മധുരം അമിതമാകുമ്പോള്‍ അത് പല രീതിയിലാണ് ആരോഗ്യത്തെ ബാധിക്കുക. ഇങ്ങനെ അധികമായി മധുരം കഴിക്കുന്നത് ഹൃദയത്തിനും ദോഷമാണെന്ന് നിങ്ങള്‍ പറഞ്ഞുകേട്ടിരിക്കും. ഇതിലെന്തെങ്കിലും സത്യമുണ്ടോ?
ആരോഗ്യകാര്യങ്ങളില്‍ ജാഗ്രതയുള്ളവരെല്ലാം തന്നെ മധുരം കഴിക്കുന്ന കാര്യത്തിലും അല്‍പം ജാഗ്രത പാലിക്കാറുണ്ട്. പ്രമേഹരോഗികള്‍ മാത്രമല്ല, പ്രമേഹമില്ലാത്തവരും ഇത്തരത്തില്‍ മധുരം നിയന്ത്രിച്ചുതന്നെ ശീലിക്കുന്നതാണ് നല്ലത്. കാരണം മധുരം അമിതമാകുമ്പോള്‍ അത് പല രീതിയിലാണ് ആരോഗ്യത്തെ ബാധിക്കുക.
ഇങ്ങനെ അധികമായി മധുരം കഴിക്കുന്നത് ഹൃദയത്തിനും ദോഷമാണെന്ന് നിങ്ങള്‍ പറഞ്ഞുകേട്ടിരിക്കും. ഇതിലെന്തെങ്കിലും സത്യമുണ്ടോ?
ഉണ്ടെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ 'ബിഎംസി മെഡിസിനി'ല്‍ ആണ് പഠനറിപ്പോര്‍ട്ട് വന്നിരിക്കുന്നത്. മധുരം അധികമായി എത്തുമ്പോള്‍ ശരീരത്തില്‍ 'ട്രൈഗ്ലിസറൈഡ്സ്' എന്ന കൊഴുപ്പ് കൂടുന്നു. ഭക്ഷണത്തിലൂടെ കിട്ടുന്ന കലോറിയില്‍ അപ്പോള്‍ ആവശ്യമില്ലാത്തത് ശരീരം 'ട്രൈഗ്ലിസറൈഡ്സ്' ആയി മാറ്റി കോശങ്ങളില്‍ എടുത്തുവയ്ക്കുകയും പിന്നീട് ഊര്‍ജ്ജം ആവശ്യമായി വരുമ്പോള്‍ അത് ഉപയോഗിക്കപ്പെടുകയുമാണ് ചെയ്യുന്നത്.
ഈ 'ട്രൈഗ്ലിസറൈഡ്സ്' കൂടുമ്പോള്‍ അത് ഹൃദയത്തില്‍ രക്തയോട്ടം കുറയ്ക്കുന്നു. ഇങ്ങനെ ഹൃദയം ബാധിക്കപ്പെടുന്നു.
തങ്ങളുടെ പഠനത്തിനായി ഗവേഷകര്‍ ഒരു ലക്ഷത്തിലധികം പേരെ പ്രയോജനപ്പെടുത്തി. ഇവര്‍ ദിവസവും കഴിക്കുന്ന ഭക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് പട്ടികപ്പെടുത്തി. ശേഷം ഇവരുടെ ശരീരത്തില് 'ട്രൈഗ്ലിസറൈഡ്സ്' ലെവലും ഹൃദയാരോഗ്യവും പരിശോധിച്ചുവന്നു.
ഇതോടെ മധുരം കാര്യമായ അളവില്‍ കഴിക്കുന്നവരില്‍ ഹൃദയം അപകടത്തിലാകാനുള്ള സാധ്യത കൂടുതലാണെന്നും ഇവര്‍ കണ്ടെത്തി. പ്രത്യേകിച്ച് ആഡഡ് ഷുഗറാണ് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതത്രേ.
ചെയ്യാനാകുന്നത്...
മധുരം പൊതുവില്‍ തന്നെ ആരോഗ്യത്തിന് നല്ലതല്ല എന്നതിനാലും ഹൃദയത്തെ പോലും ബാധിക്കുന്നതിനാലും മധുരം നിയന്ത്രിക്കുന്നത് തന്നെയാണ് എപ്പോഴും ഉചിതം. വൈറ്റ് ഷുഗര്‍ ഒഴിവാക്കി പകരം ബ്രൗണ്‍ ഷുഗര്‍- തേൻ എന്നിവ പരിമിതമായ അളവില്‍ ഉപയോഗിക്കാം. അതുപോലെ മധുരത്തിന് ആഗ്രഹം തോന്നുമ്പോള്‍ പലഹാരങ്ങളിലേക്കോ ബേക്കറിയിലേക്കോ തിരിയാതെ പഴങ്ങള്‍ കഴിച്ച് ശീലിക്കുന്നതും നല്ലതാണ്. പഴങ്ങളിലും നിഷശ്ചിത അളവില്‍ മധുരം അടങ്ങിയിട്ടുണ്ട്.
ദാഹിക്കുമ്പോള്‍ ബോട്ടില്‍ഡ് മധുരപാനീയങ്ങളോ ജ്യൂസുകളോ കഴിക്കുന്ന ശീലമുണ്ടെങ്കില്‍ അതും ഉപേക്ഷിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ പരമാവധി കുറയ്ക്കുക. കാരണം ഇവയിലൂടെയെല്ലാം വലിയ അളവിലാണ് നമ്മളിലേക്ക് മധുരമെത്തുക. അതുപോലെ പാക്കേജ്ഡ് വിഭവങ്ങളോ പാനീയങ്ങളോ എല്ലാം വാങ്ങിക്കുമ്പോള്‍ ഇതിന് പുറത്ത് എത്ര ആഡഡ് ഷുഗറുണ്ടെന്നത് വായിക്കണം. ഇത് കൂടുതലാണെങ്കില്‍ ആ ഉത്പന്നം ഉപയോഗിക്കാതിരിക്കാം. പലരും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ലെന്നതാണ് സത്യം.
മധുരമൊഴിവാക്കുന്നതിന് പകരം ഉപയോഗിക്കുന്ന 'സ്വീറ്റ്‍നറുകള്‍'ഉം അത്ര ആരോഗ്യകരമല്ല. പലരും ഇതറിയാതെ മധുരമൊഴിവാക്കി പകരം ഇവ ഉപയോഗിക്കാറുണ്ട്. വിവിധ വിഭവങ്ങള്‍ തയ്യാറാക്കുമ്പോള്‍ പ്രത്യേകിച്ച് ഡിസേര്‍ട്ടുകളാകുമ്പോള്‍ അതിലേക്ക് മധുരത്തിന് പകരം ബദാം എക്സ്ട്രാക്ട്, വനില- ഓറഞ്ച് എക്സ്ട്രാക്ട് എല്ലാം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തില്‍ കഴിയാവുന്ന രീതിയിലെല്ലാം മധുരം നിയന്ത്രിച്ചുപോകാം. എന്നാല്‍ ഡയറ്റീഷ്യന്‍റെയോ, ഡോക്ടറുടെയോ നിര്‍ദേശമില്ലാതെ പൂര്‍ണമായി മധുരം ഒഴിവാക്കുകയും അരുത്. സ്വന്തം ഇഷ്ടാനുസരണം ഡയറ്റില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് എപ്പോഴും റിസ്ക് ആണെന്നും മനസിലാക്കുക.
Also Read:- ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് വെല്ലുവിളിയോ?