പബ്ജി, ഫ്രീ ഫയർ തുടങ്ങിയ ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നുള്ളതിന്റെ ഉദാഹരണമായി ഈ സംഭവത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഉറക്കത്തിലും മൊബൈലിൽ ഗെയിം കളിക്കുന്നത് പോലെ കൈ ചലിക്കുന്നു... ഉറക്കെ വെടി... വെടിവയ്ക്കൂ എന്നെല്ലാം വിളിച്ച് പറയുന്നു... സ്മാർട്ട്ഫോണിൽ തുടർച്ചയായി ഗെയിം കളിച്ചിരുന്ന 15കാരന് സംഭവിച്ച അവസ്ഥയാണിത്. രാജസ്ഥാനിലെ അൽവാറിലാണ് സംഭവം. മൊബൈൽ ഫോൺ ഗെയിമിനോടുള്ള ആസക്തി കുട്ടിയെ, കൗൺസിലിങ്ങിനും ചികിത്സയ്ക്കുമായി ഒരു കെയർ ഫെസിലിറ്റിയിൽ എത്തിച്ചിരിക്കുകയാണ്.
കൗമാരക്കാരൻ ആറ് മാസത്തോളം തുടർച്ചയായി ദിവസം 15 മണിക്കൂർ മൊബൈൽ ഗെയിമുകൾ കളിച്ചുവെന്നാണ് റിപ്പോർട്ടുകൾ. പബ്ജി, ഫ്രീ ഫയർ തുടങ്ങിയ ഓൺലൈൻ ഗെയിമുകൾ കുട്ടികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്നുള്ളതിന്റെ ഉദാഹരണമായി ഈ സംഭവത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന കുട്ടി മൊബൈൽ ഗെയിമിംഗിന് അടിമപ്പെട്ട് മാനസികാരോഗ്യം മോശമായ അവസ്ഥയിലാണ്.
മൊബൈലിലെ ഫ്രീ ഫയർ, ബാറ്റിൽ റോയൽ ഗെയിം തുടങ്ങിയ ഓൺലൈൻ ഗെയിമുകളോടുള്ള ആസക്തിയാണ് കാരണം. കുട്ടിയുടെ ഗെയിമിംഗ് ശീലങ്ങൾ നിയന്ത്രിക്കാൻ കുടുംബം ആദ്യം രണ്ട് മാസത്തേക്ക് ശ്രമിച്ചു. അതിനിടെയിലും ലഭിച്ച അവസരങ്ങളിലെല്ലാം കുട്ടി മൊബൈലിൽ പബ്ജി പോലുള്ള ഗെയിമുകൾ കളിക്കുന്നത് തുടർന്നു. സൈക്യാട്രിസ്റ്റുകളുടെയും ഡോക്ടർമാരുടെയും ഒരു സംഘം നിലവിൽ കുട്ടിക്കാവശ്യമായ വൈദ്യസഹായം നൽകുന്നുണ്ട്.
അവരുടെ പരിചരണത്തിൽ കുട്ടിയുടെ നില പുരോഗമിച്ചിട്ടുണ്ട്. കുട്ടിയുടെ അമ്മ വീടുകളിൽ ജോലി എടുത്തും അച്ഛൻ റിക്ഷാ വലിച്ചുമാണ് കുടുംബം മുന്നോട്ട് കൊണ്ട് പോകുന്നത്. മൊബൈൽ ഗെയിമുകളോടുള്ള ആസക്തി കാരണം, കുട്ടി തന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും ഭക്ഷണവും പോലും അവഗണിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുടുംബം ചികിത്സ തേടിയത്. എത്രയും വേഗം കുട്ടി സുഖം പ്രാപിക്കുമെന്ന പ്രകീക്ഷയിലാണ് കുടുംബം. ഡോക്ടർമാർ ഇതിനായുള്ള പരിശ്രമങ്ങളും തുടരുകയാണ്.