'ഇറച്ചി വിഭവങ്ങളിലും ബിയറിലും ക്യാൻസറിന് കാരണമാകുന്ന കെമിക്കലുകള്‍!'

By Web Team  |  First Published Apr 10, 2023, 2:29 PM IST

ഇറച്ചി വിഭവങ്ങളില്‍ മാത്രമല്ല ബിയര്‍, പ്രോസസ്ഡ് ഫിഷ്, ആല്‍ക്കഹോളിക് ആയ മറ്റ് പാനീയങ്ങള്‍ എന്നിങ്ങനെ പല വിഭവങ്ങളിലും 'നൈട്രോസാമൈൻസ്' സാന്നിധ്യം കണ്ടെത്തിയതായാണ് ഇവര്‍ അറിയിക്കുന്നത്. ഏറ്റവുമധികം ഇത് അടങ്ങിയിട്ടുള്ളത് ഇറച്ചി വിഭവങ്ങളില്‍ തന്നെയാണെന്ന് പഠനം എടുത്ത് പറയുന്നുണ്ട്.  


നാം കഴിക്കുന്ന ഭക്ഷണം എന്താണോ അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. നിത്യജീവിതത്തിലെ ആരോഗ്യത്തെ കുറിച്ച് മാത്രമല്ല ഭാവിയില്‍ ബാധിക്കപ്പെടാവുന്ന അസുഖങ്ങള്‍- ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം ഇന്ന് നാം കഴിക്കുന്ന ഭക്ഷണത്തെ വലിയൊരു പരിധി വരെ ആശ്രയിച്ചിരിക്കുന്നു. 

ഇപ്പോഴാണെങ്കില്‍ അധികവും വിപണിയെ ആശ്രയിച്ചാണ് നമ്മുടെ ഭക്ഷണസംസ്കാരം മുന്നോട്ട് പോകുന്നത്. ഫ്രഷ് ആയിട്ടുള്ള ഭക്ഷണസാധനങ്ങളുടെ ലഭ്യതയില്ലായ്മ, അതുപോലെ തിരക്കുള്ള ജീവിതസാഹചര്യങ്ങളില്‍ എപ്പോഴും പാചകം ചെയ്യാൻ സമയം തികയാതെ വരുന്ന അവസ്ഥയെല്ലാം കൂടുതലും റെഡി-മെയ്ഡ് ഭക്ഷണങ്ങളിലേക്ക്- അതായത് പ്രോസസ്ഡ് ഭക്ഷണങ്ങളിലേക്ക് നമ്മെ ചലിപ്പിക്കുന്നു. 

Latest Videos

എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് വലിയവെല്ലുവിളിയാണ് സൃഷ്ടിക്കുകയെന്ന് നേരത്തെ മുതല്‍ തന്നെ പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇപ്പോഴിതാ ഇതുമായി ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു പഠനറിപ്പോര്‍ട്ടാണ് ഏറെ ശ്രദ്ധേയമാകുന്നത്. യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസിയില്‍ നിന്നുള്ള ഗവേഷകരമാണ് പഠനം നടത്തിയിരിക്കുന്നത്.

ആളുകള്‍ ഇന്ന് വ്യാപകമായി വാങ്ങി ഉപയോഗിക്കുന്ന പ്രോസസ് ചെയ്ത ഇറച്ചി വിഭവങ്ങളില്‍ ക്യാൻസറിന് കാരണമായി വരുന്ന 'നൈട്രോസാമൈൻസ്' എന്ന കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട് എന്നാണിവരുടെ കണ്ടെത്തല്‍. ഇറച്ചി വിഭവങ്ങളില്‍ മാത്രമല്ല ബിയര്‍, പ്രോസസ്ഡ് ഫിഷ്, ആല്‍ക്കഹോളിക് ആയ മറ്റ് പാനീയങ്ങള്‍ എന്നിങ്ങനെ പല വിഭവങ്ങളിലും 'നൈട്രോസാമൈൻസ്' സാന്നിധ്യം കണ്ടെത്തിയതായാണ് ഇവര്‍ അറിയിക്കുന്നത്. ഏറ്റവുമധികം ഇത് അടങ്ങിയിട്ടുള്ളത് ഇറച്ചി വിഭവങ്ങളില്‍ തന്നെയാണെന്ന് പഠനം എടുത്ത് പറയുന്നുണ്ട്.  

ഏറെ ആശങ്കപ്പെടുത്തുന്നൊരു വിവരം തന്നെയാണ് ഗവേഷകര്‍ പങ്കുവച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്ന പഠനറിപ്പോര്‍ട്ട് ഇപ്പോള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. 

ഈ വിഭവങ്ങളിലൊന്നും 'നൈട്രോസാമൈൻസ്'  ബോധപൂര്‍വം ചേര്‍ക്കുന്നതല്ലത്രേ. മറിച്ച്, വിഭവങ്ങള്‍ തയ്യാറാക്കുകയും പ്രോസസ് ചെയ്തെടുക്കുകയും ചെയ്യുമ്പോള്‍ ഇവ തനിയെ രൂപപ്പെട്ട് വരികയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ഏത് പ്രായത്തിലുള്ളവരെയും ഏത് ആരോഗ്യാവസ്ഥയിലുള്ളവരെയും ഇത് ദോഷകരമായി ബാധിക്കാനുള്ള സാധ്യതകളുണ്ടെന്നും അതിനാല്‍ തന്നെ കൂടുതല്‍ പഠനങ്ങളും നടപടികളുമെല്ലാം തങ്ങളുടെ പഠനറിപ്പോര്‍ട്ടിന് മുകളില്‍ വരണമെന്നാണ് യൂറോപ്യൻ ഫുഡ് സേഫ്റ്റി ഏജൻസിയില്‍ നിന്നുള്ള ഗവേഷകര്‍ ആവശ്യപ്പെടുന്നത്. 

വളരെയധികം ബാലൻസ് ചെയ്തുകൊണ്ടുള്ള ഒരു ഡയറ്റ് തെരഞ്ഞെടുക്കുക, എല്ലാ തരം ഭക്ഷണങ്ങളും ഉള്‍പ്പെടുത്തിയ ഡയറ്റായിരിക്കണം അത്, ഫ്രഷ് ആയി കിട്ടുന്ന പച്ചക്കറികള്‍, പഴങ്ങള്‍, ഇറച്ചി- മീൻ എന്നിവയാകണം ഡയറ്റിലുള്‍പ്പെടുത്തേണ്ടത്, ആല്‍ക്കഹോളിക് ആയ പാനീയങ്ങളില്‍ നിന്ന് അകന്നുനില്‍ക്കു എന്നീ കാര്യങ്ങളാണ് ഈ വെല്ലുവിളിയില്‍ നിന്ന് മുക്തരാകാൻ നമുക്ക് ചെയ്യാവുന്ന കാര്യങ്ങള്‍.

Also Read:- 'ഹെല്‍ത്തി'യാണെന്ന് ആളുകള്‍ പൊതുവെ തെറ്റിദ്ധരിക്കാറുള്ള ഭക്ഷണങ്ങള്‍...

 

click me!