'ഹാര്‍ട്ട് അറ്റാക്ക്'ഉം തിങ്കളാഴ്ചകളും തമ്മിലൊരു ബന്ധം; പുതിയ പഠനം പറയുന്നത് കേള്‍ക്കൂ...

By Web Team  |  First Published Jun 5, 2023, 8:46 PM IST

ഒരുപക്ഷേ ഇത് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളും സമയവും തമ്മില്‍ പൊതുവിലുള്ള ബന്ധത്തിന്‍റെ തുടര്‍ച്ച തന്നെയാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് രാത്രിയിലെ ഉറക്കം, അതാത് സമയങ്ങളിലെ വിശപ്പ്, ദഹനം എന്നൊക്കെ പോലെ തന്നെ അസുഖങ്ങളും സമയവുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് ഇവര്‍ നല്‍കുന്ന സൂചന.


ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം എത്രമാത്രം ഗുരുതരമായ സാഹചര്യമാണെന്ന് നമുക്കെല്ലാം അറിയാം. പലപ്പോഴും ഹൃദയാഘാതം സംഭവിക്കുമ്പോള്‍ സമയത്തിന് രോഗിയെ ആശുപത്രിയില്‍ എത്തിക്കാൻ സാധിക്കാത്തതിനാലോ അല്ലെങ്കില്‍ സമയത്തിന് ചികിത്സ ലഭിക്കാത്തതിനാലോ ആണ് ഹൃദയാഘാതം സംഭവിച്ചവരില്‍ അവസ്ഥ ഗുരുതരമാവുകയോ മരണം സംഭവിക്കുകയോ ചെയ്യുന്നത്. 

ഇക്കാര്യം പല വിദഗ്ധരും പഠനങ്ങളും നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇത് നമുക്ക് എളുപ്പത്തില്‍ മനസിലാക്കാവുന്നതുമാണ്. എന്നാല്‍ ഹാര്‍ട്ട് അറ്റാക്കും അത് സംഭവിക്കുന്ന സമയവും തമ്മില്‍ ബന്ധമുണ്ടെന്ന് പറഞ്ഞാലോ?

Latest Videos

തീര്‍ച്ചയായും ഇത് നമുക്ക് പുതുമയുള്ളതോ അല്ലെങ്കില്‍ നമുക്ക് വിശ്വാസം തോന്നിക്കാത്തതോ ആയൊരു കാര്യമാണ്. എന്നാല്‍ ഇങ്ങനെയൊരു നിരീക്ഷണം പങ്കുവയ്ക്കുകയാണ് പുതിയൊരു പഠനം. അയര്‍ലൻഡില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. മാഞ്ചസ്റ്ററില്‍ നടന്ന 'ബ്രിട്ടീഷ് കാര്‍ഡിയോ വസ്കുലാര്‍ സൊസൈറ്റി' കോണ്‍ഫറൻസിലാണ് അയര്‍ലൻഡില്‍ നിന്നുള്ള ഗവേഷകര്‍ ഈ പഠനത്തിന്‍റെ വിശദാംശങ്ങള്‍ പങ്കുവച്ചത്. 

അതായത് ഹൃദയാഘാതങ്ങളില്‍ തന്നെ ഏറ്റവും ഗൗരവമുള്ള രീതിയിലുള്ള ഹൃദയാഘാതങ്ങള്‍ അധികവും സംഭവിക്കുന്നത് തിങ്കളാഴ്ചകളിലാണെന്നതാണ് ഇവരുടെ വ്യത്യസ്തമായ കണ്ടുപിടുത്തം. ഏതാണ്ട് 20,000ത്തിലധികം കേസുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ തങ്ങളുടെ പഠനം നടത്തിയിരിക്കുന്നത്. 

ഒരുപക്ഷേ ഇത് ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളും സമയവും തമ്മില്‍ പൊതുവിലുള്ള ബന്ധത്തിന്‍റെ തുടര്‍ച്ച തന്നെയാകാമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് രാത്രിയിലെ ഉറക്കം, അതാത് സമയങ്ങളിലെ വിശപ്പ്, ദഹനം എന്നൊക്കെ പോലെ തന്നെ അസുഖങ്ങളും സമയവുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് ഇവര്‍ നല്‍കുന്ന സൂചന. എന്നാലിതില്‍ കൂടുതല്‍ വ്യക്തത വരുത്താൻ ഗവേഷകര്‍ക്ക് സാധിച്ചിട്ടില്ല.

അതുപോലെ തന്നെ തിങ്കളാഴ്ചകളില്‍ ആളുകളില്‍ ജോലിസംബന്ധമായ സ്ട്രെസുകള്‍ കൂടുതലായി കാണുന്ന ദിനമാണ്, ഇതും ചിലപ്പോള്‍ ഹൃദയാഘാതങ്ങളുടെ എണ്ണം കൂട്ടാൻ ഇടയാക്കിയിരിക്കാമെന്നും ഗവേഷകര്‍ പറയുന്നു. സ്ട്രെസ് വര്‍ധിക്കുന്നത് ഹൃദയാഘാതത്തിന് കൂടുതല്‍ സാധ്യത ഒരുക്കാറുണ്ട്. 

എന്തായാലും കാരണങ്ങള്‍ കൃത്യമായി വിശദീകരിക്കാൻ സാധിച്ചില്ലെങ്കിലും തീര്‍ത്തും വ്യത്യസ്തമായ നിരീക്ഷണം പങ്കുവയ്ക്കാൻ ഗവേഷകര്‍ക്കായി എന്ന് വേണം പറയാൻ. ഒപ്പം തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടക്കേണ്ടതുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

Also Read:- ട്രെയിനപകടത്തിന്‍റെ അവശേഷിപ്പുകള്‍; വേദനയായി ഈ കാഴ്ചകള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:- 

 

click me!