ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ആശയക്കുഴപ്പത്തില്‍ തുടരുന്നതിന് പകരം അതിന് പരിഹാരം തേടുക തന്നെ വേണം. ചിലരില്‍ ശാരീരികമായ കാരണങ്ങള്‍ക്ക് പകരം, മാനസികമായ കാരണങ്ങളാണ് ലൈംഗികപ്രശ്‌നങ്ങളിലേക്ക് നയിക്കുക. ഈ ഘട്ടത്തില്‍ കൗണ്‍സിലിംഗ് തേടേണ്ടതാണ്
ആരോഗ്യപരമായ ലൈംഗികത മനുഷ്യന്റെ അടിസ്ഥാനപരമായ എല്ലാ ശാരീരിക-മാനസികാവസ്ഥകളെയും സ്വാധീനിക്കുന്നതാണ്. ബന്ധങ്ങളുടെ സുദൃഢത, മാനസികമായ സന്തോഷം, ജീവിതത്തോടുള്ള സംതൃപ്തമായ മനോഭാവം, ജോലിയില്‍ കൃത്യമാകല്‍, കുട്ടികളെ നന്നായി ശിക്ഷണം ചെയ്യാനുള്ള മാനസിക സാഹചര്യം എന്നിങ്ങനെ നിത്യജീവിതത്തിലെ പല കാര്യങ്ങളും ലൈംഗികതയാല്‍ സ്വാധീനപ്പെടുന്നുണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു.
ലൈംഗികതയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത്, സ്ത്രീ ആയാലും പുരുഷനായാലും മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ഏതുമായും സംഘര്‍ഷമുണ്ടാകാം. ഇത് ക്രമേണ വിഷാദം പോലുള്ള മാനസികപ്രശ്‌നങ്ങളിലേക്ക് നയിക്കുകയും കുടുംബജീവിതത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാം.
undefined
അതിനാല്‍ തന്നെ സമയബന്ധിതമായി ലൈംഗികപ്രശ്‌നങ്ങളെ തിരിച്ചറിയുകയും അതിനെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സ്ത്രീയും പുരുഷനും വ്യത്യസ്തമായ രീതികളിലാണ് പരിഹാരം തേടേണ്ടത്. ലൈംഗിക ഉണര്‍വ് കുറയുന്നതായി തോന്നിയാല്‍ പുരുഷന്മാര്‍ക്ക് അവലംബിക്കാവുന്ന ചില മാര്‍ഗങ്ങളാണ് ഇനി പങ്കുവയ്ക്കുന്നത്.
ഒന്ന്...
ലൈംഗികജീവിതത്തോട് താല്‍പര്യം തോന്നാതിരിക്കുന്ന സാഹചര്യത്തില്‍ ആദ്യം ചെയ്യേണ്ടത് അതിന്റെ കാരണം കണ്ടെത്തലാണ്. മിക്കവരും ഇതിന് ശ്രമിക്കാറില്ലെന്നതാണ് സത്യം. തീര്‍ച്ചയായും ശാരീരികമായതോ മാനസികമായതോ ആയ ഒരു കാരണമോ ഒന്നിലധികം കാരണങ്ങളോ ഇതിന് പിന്നിലുണ്ടാകാം. അതിനെ കണ്ടെത്തുക തന്നെ വേണം. ഇതിന് സ്വയം കഴിയാത്തപക്ഷം പങ്കാളിയുടെയോ അല്ലെങ്കില്‍ മനശാസ്ത്ര വിദഗ്ധരുടെയോ സഹായം തേടാം.
രണ്ട്...
താന്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് പങ്കാളിയോട് കൃത്യമായി തുറന്ന് സംസാരിക്കേണ്ടതുണ്ട്.
ഇതും പലരും ചെയ്യാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പങ്കാളിയില്‍ നിന്ന് മാനസികമായ പിന്തുണ ലഭിക്കാന്‍ ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകളും ചര്‍ച്ചകളും ആവശ്യമാണ്.
മൂന്ന്...
ജോലിസംബന്ധമായോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും കാരണങ്ങള്‍ മൂലമോ മാനസിക സമ്മര്‍ദ്ദം (സ്‌ട്രെസ്) നേരിടുന്നവര്‍ ആണെങ്കില്‍ അത് കുറയ്ക്കാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. 'സ്‌ട്രെസ്' അധികരിക്കുമ്പോള്‍ പുരുഷലൈംഗിക ഹോര്‍മോണായ 'ടെസ്‌റ്റോസ്റ്റിറോണ്‍' ഉത്പാദനം കുറയുന്നു. ഇത് ലൈംഗിക ഉണര്‍വ് കുറയ്ക്കുന്നത് മുതല്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് പല പ്രശ്‌നങ്ങളിലേക്കും നയിക്കാം.
നാല്...
ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ ചില സന്ദര്‍ഭങ്ങളില്‍ ലൈംഗിക താല്‍പര്യം കുറയാറുണ്ട്. ഇക്കാര്യം ഒരു ഡോക്ടറുമായി ചര്‍ച്ച ചെയ്ത് പരിഹാരം തേടാവുന്നതാണ്. മരുന്നുകള്‍ നിര്‍ത്താന്‍ സാധിക്കുന്നതല്ല എങ്കില്‍ മാനസികമായി ചില തയ്യാറെടുപ്പുകള്‍ നടത്തുന്നതോടെ ഒരു പരിധി വരെ ഇതുമൂലമുള്ള ലൈംഗിക പ്രശ്‌നങ്ങളെ നേരിടാന്‍ സാധിക്കും.
അഞ്ച്...
ലൈംഗികതയുമായി ബന്ധപ്പെട്ടുള്ള വിഷമതകള്‍ നേരിടുന്ന പുരുഷന്മാര്‍ കഴിവതും മദ്യപാനവും പുകവലിയും ഉപേക്ഷിക്കുന്നതാണ് ഉത്തമം.
തുടര്‍ച്ചയായ ഈ രണ്ട് ശീലങ്ങളും ചിലരുടെ ലൈംഗിക ജീവിതത്തെ ക്രമേണ ബാധിക്കാറുണ്ട്.
ആറ്...
ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ 'ടെസ്റ്റോസ്റ്റിറോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി'ക്ക് വിധേയരാകാവുന്നതാണ്. ഇത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ചെയ്യാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഏഴ്...
ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ ആശയക്കുഴപ്പത്തില്‍ തുടരുന്നതിന് പകരം അതിന് പരിഹാരം തേടുക തന്നെ വേണം. ചിലരില്‍ ശാരീരികമായ കാരണങ്ങള്‍ക്ക് പകരം, മാനസികമായ കാരണങ്ങളാണ് ലൈംഗികപ്രശ്‌നങ്ങളിലേക്ക് നയിക്കുക. ഈ ഘട്ടത്തില്‍ കൗണ്‍സിലിംഗ് തേടേണ്ടതാണ്. ഇക്കാര്യങ്ങളില്‍ കൗണ്‍സിലിംഗ് തേടുന്നത് മോശമാണെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇതില്‍ മോശമായി കരുതേണ്ടത് ഒന്നുമില്ലെന്ന് മനസിലാക്കുക. ലൈംഗികപ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങള്‍ക്കകത്ത് ഉള്‍പ്പെടുന്നവ തന്നെയാണെന്ന ബോധ്യത്തില്‍ മുന്നോട്ടുപോവുക.
Also Read:- സെക്സിലൂടെ ലഭിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ