അച്ഛന്റെ മരണത്തിന് ഭോപ്പാലിലെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ശേഷമാണ് ഗീതയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം ചെറിയ ലക്ഷണങ്ങള്‍ മാത്രമായിരുന്നു കാണിച്ചിരുന്നത്. പിന്നീട് ശ്വാസതടസവും പനിയും കൂടുകയായിരുന്നു
കൊവിഡ് 19 മഹാമാരി ( Covid 19 Pandemic ) വിതച്ച നാശനഷ്ടങ്ങള്‍ ചെറുതല്ല. ലോകമെമ്പാടുമുള്ള ജനത ഈ ദുരിതകാലത്തിലൂടെ ഇപ്പോഴും കടന്നുപോവുകയാണ്. ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി ( Covid Death ). തൊഴില്‍ നഷ്ടമായവരും, സാമൂഹികമായും മാനസികമായും തകര്‍ച്ച നേരിട്ടവരും നിരവധി.
ഇതിനിടയില്‍ ആശ്വാസം പോലെ ചില വാര്‍ത്തകള്‍ നമ്മെ തേടിയെത്താറുണ്ട്. അത്തരമൊരു റിപ്പോര്‍ട്ടാണ് ഗുജറാത്തിലെ ദാഹോദില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. കൊവിഡ് ബാധിതയായി 202 ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ഇവര്‍ രോഗം ഭേദമായി ആശുപത്രി വിട്ടിരിക്കുന്നു.
ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് ഗീത ധാര്‍മ്മിക് എന്ന നാല്‍പത്തിയഞ്ചുകാരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം അറിഞ്ഞ് വൈകാതെ തന്നെ ഓക്‌സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇവര്‍ ഒമ്പത് തവണയാണേ്രത മരണത്തെ മുഖാമുഖം കണ്ടത്.
ജീവന്‍ നിലനിര്‍ത്താന്‍ മുഴുവന്‍ സമയവും ഓക്‌സിജന്‍ നല്‍കിക്കൊണ്ടിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റേണ്ടിവന്നു. ഒമ്പത് തവണയോളം മരണം ഉറപ്പിക്കുന്ന അവസ്ഥ വന്നു. ഇനി തിരിച്ചുകിട്ടില്ലെന്ന വിധിയിലേക്ക് തങ്ങളും പലവട്ടം വന്നുവെന്ന് ഗീതയുടെ ഭര്‍ത്താവ് റെയില്‍വേയില്‍ എഞ്ചിനീയറുമായ ത്രിലോക് ധാര്‍മ്മിക് പറയുന്നു.
'ഓരോ തവണയും ഞങ്ങള്‍ക്ക് പ്രതീക്ഷകള്‍ നഷ്ടപ്പെടും. പക്ഷേ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് അവള്‍ ജീവിതത്തിലേക്ക് തിരികെ വന്നു. ഇപ്പോള്‍ ഞങ്ങളെല്ലാവരും എത്ര സന്തോഷത്തിലാണെന്ന് പറയാന്‍ വയ്യ. ആകെ 202 ദിവസമാണ് ഗീത ആശുപത്രിയില്‍ കഴിഞ്ഞത്. അതിന് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തിരിക്കുന്നത്...' - ത്രിലോക് ധാര്‍മ്മിക് പറയുന്നു.
അച്ഛന്റെ മരണത്തിന് ഭോപ്പാലിലെ വീട്ടില്‍ പോയി മടങ്ങിയെത്തിയ ശേഷമാണ് ഗീതയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ആദ്യം ചെറിയ ലക്ഷണങ്ങള്‍ മാത്രമായിരുന്നു കാണിച്ചിരുന്നത്. പിന്നീട് ശ്വാസതടസവും പനിയും കൂടുകയായിരുന്നു. അങ്ങനെയാണ് ദാഹോദിലെ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇത്രയും ദീര്‍ഘമായി കൊവിഡ് ചികിത്സയില്‍ തുരേണ്ടിവരുന്ന രോഗികളുടെ കേസ് വളരെ അപൂര്‍വമാണ്. അതുപോലെ തന്നെ വെന്റിലേറ്ററിന്റെ സഹായത്തോടെ ഇത്രയധികം സമയം ചെലവിട്ട ശേഷം രോഗി ജീവിതത്തിലേക്ക് മടങ്ങുന്നതും ചുരുക്കം സംഭവമാണ്. രണ്ട് മാസത്തോളം ഗീത വെന്റിലേറ്ററില്‍ തന്നെയായിരുന്നുവെന്ന് ഭര്‍ത്താവ് പറയുന്നു.
എന്തായാലും ഗീതയുടെ കേസ് വലിയ ആശ്വാസം തന്നെയാണ് ഈ ഘട്ടത്തില്‍ നമുക്കെല്ലാം പകരുന്നത്. കൊവിഡ് ബാധിതരായി ഗുരുതരാവസ്ഥയിലെത്തിയാലും പരിപൂര്‍ണമായി പ്രതീക്ഷ കൈവിടേണ്ടതില്ലെന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ സംഭവം നല്‍കുന്നത്. ഇപ്പോഴും ഓക്‌സിജന്‍ സപ്പോര്‍ട്ട് ആവശ്യമാണ് ഗീതയ്ക്ക്. എങ്കിലും ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയില്‍ നിന്ന് കരകയറി എന്നുതന്നെയാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം.
Also Read:- ബ്ലാക്ക് ഫംഗസ് പ്രമേഹരോഗികളിൽ കൂടുതൽ: പഠനം