.
മുമ്പ് കഴിച്ചിരുന്ന പഴങ്ങൾക്കും പച്ചക്കറികൾക്കും പകരം ഇപ്പോൾ നമുക്ക് കയ്യെത്തും ദൂരത്ത് ഏറ്റവും കൂടുതൽ ലഭ്യമാകുന്നത് എണ്ണയിൽ പൊരിച്ചെടുത്തതും കൊഴുപ്പ് കൂടിയതുമായ ഫാസ്റ്റ് ഫുഡ് വിഭവങ്ങളാണ്. മറ്റൊന്ന് നമ്മൾ കൂടുതൽ 'സ്മാർട്ട്' ആയതോടെ ഫിസിക്കൽ ആക്ടിവിറ്റി അഥവാ വ്യായാമം എന്നത് ചൂണ്ടുവിരലിനും തള്ള വിരലിനും മാത്രമായി. നേരത്തെ 40 വയസ്സിനു മുകളിലുള്ളവർക്ക് മാത്രം കണ്ടിരുന്ന പ്രമേഹം ഇപ്പോൾ 20 വയസ്സ് മുതലുള്ള ചെറുപ്പക്കാരിൽ വരെ കാണുന്നത് വ്യാപകമായിരിക്കുന്നു.
കുടുംബ പാരമ്പര്യം പ്രമേഹം ബാധിക്കുന്നതിനുള്ള പ്രധാന റിസ്കുകളിൽ ഒന്നായി കണക്കാക്കുന്നുണ്ടെങ്കിലും പ്രധാന വില്ലൻ ജീവിതശൈലി തന്നെയാണ്. ഇപ്പോഴുള്ള തലമുറക്കും അതിനുള്ള മുകളിലുള്ള ഒരു തലമുറയ്ക്കും അപ്പുറത്തേക്ക് പ്രമേഹ രോഗബാധ ഇത്ര ശക്തമാകാതിരുന്നത് എന്ന ചോദ്യം പ്രസക്തമാണ്. അതുകൊണ്ട് നാം ഇപ്പോൾ ശ്രദ്ധിച്ചാൽ അടുത്ത തലമുറയിലേക്ക് എങ്കിലും പ്രമേഹ രോഗത്തിന്റെ തീരാദുരിതങ്ങൾ എത്താതെ നമുക്ക് സംരക്ഷിക്കാൻ കഴിഞ്ഞേക്കും. മറ്റൊന്ന് അമിതമായ മാനസിക സമ്മർദ്ദങ്ങളാണ്, സമ്പന്നതൊപ്പമുള്ള ജീവിതശൈലിയും ഇതിനോടൊപ്പം ചേരുമ്പോൾ പ്രമേഹം പലപ്പോഴും അനിയന്ത്രിതമായി മാറുന്നു. പരിഹാരം പ്രമേഹത്തെ പിടിച്ചു കെട്ടാനുള്ള ജീവിതശൈലി പരിഷ്കരണം ആണ്. അതേക്കുറിച്ചുള്ള ബോധവൽക്കരണത്തിലൂടെ ഒരു തലമുറയെ മാറ്റിയെടുക്കുക എന്ന നമുക്ക് മുന്നിലുണ്ട്.
നൂതന ചികിത്സകൾ പ്രമേഹ നിയന്ത്രണവും രോഗിയുടെ ചികിത്സാ ഫലങ്ങളും മെച്ചപ്പെടുത്താൻ ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. തുടർച്ചയായ ഗ്ലൂക്കോസ് മോണിറ്ററിംഗ് (സിജിഎം) ഉപകരണങ്ങളും അൾട്രാ ലോംഗ്-ആക്ടിംഗ് ഇൻസുലിനുകളും പോലുള്ള നൂതനമാർഗങ്ങൾ ശരീരത്തിലെ ഗ്ലൂക്കോസ് മാനേജ്മെൻ്റിനെ ലളിതമാക്കുകയും കൂടുതൽ സ്ഥിരതയുള്ള നിയന്ത്രണവും കുറച്ച് ദൈനംദിന ഇടപെടലുകളും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹത്തിന്, GLP-1 റിസപ്റ്റർ അഗോണിസ്റ്റുകളും SGLT2 ഇൻഹിബിറ്ററുകളും രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്നതിന് മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും ഹൃദയം, വൃക്ക രോഗങ്ങൾക്കുള്ള സാധ്യതകൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ധരിക്കാവുന്ന ഇൻസുലിൻ പമ്പുകൾ പരമ്പരാഗത കുത്തിവയ്പ്പുകൾക്ക് കൂടുതൽ സൗകര്യപ്രദവും വിവേകപൂർണ്ണവുമായ ബദൽ ആയി മാറിയിട്ടുണ്ട്. ഈ മുന്നേറ്റങ്ങൾ പ്രമേഹ പരിചരണത്തിലുണ്ടായ മുന്നേറ്റങ്ങൾ എടുത്ത് കാട്ടുന്നു. ഈ വർഷത്തെ ലോക പ്രമേഹ ദിന പ്രമേയമായ "ബ്രേക്കിംഗ് ബാരിയേഴ്‌സ്, ബ്രിഡ്ജിങ് ഗ്യാപ് " എല്ലാ തടസ്സങ്ങളെയും വെട്ടി മാറ്റി എല്ലാവർക്കും ചികിത്സ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്.
Also read: രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ