Weight Loss Stories: അന്ന് 140 കിലോ, കുറച്ചത് 34 കിലോ; ഒഴിവാക്കിയ ഭക്ഷണങ്ങള്‍ പങ്കുവച്ച് ഡോ. മുഹമ്മദ് അലി

By Anooja NazarudheenFirst Published Jun 3, 2024, 10:55 AM IST
Highlights

140 കിലോ ഭാരം ഉണ്ടായിരുന്ന ഡോ. മുഹമ്മദ് അലി എട്ട് മാസം കൊണ്ട്  34.5 കിലോ ഭാരമാണ് കുറച്ചത്. വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രി കം മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യോളജിയിൽ ജൂനിയർ കൺസൾട്ടന്‍റായി ജോലി ചെയ്യുകയാണ് ഡോ. മുഹമ്മദ് അലി. വെയ്റ്റ് ലോസ് രഹസ്യങ്ങള്‍ ഡോ. മുഹമ്മദ് അലി പറയുന്നു...

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in  എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

അമിത വണ്ണമാണ് ഇന്ന് പലരുടെയും പ്രധാന പ്രശ്നം. ശരീരഭാരം കൂടുന്നത് പല ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാമെന്ന് എല്ലാവര്‍ക്കും അറിയാം. അത്തരത്തില്‍ വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? എങ്കിൽ മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയും 42കാരനുമായ ഡോ. മുഹമ്മദ് അലി എംസി (എംബിബിഎസ്, ഡിഎ) പങ്കുവയ്ക്കുന്ന തന്‍റെ വെയ്റ്റ് ലോസ് വിജയകഥ നിങ്ങൾക്ക് ഉപകരിക്കും. വയനാട് മാനന്തവാടിയിലെ ജില്ലാ ആശുപത്രി കം മെഡിക്കൽ കോളേജിൽ അനസ്‌തേഷ്യോളജിയിൽ ജൂനിയർ കൺസൾട്ടന്‍റായി ജോലി ചെയ്യുകയാണ് ഡോ. മുഹമ്മദ് അലി. 140 കിലോ ഭാരം ഉണ്ടായിരുന്ന ഡോ. മുഹമ്മദ് അലി എട്ട് മാസം കൊണ്ട്  34.5 കിലോ ഭാരമാണ് കുറച്ചത്. 

Latest Videos

ഭാരം കൂടാന്‍ കാരണം 

'തുടക്കത്തില്‍ 140.5 കിലോ ഭാരം ഉണ്ടായിരുന്നു. പഠനവും ജോലിതിരക്കുമൊക്കെ കാരണം ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് ഇത്തരത്തില്‍ ശരീരഭാരം കൂടാന്‍ കാരണമായത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തതു മൂലവും രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് മൂലവും ജങ്ക് ഫുഡിന്‍റെ അമിത ഉപയോഗവുമാണ് ഭാരം കൂട്ടിയത്. പ്രത്യേകിച്ച് ചെറുപ്പത്തില്‍ പുറത്തായതിനാല്‍ അവിടത്തെ ഭക്ഷണശീലം ഏറെ സ്വാധീനിച്ചിരുന്നു'. 

അമിത ഭാരം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍

'അമിത ഭാരം മൂലം ഡയബറ്റിസ് മെലിറ്റസ്, ഹൈപ്പർടെൻഷൻ എന്നിവ കണ്ടെത്തുകയും അതിനുള്ള മരുന്നുകൾ കഴിക്കാന്‍ തുടങ്ങിയതോടെയാണ് ഭാരം കുറയ്ക്കണമെന്ന് ഉറപ്പിച്ചത്. ഡയറ്റ് തുടങ്ങി 4 മാസത്തിനുള്ളിൽ തന്നെ എനിക്ക് മരുന്നുകൾ പൂർണ്ണമായും നിർത്താനും കഴിഞ്ഞു'.

 34.5 കിലോ കുറച്ചത് ഇങ്ങനെ 

'ശരിയായ ഭക്ഷണ ശീലങ്ങളും വ്യായാമ മുറകളും പിന്തുടർന്ന് 8.5 മാസത്തിനുള്ളിൽ 34.5 കിലോഗ്രാം കുറയ്ക്കാന്‍ കഴിഞ്ഞു. അങ്ങനെ 140.5 കിലോയില്‍ നിന്നും ഇപ്പോള്‍ 106 കിലോ ആയി കുറഞ്ഞു. ഇതിനായി ലോ കാര്‍ബ് ഡയറ്റാണ് തെരഞ്ഞെടുത്തത്. അതായത് കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി മനസിലാക്കി, കുറഞ്ഞ കലോറി വരുന്ന രീതിയിലാണ് ഡയറ്റ് ക്രമീകരിച്ചത്. ഇതിനായി ആദ്യം കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുകയും പഞ്ചസാര പൂര്‍ണ്ണമായി ഒഴിവാക്കുകയുമാണ് ചെയ്തത്. അതുപോലെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും,  കൊഴുപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കി. ജങ്ക് ഫുഡിനോട് വിട പറഞ്ഞു. കൂടാതെ വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ മാത്രമാണ് കഴിച്ചത്. ചോറിന്‍റെ അളവ് കുറച്ച് കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തി. ചിക്കനും മീനുമൊക്കെ കറി വെച്ചത് കഴിച്ചാലും, പൊരിച്ച് കഴിക്കാറില്ലായിരുന്നു.

 

അതുപോലെ ഭക്ഷണം കൃത്യ സമയത്ത് കഴിക്കാനും തുടങ്ങി. ഇതിനോടൊപ്പം ധാരാളം വെള്ളവും കുടിക്കുമായിരുന്നു. ചില ന്യൂട്രീഷ്യണല്‍ ഫുഡുകളും (ഹെര്‍ബാലൈഫ്) ഇതിനൊപ്പം കഴിച്ചിരുന്നു. അതും ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായിച്ചിരുന്നു. ഒപ്പം കൃത്യമായി വ്യായാമവും ചെയ്തപ്പോള്‍ ഫലം കണ്ടു. 80 ശതമാനം ഡയറ്റും 20 ശതമാനം വർക്കൗട്ടുമാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത് എന്നും പറയാം'. 

Also read: അന്ന് 114 കിലോ, ആറ് മാസം കൊണ്ട് കുറച്ചത് 32 കിലോ; പിന്നിലെ രഹസ്യം ഇതാണ്

youtubevideo


 

click me!