World Alzheimer's Day: ഇന്ന് ലോക മറവിരോഗ ദിനം; അറിയാം അൽഷിമേഴ്സിന്‍റെ ലക്ഷണങ്ങളെക്കുറിച്ച്, ഡോക്ടര്‍ എഴുതുന്നു

By Web Team  |  First Published Sep 21, 2024, 11:53 AM IST

ഇന്ന് സെപ്റ്റംബര്‍ 21- ലോക മറവിരോഗ ദിനം അഥവാ ലോക അൽഷിമേഴ്സ് ദിനം. അൽഷിമേഴ്സിനെ കുറിച്ച് ന്യൂറോളജിസ്റ്റ് ഡോ. സുദീപ് ബാലകൃഷ്ണൻ എഴുതുന്നു. 


അൽഷിമേഴ്സ് രോഗം, ഡിമെൻഷ്യ അഥവാ മറവിരോഗം എന്നത് ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രോഗ്രസീവ് ന്യൂറോഡിജെനറേറ്റീവ് രോഗമാണ്. ഇന്ത്യയിൽ ഏകദേശം 3.8 ദശലക്ഷം ആളുകൾ ഡിമെൻഷ്യ ബാധിച്ചവരാണ്.  2050 ഓടെ ഇത് 11.4 ദശലക്ഷമായി ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.  പ്രായമുള്ളവർ ഏറ്റവും കൂടുതൽ ജീവിക്കുന്ന കേരളത്തിൽ, ഇത് 2.16 ലക്ഷം  ആണ്. നമ്മുടെ സംസ്ഥാനത്ത്, 100,000 ആളുകളിൽ 564 പേർക്ക് അൽഷിമേഴ്സ് രോഗമോ മറ്റ് ഡിമെൻഷ്യയോ ഉണ്ട്. ആഗോളതലത്തിൽ 55 ദശലക്ഷം പേരാണ് ഈ രോഗം ബാധിച്ചവരായുള്ളത്. 

അൽഷിമേഴ്സ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങൾ: 

  • സ്മൃതി നഷ്ടം: അടുത്തിടെ നടന്ന സംഭവങ്ങൾ മറക്കുക, ആവർത്തിച്ച് ചോദ്യങ്ങൾ ചോദിക്കുക.
  • ചിന്തയും തീരുമാനമെടുക്കലും: സംഖ്യകളെ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട്, പണമിടപാട്, കണക്കുകൾ കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ട്.
  •  ഭാഷയും ആശയവിനിമയവും: ശരിയായ വാക്കുകൾ കണ്ടെത്തുന്നതിൽ ബുദ്ധിമുട്ട്, സംഭാഷണങ്ങളിലും ചർച്ചകളിലും പങ്കെടുക്കുന്നതിൽ ബുദ്ധിമുട്ട്.
  • ദൈനംദിന പ്രവർത്തനങ്ങൾ: സ്വയം പരിപാലനം, ഭക്ഷണം കഴിക്കൽ, വസ്ത്രം ധരിക്കൽ എന്നിവയിലൊക്കെ സഹായം ആവശ്യമാകുന്നു.

Latest Videos

undefined

കാരണങ്ങൾ:

അൽഷിമേഴ്സ് രോഗത്തിന്‍റെ കാരണം ഇപ്പോഴും പൂർണ്ണമായും മനസ്സിലാക്കാനായിട്ടില്ല, എന്നാൽ ചില പ്രധാന ഘടകങ്ങൾ താഴെ പറയുന്നു:

  •  ജനിതക ഘടകങ്ങൾ: കുടുംബ ചരിത്രം, പ്രത്യേകിച്ച് എർലി-ഓൺസെറ്റ് അൽഷിമേഴ്സ്.
  • പ്രോട്ടീൻ നിക്ഷേപങ്ങൾ: അമിലോയിഡ് പ്ലാക്കുകളും ടാവു -TAU- ടാംഗിളുകളും.
  • ജീവിതശൈലി: ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ.
  • പരിസ്ഥിതി ഘടകങ്ങൾ: തലക്ക് പരിക്കുകൾ, മസ്തിഷ്കത്തിൽ അണുബാധകൾ.

ആധുനിക ചികിത്സ:

അൽഷിമേഴ്സ് രോഗത്തിന് ഫലപ്രദമായ ഒരു  ചികിത്സയില്ല, പക്ഷേ ചില ചികിത്സാ മാർഗങ്ങൾ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു:

  • മരുന്നുകൾ: സ്മൃതി നഷ്ടം കുറയ്ക്കാൻ സഹായിക്കുന്നു.
  • തെറാപ്പികൾ: ഓക്യുപേഷണൽ തെറാപ്പി, മെമ്മറി തെറാപ്പി എന്നിവ രോഗികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു.
  • ജീവിതശൈലി മാറ്റങ്ങൾ: ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, മാനസിക ഉത്തേജനം എന്നിവ രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാൻ സഹായിക്കുന്നു.

അൽഷിമേഴ്സ് രോഗം ഒരു വലിയ ആരോഗ്യ പ്രശ്നമാണ്, പ്രത്യേകിച്ച് ഇന്ത്യയിലും കേരളത്തിലുമുള്ള വയോധികരിൽ. രോഗത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുകയും, പ്രാരംഭ രോഗലക്ഷണങ്ങൾ തിരിച്ചറിയുകയും, രോഗികളെ പിന്തുണയ്ക്കുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്. സെപ്റ്റംബർ 21, ഈ ലോക അൽഷിമേഴ്സ് ദിനം ആചരിക്കപ്പെടുന്നത് "ഡിമെൻഷ്യ, അൽഷിമേഴ്‌സ് - ഇത് പ്രവർത്തിക്കേണ്ട സമയം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ടാണ്. ഒരു മറവിരോഗിയെ കേൾക്കുകയും കാണുകയും മനസ്സിലാക്കുകയും ചെയ്യുമ്പോൾ മാത്രമാണ് ആരോഗ്യം അർഹിക്കുന്ന തരത്തിലുള്ള പരിചരണം ലഭ്യമാക്കാൻ സാധിക്കുക. അൽഷിമേഴ്സ് രോഗികളെപ്പോലെ തന്നെ, അവരെ പരിചരിക്കുന്നവരും നേരിടുന്ന മാനസിക സംഘർഷങ്ങൾ ഒട്ടേറെയാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ശക്തമായ പിന്തുണ ലഭിക്കുമ്പോൾ മാത്രമാണ് പരിചരണം അതിന്റെ പൂർണാർത്ഥത്തിൽ വിജയിക്കുകയുള്ളൂ.

എഴുതിയത്:

ഡോ. സുദീപ് ബാലകൃഷ്ണൻ,
സീനിയർ കൺസൾട്ടന്റ്-ന്യൂറോളജിസ്റ്റ്,
സ്റ്റാർകെയർ ഹോസ്പിറ്റൽ, കോഴിക്കോട്

 

click me!