
തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചുവെന്ന് റിപ്പോർട്ടുകൾ. കവടിയാർ സ്വദേശിയായ കാർഷിക വകുപ്പിലെ മുൻ ഉദ്യോഗസ്ഥനാണ് മരിച്ചത്. പനിബാധയെ തുടർന്ന് ഈ മാസം 17 ആയിരുന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണാനന്തരം നടത്തിയ രക്ത പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. ബന്ധുക്കൾക്കോ പ്രദേശത്തോ മറ്റ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
എന്താണ് കോളറ?
വിബ്രിയോ കോളറെ എന്ന ബാക്ടീരിയയാൽ മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന അണുബാധയാണ് കോളറ. ഇത് ശരീരത്തെ പ്രവർത്തിക്കാൻ സഹായിക്കുന്ന പ്രധാന ധാതുക്കൾ (ഇലക്ട്രോലൈറ്റുകൾ) വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും.
കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. വയറിളക്കമാണ് പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത്. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ വളരെ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയിൽ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യത കൂടുതലാണ്. ശുദ്ധജലമോ ടോയ്‌ലറ്റ് സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്.
വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?
1. വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
2. നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
3. മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത ശേഷം മാത്രം കഴിക്കുക.
4. പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേർത്ത് ഉപയോഗിക്കരുത്.
5. ഭക്ഷണം കഴിക്കുന്നതിനു മുൻപും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കെെകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
6. ആഹാരസാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്.
മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam