വാക്‌സിന്‍ കൂടാതെ തന്നെ കൊവിഡ് സുഖപ്പെടുത്താം എന്ന അവകാശവാദവുമായി ചൈനീസ് ലബോറട്ടറി

By Web Team  |  First Published May 19, 2020, 12:49 PM IST

മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പുറപ്പെടുവിക്കുന്ന 'ന്യൂട്രലൈസിങ് ആന്റിബോഡി' എന്ന ഘടകമാണ് ചൈനീസ് ഗവേഷകർ മരുന്നിനായി ഉപയോഗപ്പെടുത്തുന്നത്


ബെയ്‌ജിങ് : വാക്സിന്റെ സഹായം കൂടാതെ തന്നെ കൊവിഡിനെ തുരത്താൻ ശേഷിയുള്ള പുതിയൊരു മരുന്ന് തങ്ങളുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തുകഴിഞ്ഞു എന്ന അവകാശ വാദവുമായി ചൈനീസ് ലബോറട്ടറി. ചൈനയിലെ വിഖ്യാതമായ പീക്കിങ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത ഈ ആന്റിബോഡി മരുന്നിന് രോഗം പൂർണ്ണമായും ഭേദമാക്കാൻ മാത്രമല്ല ഹ്രസ്വകാലത്തേക്ക് പ്രതിരോധ ശേഷി പകരാനുമാകും എന്നാണ് ശാസ്ത്രജ്ഞരുടെ വാദം. 

മൃഗങ്ങളിൽ ഈ മരുന്ന് വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയതായി ബെയ്‌ജിങ് അഡ്വാന്‍സ്‌ഡ് സെന്റർ ഫോർ ജീനോമിക്സിന്റെ മേധാവി സണ്ണി സീ, എഎഫ്പിയോട് പറഞ്ഞു. "ഞങ്ങൾ രോഗബാധിതരായ വെള്ളെലികളിലേക്ക് കുത്തിവെച്ച ന്യൂട്രലൈസിങ് ആന്റിബോഡി (Neutralizing Antibody) അഞ്ചു ദിവസം കൊണ്ട് അവയിലെ വൈറൽ ആക്ടിവിറ്റി 2500 -ൽ ഒന്നായി കുറച്ചു. അത് ഈ മരുന്നിന്റെ രോഗം ഭേദമാക്കാനുളള കഴിവിനുള്ള തെളിവാണ്." അദ്ദേഹം പറഞ്ഞു. 

Latest Videos

undefined

 

 

മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം പുറപ്പെടുവിക്കുന്ന 'ന്യൂട്രലൈസിങ് ആന്റിബോഡി' എന്ന ഘടകമാണ് ചൈനീസ് ഗവേഷകർ മരുന്നിനായി ഉപയോഗപ്പെടുത്തുന്നത്. രോഗം ഭേദമായ 60 രോഗികളിൽ നിന്നാണ് ഈ ആന്റിബോഡികൾ ഈ ഗവേഷകർ ശേഖരിച്ചത്. സെൽ എന്ന് പേരായ ശാസ്ത്ര ജേർണലിൽ ആണ് ഈ ലേഖനം പ്രസിദ്ധപ്പെടുത്തിയത്. 

ചൈനയിൽ ഈ രോഗം ആദ്യമായി പൊട്ടിപ്പുറപ്പെട്ട അന്നു തൊട്ടു തന്നെ തങ്ങൾ ഇത്തരം ഒരു മരുന്നിനായി അഹോരാത്രം അധ്വാനിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും ഇപ്പോൾ വിജയത്തിന്റെ തൊട്ടരികിൽ എത്തിയത് തങ്ങൾക്ക് ഏറെ ചാരിതാർഥ്യമുണ്ടാക്കുന്നുണ്ട് എന്നും സണ്ണി സീ പറഞ്ഞു. ഇനിയുള്ള ഘട്ടം ഈ ആന്റിബോഡി മരുന്നുകൾ മനുഷ്യരിൽ പരീക്ഷിക്കുക എന്നതാണ്. ക്ലിനിക്കൽ ട്രയലുകൾക്കായുള്ള സാങ്കേതിക ജോലികൾ നടന്നുകൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

click me!