നവദമ്പതികൾ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ സെക്സ് കൂടുതൽ ആനന്ദകരമാക്കാം...

By Web Team  |  First Published Nov 23, 2022, 9:38 PM IST

പ്രകൃതിനിയമമാണ് ലൈംഗികത. പങ്കാളികൾ തമ്മിലുള്ള ലൈംഗികതയുടെ കാര്യത്തിൽ ആരും ആർക്കും ഒന്നും പറഞ്ഞുകൊടുക്കേണ്ട ഒരു കാര്യവുമില്ല. എങ്കിലും സെക്സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. അവ തീർച്ചയായും അറിഞ്ഞിരിക്കുക തന്നെവേണം.


ലൈംഗികത വെറും ആനന്ദവും സംതൃപ്തിയും മാത്രമല്ല വ്യക്തികള്‍ക്ക് നല്‍കുന്നത്, ശാരീരികവും മാനസികവുമായ ആരോഗ്യം കൂടിയാണ്. അതിനാല്‍ തന്നെ ലൈംഗികജീവിതത്തെ ഏറെ പ്രാധാന്യത്തോടെയും പക്വമായ മനസോടെയും വേണം സമീപിക്കാൻ. എങ്ങനെയാണ് ലൈംഗികജീവിതം കൂടുതല്‍ ആസ്വാദ്യകരമാക്കേണ്ടത്? പങ്കാളികള്‍ സാധാരണഗതിയില്‍ നേരിടുന്ന ലൈംഗികപ്രശ്നങ്ങള്‍ എന്തെല്ലാമാണ് എന്നതെല്ലാം മുതിര്‍ന്ന വ്യക്തികള്‍ ഓരോരുത്തരും അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ദാമ്പത്യത്തിലേക്ക് പുതുതായി പ്രവേശിക്കുന്നവര്‍.

ദാമ്പത്യത്തിലെ ആദ്യദിവസങ്ങളില്‍ പങ്കാളികള്‍ പരസ്പരം നല്‍കുന്ന പിന്തുണയും ആത്മധൈര്യവും വളരെ പ്രധാനമാണ്. തുടര്‍ന്നുള്ള ജീവിതത്തില്‍ ഈ ദിനങ്ങള്‍ നല്‍കുന്ന സ്വാധീനം ചെറുതായിരിക്കില്ല. ലൈംഗികബന്ധത്തിന്‍റെ സമയങ്ങളിലും ഇതേ പിന്തുണയും കരുതലും പരസ്പരമുണ്ടാകേണ്ടതുണ്ട്.

Latest Videos

ലൈംഗികജവിതത്തിലേക്ക് ആദ്യമായി കടക്കുമ്പോള്‍ വ്യക്തികള്‍ പല പ്രശ്നങ്ങളും നേരിടാം. പ്രത്യേകിച്ച് സ്ത്രീകള്‍. ഈ പ്രശ്നങ്ങളിലൊന്നിലേക്ക് തന്നെ പ്രാഥമികമായി കടക്കാം.  

രതിവേളകള്‍ സുഖകരമാക്കുന്നതിന് ലൈംഗികാവയങ്ങളില്‍ നനവ് അനുഭവപ്പെടേണ്ടത് അനിവാര്യമാണ്. യോനി ലൂബ്രിക്കേറ്റാകാതിരുന്നാല്‍ പുരുഷന്‍റെ ലിംഗപ്രവേശന വേളയില്‍, പങ്കാളിക്ക് വേദനയുണ്ടാവുകയും ഇത് പിന്നീട് ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിന് വരെ കാരണവുമാകാം. ഇത്തരം ഒരു ഘട്ടത്തിലേക്ക് എത്തിക്കാതെ ലൈംഗികബന്ധം പങ്കാളികള്‍ക്ക് ആനന്ദകരമാക്കി മാറ്റാന്‍ ലൂബ്രിക്കന്‍റുകൾ സഹായിക്കും. വീട്ടിൽ സാധാരണയായി ഉപയോഗിക്കുന്ന എണ്ണകൾ സ്വാഭാവിക ലൂബ്രിക്കന്‍റുകളാണ്. എന്നാൽ, ലൈംഗികവേഴ്‌ചയ്‌ക്കായി എല്ലാത്തരം എണ്ണകളും ഉപയോഗിക്കാൻ കഴിയില്ല. കാരണം, അവയിൽ ചിലത് പാർശ്വഫലങ്ങൾ ഉണ്ടാക്കാം.

ലൂബ്രിക്കന്‍റുകള്‍ വാങ്ങി ഉപയോഗിക്കാൻ കഴിയും. ഹൈബ്രിഡ് ലൂബ്രിക്കന്‍റുകളാണെങ്കില്‍ സാധാരണയായി സിലിക്കണും വെള്ളവും അടങ്ങിയിരിക്കുന്നതാണ്. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്ന വിവിധ തരം ലൂബ്രിക്കന്‍റുകൾ വിപണിയിൽ ലഭ്യമാണ്.

ഇനി സാധാരണഗതിയില്‍ നവദമ്പതികള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന മറ്റൊരു ലൈംഗികപ്രശ്നത്തിലേക്ക് കടക്കാം. പല സ്ത്രീകളും തന്‍റെ ശരീരം ഭർത്താവിന് മുന്നിൽ പ്രദർശിപ്പിക്കാൻ മടി കാണിക്കാറുണ്ട്. ഇതിനുള്ള പ്രധാന കാരണം സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകർഷതാബോധമാണ്. ഈ ഘട്ടത്തില്‍ പങ്കാളിയുടെ പിന്തുണയാണ് ഏതൊരു സ്ത്രീക്കും ശക്തിയേകുക. പങ്കാളികളുടെ ഇരുവരുടെയും പൂർണ്ണ സമ്മതപ്രകാരമല്ലാതെ ഒരിക്കലും സെക്സിനു മുതിരരുത്. ഇത് പിന്നെ ബന്ധം തന്നെ വഷളാക്കിയേക്കാം. സെക്സിൽ ആനന്ദം കണ്ടെത്തണമെങ്കിൽ ഇരുവരും അതിന് മനസ്സുകൊണ്ടും, ശരീരം കൊണ്ടും തയ്യാറായിരിക്കണം.

മനസ് തുറന്നുള്ള ആശയവിനിമയവും ലാളനകളും സെക്സിനെ കൂടുതൽ ആനന്ദകരമാക്കും. ഇവയില്ലാതെയുള്ള യാന്ത്രികമായ ബന്ധപ്പെടൽ ഭാവിയിൽ മടുപ്പുണ്ടാക്കിയേക്കാം. 

സിനിമകളിലും മറ്റും കണ്ട് ആദ്യ സെക്സിനെക്കുറിച്ച് അമിതപ്രതീക്ഷകൾ വച്ച് പുലർത്തുന്നവരുണ്ട്. ഇത് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സിനിമയെ സിനിമയായും ജീവിതത്തെ ജീവിതമായും നോക്കിക്കാണാൻ ശ്രമിക്കുക. ശാസ്ത്രീയമായ രീതിയിൽ മാത്രം ഇത്തരം അറിവുകൾ നേടാൻ ശ്രമിക്കണം.

പ്രകൃതിനിയമമാണ് ലൈംഗികത. പങ്കാളികൾ തമ്മിലുള്ള ലൈംഗികതയുടെ കാര്യത്തിൽ ആരും ആർക്കും ഒന്നും പറഞ്ഞുകൊടുക്കേണ്ട ഒരു കാര്യവുമില്ല. എങ്കിലും സെക്സിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. അവ തീർച്ചയായും അറിഞ്ഞിരിക്കുക തന്നെവേണം.

1. വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ്. കിടപ്പറയില്‍ കയറുന്നതിനു മുന്‍പ് ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണ്. ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയില്‍ പങ്കാളിക്കൊപ്പം സമയം ചെലവിടാൻ കുളി സഹായിക്കും.

2. വസ്ത്രധാരണത്തിനു സെക്‌സില്‍ വലിയ പ്രാധാന്യം ഉണ്ട്. രാവിലെ മുതല്‍ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയില്‍ കയറരുത്. വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ച് കിടപ്പറയില്‍ കയറാം. വൃത്തിഹീനമായ വസ്ത്രങ്ങള്‍ പരസ്പരം ആകര്‍ഷണീയത കുറക്കുന്നു. 

3. അനാവശ്യ ചിന്തകളും ആധികളും വാതില്‍ക്കല്‍ ഉപേക്ഷിച്ചിട്ടുവേണം കിടപ്പറയില്‍ കയറാന്‍. അതല്ലെങ്കില്‍ ലൈംഗികജീവിതം മോശമായി ബാധിക്കപ്പെടാം. 

4. ഭക്ഷണം കഴിച്ച് ഒരു മണിക്കുറിന് ശേഷം മാത്രം സെക്‌സില്‍ ഏര്‍പ്പെടുക. വയറുനിറയെ ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ സെക്‌സില്‍ ഏര്‍പ്പെടരുത്.

5. മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്‌സിന് നല്ലത്, വെളിച്ചത്തിലോ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാള്‍ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും.

സെക്സും ഭക്ഷണവും...

നിങ്ങളുടെ സെക്‌സ് ഡ്രൈവിനെ (ലൈംഗികതാല്‍പര്യം) സ്വാധീനിക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്. ഭക്ഷണം അതിലൊന്നാണ്. ചില ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തെയും സെക്‌സ്‌ഡ്രൈവിനേയും പ്രതികൂലമായി ബാധിക്കാം. ചീസ് ഇത്തരത്തിലൊന്നാണ്. പലരിലും ചീസ് ലൈംഗികതാല്‍പര്യം കുറയ്ക്കാറുണ്ട്. ചീസ് മാത്രമല്ല, പാലുത്പന്നങ്ങളും. അതുപോലെ മദ്യം ലൈംഗികതാല്‍പര്യം വര്‍ധിപ്പിക്കുമെന്ന് പൊതുധാരണയുണ്ട്. വളരെ മിതമായ രീതിയില്‍ മദ്യപിക്കുന്നത് സെക്സിനെ ദോഷകരമായി ബാധിക്കണമെന്നില്ല. എന്നാല്‍ അമിതമായാല്‍ ഇത് തീര്‍ച്ചയായും സംവേദനക്ഷമത കുറയ്ക്കും.

സോഡിയം കാര്യമായ രീതിയിലടങ്ങിയ ഭക്ഷണവും ലൈംഗികതാല്‍പര്യം കുറയ്ക്കാം. ടിന്നിലടച്ച ഭക്ഷണം അടക്കമുള്ള പ്രോസസ്ഡ് ഫുഡ്സ്, പാക്കറ്റ് ഫുഡ്സ് (ചിപ്സ് പോലുള്ള ബേക്കറികള്‍ അടക്കം) എന്നിവയെല്ലാം ലൈംഗികതയെ മോശമായി ബാധിക്കാം. ഇവയെല്ലാം വളരെ മിതമായ അളവില്‍ കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ അളവിലധികമാകുമ്പോഴാണ് പ്രശ്നമെന്നോര്‍ക്കുക. 

എനര്‍ജി ഡ്രിങ്ക്‌സ്, ബീന്‍സ്, ടോഫു, റെഡ് മീറ്റ്, കുരുമുളക്, ഫ്രഞ്ച് ഫ്രൈ എന്നിവയും ലൈംഗിക ബന്ധത്തിന് മുമ്പ് ഒഴിവാക്കിയാല്‍ നല്ലത്. ഈ ഭക്ഷണങ്ങളെല്ലാം നിങ്ങളുടെ ലൈംഗികാഭിലാഷം കുറയ്ക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ നല്ല മൂഡിലായിരിക്കുമ്പോഴും എന്തുകൊണ്ടാണ് സെക്‌സില്‍ ഏര്‍പ്പെടാനുള്ള താല്‍പര്യം തോന്നാത്തതെന്ന് ചിന്തിക്കുകയാണെങ്കില്‍, അതൊരുപക്ഷെ തെറ്റായ ഭക്ഷണ തെരഞ്ഞെടുപ്പുകള്‍ മൂലമാകാമെന്ന് മനസിലാക്കുക. 

ലേഖനം തയ്യാറാക്കിയത് : ഡോ. ലാസിമ സിദ്ധീഖ്
ഡോ. ബാസില്‍സ് ഹോമിയോ ഹോസ്പിറ്റല്‍
പാണ്ടിക്കാട്
മലപ്പുറം

tags
click me!