കൈ വിറയല്‍ വരുന്നത് എന്തായാലും 'നോര്‍മല്‍' അല്ല. തീര്‍ച്ചയായും ഇതിന് പിന്നില്‍ കാരണങ്ങളുണ്ടാകും. അത് എന്തെങ്കിലും അസുഖങ്ങളോ ആരോഗ്യാവസ്ഥകളോ ആരോഗ്യപ്രശ്നങ്ങളോ എന്തുമാകാം.
ചിലരുടെ കൈകള്‍ എപ്പോഴും വിറയ്ക്കുന്നത് കണ്ടിട്ടില്ലേ? എന്താകാം ഇതിന് പിന്നിലുള്ള കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? കൈ വിറയല്‍ വരുന്നത് എന്തായാലും 'നോര്‍മല്‍' അല്ല. തീര്‍ച്ചയായും ഇതിന് പിന്നില്‍ കാരണങ്ങളുണ്ടാകും. അത് എന്തെങ്കിലും അസുഖങ്ങളോ ആരോഗ്യാവസ്ഥകളോ ആരോഗ്യപ്രശ്നങ്ങളോ എന്തുമാകാം.
ഇത്തരത്തില്‍ കൈ വിറയല്‍ വരുന്നതിന് പിന്നില്‍ കണ്ടേക്കാവുന്ന ഏഴ് കാരണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
ഉത്കണ്ഠ...
ഇന്ന് ധാരാളം പേരില്‍ കാണപ്പെടുന്ന മാനസികാരോഗ്യപ്രശ്നമായ ഉത്കണ്ഠയുടെ ഭാഗമായി കൈ വിറയല്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ഉത്കണ്ഠയുള്ളവരില്‍ ഇതിന്‍റെ ഭാഗമായി ബിപികൂടാം. അതുപോലെ തന്നെ ശരീരത്തില്‍ 'അഡ്രിനാലിൻ' ഉത്പാദനവും കൂടാം. ഇതോടെ നെഞ്ചിടിപ്പ് കൂടുകയും പേശികളില്‍ വിറയല്‍ ബാധിക്കുകയും ചെയ്യുന്നു.
മദ്യപാനം നിര്‍ത്തുമ്പോള്‍...
പതിവായി മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോഴും കൈ വിറയലുണ്ടാകാം. ഇതെന്ത് കൊണ്ടാണെന്ന് വച്ചാല്‍ എപ്പോഴും മദ്യപിക്കുന്നവരില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം കുറയുമ്പോള്‍ ഇത് 'ബാലൻസ്' ചെയ്യുന്നതിന്‍റെ ഭാഗമായി തലച്ചോര്‍ നാഡീവ്യവസ്ഥയെ അല്‍പം കൂടി സജീവമാക്കുന്നതാണ്. വിറയല്‍, ഉത്കണ്ഠ, ഹൈപ്പര്‍-ആക്ടിവിറ്റി ഇങ്ങനെ പല പ്രശ്നങ്ങളും മദ്യപാനം നിര്‍ത്തുമ്പോഴുണഅടാകാം. ഇതിന് ചികിത്സ തേടാവുന്നതാണ്.
ഷുഗര്‍...
രക്തത്തിലെ ഷുഗര്‍നില താഴുമ്പോഴും കൈ വിറയലുണ്ടാകാം. പ്രമേഹത്തിന് ഇൻസുലിനോ മറ്റ് മരുന്നുകളോ എടുക്കുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. തളര്‍ച്ച, വിശപ്പ്, അമിതമായ വിയര്‍ക്കല്‍ എന്നിങ്ങനെയുള്ള പ്രശ്നവും ഇതോടൊപ്പം തന്നെ കാണാം.
ഹൈപ്പര്‍തൈറോയിഡിസം...
തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോര്‍മോമ്‍ കൂടുതലായി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഈ അവസ്ഥയിലും കൈ വിറയല്‍ കാണാറുണ്ട്.
നാഡീവ്യവസ്ഥ ബാധിക്കപ്പെടുമ്പോള്‍...
നാഡീവ്യവസ്ഥ ബാധിക്കപ്പെടുന്നതിന്‍റെ ഭാഗമായും കൈ വിറയല്‍ കാണാം. കൈകളില്‍ മാത്രമല്ല തലയ്ക്കും ശബ്ദത്തിനുമെല്ലാം ഈ അവസ്ഥയില്‍ വിറയല്‍ വരാം. അധികവും പ്രായമായവരിലാണ് ഇത് കാണപ്പെടുന്നത്.
പാര്‍ക്കിൻസണ്‍സ്...
പ്രായാധിക്യം മൂലമാണ് അധികവും പാര്‍ക്കിൻസണ്‍സ് രോഗം ബാധിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗം ചലനത്തെയും കാര്യമായി പ്രശ്നത്തിലാക്കുന്നുണ്ട്. ഇതിനാല്‍ തന്നെ ശരീരത്തില്‍ വിറയല്‍ കാണുന്നത് ഇതിന്‍റെ പ്രധാന ലക്ഷണമാണ്. കൈ വിറയലില്‍ ആരംഭിച്ച് ഈ വിറയല്‍ പിന്നെ ശരീരത്തില്‍ പലയിടങ്ങളിലേക്കും പരക്കുകയാണ് ചെയ്യുന്നത്.
മള്‍ട്ടിപ്പിള്‍ സെലെറോസിസ്
നാഡീവ്യവസ്ഥയെ ബാധിക്കുന്നൊരു രോഗമാണ് മള്‍ട്ടിപ്പിള്‍ സെലറോസിസ്. ഇതിന്‍റെയൊരു രോഗ ലക്ഷണവും കൈ വിറയലാണ്. പേശികള്‍ അനിയന്ത്രിതമായി ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതോടെയാണ് ഇങ്ങനെ സംഭവിക്കുന്നത്.
Also Read:-കാലിലോ പാദങ്ങളിലോ നീര് കണ്ടാല്‍ ശ്രദ്ധിക്കുക; ഇത് നിസാര പ്രശ്നമല്ല...