കൊവിഡ് 19: വീട്ടില്‍ കുട്ടികളും പ്രായമായവരുമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍....

By Web Team  |  First Published Dec 25, 2022, 6:47 PM IST

ബിഎഫ്.7 രോഗ തീവ്രത വലിയ രീതിയില്‍ ഉയര്‍ത്തുന്നില്ലെങ്കിലും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്നതിനുള്ള വ്യാപനശേഷി വളരെ കൂടുതലാണ്. അങ്ങനെയെങ്കില്‍ ഇനിയുമൊരു കൊവിഡ് തരംഗം സൃഷ്ടിക്കാൻ ഒരുപക്ഷേ ഈ വകഭേദത്തിന് സാധിച്ചേക്കാം. 


ഒരിടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് 19 ചര്‍ച്ചകളില്‍ ഉയരുകയാണ്. ആദ്യമായി കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ചൈനയില്‍ ഇപ്പോള്‍ വീണ്ടും കൊവിഡ് വ്യാപനം ശക്തമാവുകയും ഇവിടെ നിന്ന് മറ്റ് പല രാജ്യങ്ങളിലേക്ക് ഇത് പടര്‍ന്നെത്തുകയും ചെയ്തതോടെയാണ് ഇന്ത്യയിലും ജാഗ്രത ഉയര്‍ന്നിരിക്കുന്നത്. 

ജനിതകവ്യതിയാനം സഭവിച്ച വൈറസ് വകഭേദങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം കൊവിഡ് ഭീഷണി ഉയര്‍ത്തിയിരുന്നത്. ഇതില്‍ ഏറ്റവും ഒടുവിലെത്തിയ ഒമിക്രോണ്‍ എന്ന വകഭേദത്തിന്‍റെ ഉപവകഭേദമായി ബിഎഫ്.7 ആണിപ്പോള്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കുന്നത്. 

Latest Videos

ഇന്ത്യയിലും നിലവില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ കനത്ത നിരീക്ഷണം തുടരുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യവകുപ്പുകളും. 

ബിഎഫ്.7 രോഗ തീവ്രത വലിയ രീതിയില്‍ ഉയര്‍ത്തുന്നില്ലെങ്കിലും കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേരിലേക്ക് രോഗമെത്തിക്കുന്നതിനുള്ള വ്യാപനശേഷി വളരെ കൂടുതലാണ്. അങ്ങനെയെങ്കില്‍ ഇനിയുമൊരു കൊവിഡ് തരംഗം സൃഷ്ടിക്കാൻ ഒരുപക്ഷേ ഈ വകഭേദത്തിന് സാധിച്ചേക്കാം. 

വാക്സിന് ഫലപ്രദമായി ഇതിനെ പ്രതിരോധിക്കാൻ സാധിക്കില്ലെങ്കില്‍ പോലും ഇതോടെ ബൂസ്റ്റര്‍ ഡോസ് വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ഒപ്പം തന്നെ മാസ്ക് ധരിക്കുന്നതും നിര്‍ബന്ധമാക്കാനുള്ള ആലോചനയില്‍ തന്നെയാണ് സര്‍ക്കാരുകള്‍.

ഈ സാഹചര്യത്തില്‍ വീട്ടില്‍ കുട്ടികളും പ്രായമായവരുമുള്ളവരാണ് കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. കാരണം ഇവരില്‍ രോഗ പ്രതിരോധശേഷി കുറവായിരിക്കും. പ്രതിരോധ ശേഷി കുറഞ്ഞവരില്‍ എളുപ്പത്തില്‍ കൊവിഡ് പിടിപെടുകയും ഗൗരവമായി വരികയും ചെയ്യാറുണ്ട്. പുതിയ വൈറസ് വകഭേദമാണെങ്കില്‍ പ്രതിരോധ ശേഷി കുറഞ്ഞവരില്‍ വീണ്ടും വീണ്ടും പിടിപെടാൻ സാധ്യതയുള്ളതാണെന്നാണ് വിദഗ്ധര്‍ അറിയിക്കുന്നത്. 

അതായത് ഒരിക്കല്‍ രോഗം വന്ന് ഭേദമായാലും പിന്നെയും അധികം വൈകാതെ തന്നെ രോഗം ബാധിക്കുന്ന അവസ്ഥ. ഇങ്ങനെ സംഭവിച്ചാല്‍ അത് തീര്‍ച്ചയായും ജീവന് തന്നെ വെല്ലുവിളിയാകാം. അതിനാല്‍ ചില കാര്യങ്ങള്‍ വീട്ടില്‍ കുട്ടികളോ പ്രായമായവരോ ഉള്ളവര്‍ ഈ സാഹചര്യത്തില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം. 

ഒന്ന് തിരക്കുള്ള സ്ഥലങ്ങള്‍ കഴിവതും ഒഴിവാക്കുകയെന്നത് തന്നെയാണ്. ത്രിസ്മസ്- ന്യൂയര്‍ ആഘോഷങ്ങളുടെ  സമയമാണിത്. സുരക്ഷ കണക്കാക്കാതെ കുട്ടികളെയും പ്രായമുള്ളവരെയുമൊന്നും ആഘോഷങ്ങള്‍ക്ക് കൂട്ടിക്കൊണ്ട് പോകാതിരിക്കാം. നിങ്ങള്‍ പോയാലും മാസ്ക് നിര്‍ബന്ധമായും ധരിക്കുകയും, പുറത്തുപോയിവന്ന ശേഷം ആ വസ്ത്രങ്ങളെല്ലാം മാറി, മാസ്ക് കളഞ്ഞ്, കുളിച്ച ശേഷം മാത്രം മറ്റുള്ളവരെ തൊടുക. 

കഴിയുന്നതും സാമൂഹികാകലം പാലിക്കാൻ ശ്രമിക്കാം. ഒരടിയെങ്കിലും ദൂരത്ത് മാത്രം പുറത്തുനിന്നുള്ളവരുമായി നില്‍ക്കാം. പനി, ചുമ, ജലദോഷം പോലുള്ള പ്രശ്നങ്ങള്‍ ആരില്‍ കണ്ടാലും അവരില്‍ നിന്ന് മാറിനില്‍ക്കുക. സ്വയം ഇവ കണ്ടാല്‍ എല്ലാവരില്‍ നിന്നും അകലം പാലിച്ച് ക്വറന്‍റൈനിലേക്ക് പോകാം. 

എല്ലാവരും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുക്കുക. എത്രമാത്രം വാക്സിന് രോഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് നമുക്ക് ഉറപ്പ് പറയാൻ സാധിക്കില്ലെങ്കില്‍ പോലും ഇതൊരു പ്രതിരോധ മാര്‍ഗം തന്നെയാണ് ഇപ്പോഴുമെന്ന് മനസിലാക്കുക. 

കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകുക. പുറത്തുപോയാലും കൈ കൊണ്ട് കണ്ണിലോ മൂക്കിലോ വായിലോ തൊടാതിരിക്കുക. കൈ വൃത്തിയാക്കാതെ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പുറത്തുപോകുമ്പോള്‍ കഴിവതും മറ്റുള്ളവരുടെ സ്പര്‍ശം കാര്യമായി ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ സ്പര്‍ശിക്കാതിരിക്കുക. 

മാസ്ക് ഇല്ലാതെ നില്‍ക്കുമ്പോള്‍ നിങ്ങളുടെ അരികില്‍ നിന്ന് ആരെങ്കിലും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുകയാണെങ്കില്‍ കൈമുട്ട് വച്ച് മുഖം മറച്ചുപിടിക്കുക.പുറത്തുനിന്നുള്ളവരെ അധികവും വീട്ടിനകത്തേക്ക് ക്ഷണിക്കാതിരിക്കുക. പ്രത്യേകിച്ച് സുരക്ഷ പാലിക്കാത്തവരെ. വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത്രയും കാര്യങ്ങളെല്ലാം ശ്രദ്ധിക്കാനായാല്‍ തന്നെ വലിയൊരു അളവ് വരെ കൊവിഡ് പ്രതിരോധിക്കാൻ സാധിക്കും. നമ്മുടെ അശ്രദ്ധ തന്നെയാണ് രോഗങ്ങള്‍ അധികവും വിളിച്ചുവരുത്തുന്നതിലേക്ക് കാരണമാകുന്നത് എന്നും മനസിലാക്കുക. 

Also Read:- ഇന്ത്യയിലും പുതിയ കൊവിഡ് വകഭേദം; അറിയാം ലക്ഷണങ്ങളെ കുറിച്ച്...

click me!