Omicron : ഒമിക്രോണ്‍; ഏഴ് മരണം 25,000 കേസുകള്‍ യുകെയില്‍ ശക്തമായ തരംഗത്തിന് സാധ്യത

By Web Team  |  First Published Dec 19, 2021, 8:26 PM IST

യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യം പങ്കുവച്ചിരുന്നത്


കൊവിഡ് 19 രോഗം ( Covid 19 ) പരത്തുന്ന വൈറസിന്റെ ഏറ്റവും പുതിയ വകഭേദമാണ് ഒമിക്രോണ്‍ ( Omicron ). നേരത്ത പല രാജ്യങ്ങളിലും ശക്തമായ തരംഗത്തിന് ഇടയാക്കിയ ഡെല്‍റ്റ ( Delta ) വകഭേദത്തെക്കാളും ഇരട്ടിയിലധികം വേഗതയിലാണ് ഒമിക്രോണ്‍രോഗവ്യാപനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളിലെല്ലാം തന്നെ കനത്ത ആശങ്കയാണ് തുടരുന്നത്. 

ഇന്ത്യയില്‍ ഇതുവരെ നൂറിലധികം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യഘട്ടം മുതല്‍ക്ക് തന്നെ കൊവിഡ് കേസുകള്‍ അധികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന മഹാരാഷ്ട്രയില്‍ തന്നെയാണ് ഒമിക്രോണ്‍ കേസുകളും കൂടുതലുള്ളത്. 

Latest Videos

undefined

ആഴ്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനകം തന്നെ ഏഷ്യന്‍- യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം ഒമിക്രോണ്‍ സാന്നിധ്യം കണ്ടെത്തി. ഇപ്പോഴിതാ യുകെയില്‍ ഒമിക്രോണ്‍ കടുത്ത പ്രതിസന്ധിയാണ് തീര്‍ക്കുന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുകയാണ്. 

ഒമിക്രോണിന് മുമ്പ് തന്നെ യൂറോപ്യന്‍ രാജ്യങ്ങളില്‍ മഞ്ഞുമാസങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇതിനിടെ ഒമിക്രോണ്‍ കൂടി വന്നപ്പോള്‍ സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യമാണ് യുകെയില്‍ കാണുന്നത്. ഇതുവെര 25,000 പേര്‍ക്കാണ് യുകെയില്‍ ഒമിക്രോണ്‍ വൈറസ് ബാധ മൂലമുള്ള കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 


ഏഴ് മരണവും ഇതില്‍ ഉണ്ടായി. ലോകത്ത് തന്നെ ആദ്യമായി ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചതും യുകെ ആണ്. പ്രതിദിന കൊവിഡ് കേസുകള്‍ ഉയരുന്നതിന് ഒപ്പം തന്നെ ഒമിക്രോണ്‍ കേസുകളും ഉയരുന്ന കാഴ്ചയാണ് യുകെയില്‍ കാണാനാകുന്നത്. ഇതോടെ ശക്തമായ കൊവിഡ് തരംഗത്തിനാണ് ഇവിടെ സാധ്യത കല്‍പിക്കപ്പെടുന്നത്. 

ഒമിക്രോണ്‍ സ്ഥിരീകരിക്കപ്പെടാത്ത, എന്നാല്‍ ബാധിക്കപ്പെട്ട ആയിരക്കണക്കിന് പേര്‍ ഇനിയും കണക്കില്‍ പെടാതെ യുകെയില്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ 'സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഓഫ് എമര്‍ജന്‍സീസ്' അറിയിക്കുന്നത്. വലിയൊരു മഞ്ഞുമലയുടെ അറ്റത്ത് മാത്രമേ നാമിപ്പോള്‍ ഇടിച്ചിട്ടുള്ളൂ, വലിയ പ്രതിസന്ധികള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്നാണ് ലണ്ടന്‍ മേയര്‍ പ്രതികരിച്ചത്. 

ദിവസവും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നില്ലെങ്കില്‍ നേരത്തേ വമ്പന്‍ തിരിച്ചടി നല്‍കിയ കൊവിഡ് തരംഗങ്ങളെക്കാളെല്ലാം ഭീകരമായ തരംഗമായിരിക്കും ഒമിക്രോണ്‍ സൃഷ്ടിക്കുകയെന്നാണ് വിലയിരുത്തല്‍. 

യുകെയില്‍ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന ആവശ്യമുയര്‍ന്നിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ടാസ്‌ക് ഫോഴ്‌സാണ് ഇക്കാര്യം പങ്കുവച്ചിരുന്നത്. 

യുകെയെ ഒരു പാഠമാക്കി മുന്നില്‍ കാണണമെന്നായിരുന്നു കൊവിഡ് ടാസ്‌ക് ഫോഴ്‌സ് നല്‍കിയ സൂചന. അതേ അവസ്ഥ ഇന്ത്യക്കുണ്ടായാല്‍ ഇവിടത്തെ ജനസംഖ്യ അനുസരിച്ച് പ്രതിദിനം പതിമൂന്ന് ലക്ഷം കൊവിഡ് കേസുകള്‍ വരെ വരാന്‍ സാധ്യതയുണ്ടെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് അറിയിച്ചിരുന്നു. 

Also Read:- 'ആഘോഷങ്ങള്‍ കുറച്ചോളൂ'; ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു...

click me!