തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നം സംഭവിക്കുന്നത് ശരീരഭാരം കൂടുന്നതിലേക്കോ കുറയുന്നതിലേക്കോ നയിക്കാം. നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് തൈറോയ്ഡ് ഗ്രന്ഥിയാണ് സഹായിക്കുന്നത്
നമ്മുടെ ശരീരഭാരത്തില്‍ മാറ്റം വരുന്നത് സ്വാഭാവികമാണ്. എങ്കില്‍പ്പോലും അസാധാരണമായ മാറ്റങ്ങള്‍ കാണുന്ന പക്ഷം അത് ഏതെങ്കിലും വിധത്തിലുള്ള അസുഖങ്ങളെയോ ആരോഗ്യപ്രശ്നങ്ങളെയോ സൂചിപ്പിക്കുന്നതാകാം. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രശ്നത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
പലവിധത്തിലുള്ള രോഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളിലും ശരീരഭാരത്തില്‍ വ്യത്യാസം കാണാം. പക്ഷേ ഇങ്ങനെ കണ്ടാല്‍ ആദ്യമേ പോയി ചെയ്യേണ്ട ഒരു ടെസ്റ്റ് തൈറോയ്ഡ് ആണ്.
കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളില്‍ പ്രശ്നം സംഭവിക്കുന്നത് ശരീരഭാരം കൂടുന്നതിലേക്കോ കുറയുന്നതിലേക്കോ നയിക്കാം. നമ്മുടെ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഹോര്‍മോണുകളുടെ ഉത്പാദനത്തിന് തൈറോയ്ഡ് ഗ്രന്ഥിയാണ് സഹായിക്കുന്നത്.
ഈ ഹോര്‍മോണുകളുടെ അളവില്‍ കുറവോ കൂടുതലോ സംഭവിച്ചാല്‍ അത് ആരോഗ്യത്തെ പലരീതിയിലും ബാധിക്കാം. ശരീരഭാരത്തില്‍ വരുന്ന വ്യത്യാസത്തിന് പുറമെ അസ്വസ്ഥത, ഉത്കണ്ഠ- മൂഡ് ഡിസോര്‍ഡര്‍ പോലുള്ള മാനസികാരോഗ്യപ്രശ്നങ്ങള്‍, ക്ഷീണം, മുടി കൊഴിച്ചില്‍, ഉറക്കമില്ലായ്മ, ഡ്രൈ സ്കിൻ എന്നിങ്ങനെ പലവിധ പ്രയാസങ്ങളും ഇതുമൂലം നേരിടാം.
ഹോര്‍മോണ്‍ ഉത്പാദനം കുറയുന്ന 'ഹൈപ്പോതൈറോയ്ഡിസം', ഹോര്‍മോണ്‍ ഉത്പാദനം കൂടുന്ന 'ഹൈപ്പര്‍തൈറോയ്ഡിസം', തൈറോയ്ഡ് ഗ്രന്ഥി വീര്‍ത്തുവരുന്ന അവസ്ഥ 'ഗോയിറ്റര്‍', അതുപോലെ തൈറോയ്ഡ് ഗ്രന്ഥിയിലെ വളര്‍ച്ച 'തൈറോയ്ഡ് നോഡ്യൂള്‍സ്' എന്നിങ്ങനെയുള്ള നാല് പ്രശ്നങ്ങളാണ് പ്രധാനമായും തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കാനുള്ളത്.
ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുന്നതിനൊപ്പം മുമ്പേ സൂചിപ്പിച്ച ലക്ഷണങ്ങള്‍ കൂടി കാണുന്നപക്ഷം തൈറോയ്ഡ് ഗന്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാനുള്ള ടെസ്റ്റ് ചെയ്യാം. അതേസമയം ഈ ടെസ്റ്റ് മാത്രം ചെയ്താലും പോര. തൈറോയ്ഡ് പ്രശ്നങ്ങളില്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മറ്റ് ടെസ്റ്റുകളും നിര്‍ബന്ധമായും ചെയ്യേണ്ടതാണ്. തൈറോയ്ഡ് പ്രശ്നങ്ങളാണെങ്കില്‍ ഇതിന് മരുന്ന്, ഹോര്‍മോണ്‍ തെറാപ്പി, കൂടിയ സാഹചര്യങ്ങളില്‍ സര്‍ജറി എല്ലാം ചെയ്യാവുന്നതാണ്.
Also Read:- 30-40 വയസുള്ളവര്‍ ഉറക്കത്തില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ബാധിക്കാവുന്ന പ്രശ്നം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-