തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് ഒരുപോലെ വേണ്ട ഒന്നാണ് ബയോട്ടിൻ. വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്.
ശരീരത്തിന് ഏറെ ആവശ്യമായ വിറ്റാമിൻ ബികളിൽ ഒന്നാണ് ബയോട്ടിൻ. ചർമ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിന് ഒരുപോലെ വേണ്ട ഒന്നാണ് ബയോട്ടിൻ. വിറ്റാമിൻ-ബി 7 എന്നും അറിയപ്പെടുന്ന ബയോട്ടിൻ ഭക്ഷണത്തിലൂടെ നമുക്ക് ലഭിക്കുന്ന ഒരു പോഷകമാണ്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് അനുസരിച്ച്, ബയോട്ടിന്‍റെ പ്രതിദിന മൂല്യം (ഡിവി) എന്നത് 30 മൈക്രോഗ്രാം ആണ്. എന്നാൽ നിങ്ങളുടെ ശരീരത്തിന് എല്ലാ ദിവസവും ആവശ്യമായ അളവിൽ ബയോട്ടിൻ ലഭിക്കുന്നുണ്ടോ എന്ന് നിങ്ങൾക്ക് എങ്ങനെ തിരിച്ചറിയാം? ബയോട്ടിൻ കുറവിന്‍റെ ചില ലക്ഷണങ്ങളെ തിരിച്ചറിയാം.
1. തലമുടി കൊഴിച്ചില്‍
ബയോട്ടിന്‍റെ കുറവു മൂലം തലമുടി കൊഴിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ അമിതമായ മുടി കൊഴിച്ചിലിനെ നിസാരമായി കാണേണ്ട.
2. ചര്‍മ്മ പ്രശ്നങ്ങള്‍
ചര്‍മ്മത്തിലെ ചുവന്ന പാടുകള്‍, ചെതുമ്പൽ പോലെയുള്ള പാടുകൾ, പ്രത്യേകിച്ച് നിങ്ങളുടെ കണ്ണുകൾ, മൂക്ക് അല്ലെങ്കിൽ വായ എന്നിവയ്ക്ക് ചുറ്റുമുള്ള പാടുകള്‍ ചിലപ്പോള്‍ ബയോട്ടിൻ കുറവിന്‍റെ മറ്റൊരു ലക്ഷണമാകാം. ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്തുന്നതിന് ബയോട്ടിൻ അത്യന്താപേക്ഷിതമാണ്, ഇവയുടെ കുറവ് മൂലം ചര്‍മ്മം വരണ്ടതാകാം.
3. പൊട്ടുന്ന നഖങ്ങൾ
ബയോട്ടിന്‍റെ കുറവ് മൂലം നഖങ്ങളുടെ ആരോഗ്യവും മോശമാകാം. ഇത് നിങ്ങളുടെ നഖങ്ങളെ ദുർബലവും പൊട്ടുന്നതുമാക്കുകയും ചെയ്യും.
4. അമിത ക്ഷീണം
ഒരു രാത്രി മുഴുവൻ നന്നായി ഉറങ്ങിയിട്ടും നിരന്തരം ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ അതും ബയോട്ടിൻ കുറവ് മൂലമാകാം. ബയോട്ടിൻ നിങ്ങളുടെ ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ സഹായിക്കുന്നു. അതില്ലെങ്കിൽ, നിങ്ങളുടെ ഊർജനില താഴ്ന്ന നിലയിൽ തുടരുകയും നിങ്ങൾക്ക് എല്ലായ്‌പ്പോഴും അലസത അനുഭവപ്പെടുകയും ചെയ്‌തേക്കാം.
5. കൈ- കാലുകളിലെ മരവിപ്പ്
ബയോട്ടിൻ കുറവ് മൂലം കൈ- കാലുകളില്‍ മരവിപ്പ് ഉണ്ടാകാം. കാരണം നിങ്ങളുടെ ശരീരത്തിലെ നാഡീവ്യവസ്ഥയുടെ പല പ്രവർത്തനങ്ങളെയും ബയോട്ടിൻ സഹായിക്കുന്നു. ഇതിന്‍റെ കുറവ് മൂലം ഇത്തരത്തില്‍ മരവിപ്പ് ഉണ്ടാകാം.
ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും നഖങ്ങളുടെയും ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ബയോട്ടിന്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
മുട്ട, മധുരക്കിഴങ്ങ്, മഷ്റൂം, ചീര, സോയാ ബീന്‍സ്, ബദാം, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയില്‍ നിന്നൊക്കെ ശരീരത്തിന് വേണ്ട ബയോട്ടിന്‍ ലഭിക്കും.
ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വിറ്റാമിന്‍ 'എ'യുടെ കുറവ്; അറിയാം ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍