ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട് എന്ന ആവശ്യം തന്നെയാണ് ഇപ്പോഴും ഗവേഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഇക്കാര്യത്തില്‍ തുടരുന്ന ജാഗ്രതയില്ലായ്മ അപകടമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു
കൊവിഡ് 19 ( Covid 19 ) മഹാമാരിയെ ഫലപ്രദമായി ചെറുക്കാന്‍ വാക്‌സിന്‍ മാത്രമാണ് നിലവില്‍ നമുക്ക് ലഭ്യമായ മാര്‍ഗം. രോഗം പിടിപെടാതിരിക്കാന്‍ കഴിയാവുന്ന മുന്നൊരുക്കങ്ങളെല്ലാം നമുക്ക് തേടാമെങ്കില്‍ കൂടിയും വാക്‌സിന്‍ ( Covid Vaccine ) നല്‍കുന്ന ഉറപ്പിനോളം അതൊന്നും വരികയില്ല.
വാക്‌സിന്‍ സ്വീകരിച്ചാലും കൊവിഡ് പിടിപെടുന്നുണ്ട്. എന്നാല്‍ രോഗത്തിന്റെ തീവ്രത നല്ലരീതിയില്‍ കുറയ്ക്കാനും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട തരത്തിലേക്ക് രോഗലക്ഷണങ്ങള്‍ വഷളാകുന്നത് തടയാനുമാണ് വാക്‌സിന്‍ പ്രധാനമായും പ്രയോജനപ്പെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു.
undefined
വാക്‌സിന്‍ തന്നെ ഓരോ പ്രായക്കാരിലും ഓരോ ആരോഗ്യാവസ്ഥയിലുള്ളവരിലും വ്യത്യസ്തമായ രീതിയിലായിരിക്കാം പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് പ്രായത്തെ അടിസ്ഥാനപ്പെടുത്തിയും മറ്റും പട്ടികപ്പെടുത്തിക്കൊണ്ട് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ആരോഗ്യാവസ്ഥയും ഇതില്‍ വളരെ പ്രാധാന്യമുള്ള ഘടകം തന്നെ.
ഇത്തരത്തില്‍ ഗര്‍ഭിണികള്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള ആശയക്കുഴപ്പങ്ങളും ആശങ്കകളും നിലനിന്നിരുന്നു. പലരും ഗര്‍ഭിണികളെ വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിലക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗര്‍ഭിണികള്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് കൊണ്ട് പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് വിദഗ്ധരെല്ലാം തന്നെ അഭിപ്രായപ്പെടുന്നത്.
എങ്കിലും സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായ രീതിയില്‍ ഗര്‍ഭിണികളില്‍ വാക്‌സിന്‍ പ്രവര്‍ത്തിക്കാനുള്ള സാധ്യതള്‍ കാണാം. ഈ നിരീക്ഷണം പല പഠനറിപ്പോര്‍ട്ടുകളും പങ്കുവച്ചിട്ടുമുണ്ട്. ഇതുമായി ചേര്‍ത്തുവെക്കാവുന്ന മറ്റൊരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണിപ്പോള്‍.
ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ആദ്യ ഡോസ് വാക്‌സിന്‍ പ്രതിരോധ ശേഷിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നാണ് പഠനം പറയുന്നത്. 'സയന്‍സ് ട്രാന്‍സിഷണല്‍ മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
ഗര്‍ഭിണികളോ മുലയൂട്ടുന്നവരോ അല്ലാത്ത സ്ത്രീകളെ താരതമ്യപ്പെടുത്തുമ്പോള്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും ആദ്യ ഡോസ് വാക്‌സിന്‍ പ്രതിരോധശേഷിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നും എന്നാല്‍ രണ്ടാമത് ഡോസ് സ്വീകരിക്കുമ്പോള്‍ പ്രതിരോധശേഷിയില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും രോഗകാരിക്കെതിരായ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും പഠനം പറയുന്നു.
ഗര്‍ഭിണികള്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യമാണ് പ്രധാനമായും ഈ പഠനം ചൂണ്ടിക്കാട്ടുന്നത്. ഫൈസര്‍, മൊഡേണ, ബയോഎന്‍ടെക് വാക്‌സിനുകളാണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗിച്ചിട്ടുള്ളത്.
കൊവിഡ് ബാധിതരായാല്‍ ഗര്‍ഭിണികളില്‍ ലക്ഷണങ്ങള്‍ തീവ്രമാകാനുള്ള സാധ്യതള്‍ കൂടുതലാണ്. ഇത് കുഞ്ഞിനെയും അമ്മയെയും ഒരേസമയം മോശമായി ബാധിക്കാം. അതിനാല്‍ തന്നെ സുരക്ഷിതത്വത്തിനായി വാക്‌സിന്‍ സ്വീകരിക്കുന്നതാണ് ഉചിതം.
എന്തായാലും ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും വാക്‌സിന്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പല വിഷയങ്ങളും ഇനിയും പഠനവിധേയമാക്കേണ്ടതുണ്ട് എന്ന ആവശ്യം തന്നെയാണ് ഇപ്പോഴും ഗവേഷകരുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. ഇക്കാര്യത്തില്‍ തുടരുന്ന ജാഗ്രതയില്ലായ്മ അപകടമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
Also Read:- കൊവിഡ് വാക്സിന്‍ ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുമോ? പഠനം പറയുന്നത്